ചരിത്രം വികലമാക്കുന്നത് രാജ്യത്തോടുള്ള വെല്ലുവിളി
കൊച്ചി- ചരിത്രത്തെ വികലമാക്കി അവതരിപ്പിക്കുന്നത് രാജ്യത്തോടുള്ള വെല്ലുവിളിയാണെന്ന് മഹാത്മ ഗാന്ധിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി അഭിപ്രായപ്പെട്ടു. സംഘപരിവാർ പ്രചാരകർ വ്യത്യസ്തവും വികൃതവുമായ ആശയങ്ങൾ കൊണ്ടുവന്ന് നിലവിലെ ചരിത്ര രേഖകളിൽ ബോധപൂർവ്വം സംശയങ്ങൾ സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള സബർമതി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച പ്രഭാഷണം 'മിസ്സ്റ്റേറ്റി'ൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേതൃത്വങ്ങൾ വരുന്നതും പോകുന്നതും കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അവരിൽ നിന്ന് സാധാരണക്കാർക്ക് വേണ്ടത് വാഗ്ദാനങ്ങൾക്ക് പകരം നിസ്സീമമായ സ്‌നേഹവും പരിഗണനയുമാണ്. ഗാന്ധിജി ഇന്ത്യൻ മണ്ണിലൂടെ നടന്ന് സാധാരണക്കാരുടെ ഹൃദയമിടിപ്പ് തൊട്ടറിഞ്ഞാണ് രാഷ്ട്രനിർമ്മാണത്തിനായി മുന്നിട്ടിറങ്ങിയത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
പൂർവികരുടെ ത്യാഗത്തിന്റെ സ്മരണകൾ മറക്കാതിരിക്കാൻ ഇന്ന് ഒരാൾ എഴുന്നേറ്റു നിന്ന് രാജ്യം മുഴുവൻ നടക്കുന്നതിന്റെ നേർക്കാഴ്ചയാണ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിലൂടെ യാഥാർത്ഥ്യമാക്കുന്നത്. തെരഞ്ഞെടുപ്പ് ജയത്തേക്കാൾ ഉപരി ഈ ആശയധാരയുടെ വിജയമാണ് പ്രധാനമെന്ന് മനസ്സിലാക്കി എല്ലാവരും അതിനെ പിന്തുണക്കണം. ചൂണ്ടിക്കാണിക്കാൻ ചരിത്രരേഖകളും മാനങ്ങളുമില്ലാത്ത ഭരണ രാഷ്ടീയ പ്രസ്ഥാനങ്ങൾ നാടിന്റെ ബാധ്യതയാണെന്നും കോൺഗ്രസ്സിന് മാത്രമേ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ പങ്കുള്ളൂവെന്നും ബാക്കിയുള്ളവർക്കെല്ലാം വിദേശികളോട് മാപ്പെഴുതി കൊടുത്ത ചരിത്രമാണുള്ളതെന്നും തുഷാർ ഗാന്ധി പറഞ്ഞു.
ജനുവരി 30ന് ഗോഡ്സെ ഗാന്ധിജിയുടെ നെഞ്ചിലേക്ക് വെടി ഉതിർത്തപ്പോൾ അതിന് ഓർഡർ കൊടുത്ത ആർ.എസ്.എസ് ഇന്ന് ഓരോ ജനുവരി 30നും പുതിയ കഥകളുമായി വരുന്നു.
വെറുപ്പിന്റെയും കൊലയുടെയും ഏജന്റുമാരായ അവർ ജയിക്കുന്നത് നമ്മുടെ ജാഗ്രതക്കുറവ് കൊണ്ടാണെന്നും രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്തവരുടെ പിൻതലമുറ ഇത് കണ്ട് നിശ്ശബ്ദമായിരിക്കാൻ പാടില്ലെന്നും വിദ്യാർഥികളുടേയും അധ്യാപകരുടെയും സദസ്സിന്റെയും ചോദ്യങ്ങൾക്കുള്ള ഉത്തരമായി അദ്ദേഹം പറഞ്ഞു.
പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന് ഗാന്ധിജി പറഞ്ഞ 1942ൽനിന്ന് വലിയ വ്യത്യാസമില്ല 2023ലെ ഇന്ത്യൻ സാഹചര്യത്തിലെന്നും അന്ന് വിദേശികളോടാണ് പോരാടേണ്ടിയിരുന്നതെങ്കിൽ ഇന്നത് സ്വദേശി ഫാസിസ്റ്റുകളോടാണെന്ന വ്യത്യാസം മാത്രമേയുള്ളുവെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ചടങ്ങിൽ ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷനായിരുന്നു. ഡോ. എം.സി ദിലീപ് കുമാർ , ഡോ. ടി.എസ് ജോയ്, സി. ആർ നീലകണ്ഠൻ, ജെബി മേത്തർ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, എ.ഐ.സി.സി സെക്രട്ടറി ശ്രീനിവാസൻ കൃഷ്ണൻ, വി .ജെ പൗലോസ്, ദീപ്തി മേരി വർഗ്ഗീസ്, കെ .പി ധനപാലൻ, ഐ .കെ രാജു, ടോണി ചമ്മിണി, ഡോ. ജിന്റോ ജോൺ, ഡോ. ജാക്‌സൻ തോട്ടുങ്കൽ, അഡ്വ. കെ.ബി. സാബു, ഷൈജു കേളന്തറ എന്നിവർ പ്രസംഗിച്ചു.