- ആരേയും രക്ഷിക്കാനായില്ലെന്ന് സൈന്യം. തിരിച്ചറിഞ്ഞത് 35 പേരെ. കാലാവസ്ഥ വില്ലനായില്ലെന്നും റിപ്പോർട്ട്
കാഠ്മണ്ഡു - നേപ്പാളിലുണ്ടായ വിമാന ദുരന്തത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന 72 പേരും മരിച്ചതായി സ്ഥിരീകരണം. സംഭവസ്ഥലത്തെ ചില സോഴ്‌സുകളെ ഉദ്ധരിച്ച് മലയാളം ന്യൂസ് വിമാനത്തിലുണ്ടായിരുന്ന 72 പേരും മരിച്ചതായുള്ള അനൗദ്യോഗിക വിവരം ഇന്നലെ പുറത്തുവിട്ടിരുന്നു. വിമാനത്തിൽ ഉണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ലെന്ന് നേപ്പാൾ സൈനിക വക്താവ് ഇന്ന് സ്ഥിരീകരിച്ചു. ഇതുവരെയായി 35 പേരുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. മൃതദേഹം പൊഖാറ അക്കാദമി ഓഫ് ഹെൽത്ത് സയൻസസിലാണ് സൂക്ഷിച്ചിട്ടുള്ളത്.
അതിനിടെ വിമാന ദുരന്തത്തിന്റെ അന്വേഷണത്തിൽ നിർണായക വിവരങ്ങൾ നൽകുന്ന ബ്ലാക് ബോക്‌സ് കണ്ടെത്തി. അപകടത്തിൽ തകർന്ന യതി എയർലൈൻസിന്റെ എ.ടി.ആർ 72 വിമാനത്തിന്റെ ഫ്‌ളൈറ്റ് ഡാറ്റ റെക്കോഡറും കോക്പിറ്റ് വോയ്‌സ് റെക്കോഡറും കണ്ടെത്തിയിട്ടുണ്ട്.
അപകടത്തിന് ഒരു മിനിറ്റ് മുമ്പും പൈലറ്റ് എയർ ട്രാഫിക് കൺട്രോളുമായി സംസാരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. നേരിയ മഞ്ഞുണ്ടായിരുന്നെങ്കിലും വിമാനത്താവളത്തിൽ ആവശ്യമായ കാഴ്ച്ചാപ്രശ്‌നങ്ങളോ കാലാവസ്ഥാ പ്രശ്‌നങ്ങളോ ഇല്ലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഇതോടെ യന്ത്രത്തകരാറ് അല്ലെങ്കിൽ പൈലറ്റിന്റെ പിഴവ് എന്നീ സാധ്യതകളിലേക്കാണ് വിദഗ്ധർ വിരൽ ചൂണ്ടുന്നത്.
യതി എയർലൈൻസ് അവരുടെ എല്ലാ സർവീസുകളും നിർത്തിവെച്ച് നേപ്പാൾ ജനതയോടൊപ്പം ഇന്ന് ഔദ്യോഗിക ദുഃഖാചരണം നടത്തി. നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹലിന്റെ നിർദേശപ്രകാരം രൂപീകരിച്ച അഞ്ചംഗ വിദഗ്ധ സമിതിക്ക് അപകടം സംബന്ധിച്ച റിപ്പോർട്ട് നല്കാൻ 45 ദിവസമാണ് സമയം അനുവദിച്ചിരിക്കുന്നത്.
അപകടത്തിൽ മരിച്ച യു.പി സ്വദേശികളുടെ മൊബൈൽ ഫോണിൽ നിന്ന് ദുരന്തത്തിന്റെ നടുക്കുന്ന അവസാന സമയ ദൃശ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്താനുള്ള നാലുപേരുടെ മൃതദേഹങ്ങൾക്കായി ഇപ്പോഴും തിരിച്ചിൽ തുടരുകയാണ്.