Sorry, you need to enable JavaScript to visit this website.

250 വിമാനങ്ങള്‍ കൂടി; ഫ്‌ളൈ നാസ് പ്രവര്‍ത്തനം കൂടുതല്‍ രാജ്യങ്ങളിലേക്ക്

ബന്ദര്‍ അല്‍മുഹന്ന

റിയാദ് - മധ്യപൗരസ്ത്യദേശത്തെ മുന്‍നിര ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസ് വിദേശത്തേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. രണ്ടു രാജ്യങ്ങളില്‍ എയര്‍ ഓപ്പറേറ്റര്‍ ലൈസന്‍സ് നേടാനുള്ള പദ്ധതിക്ക് ഫ്‌ളൈ നാസ് ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കിയതായി കമ്പനി സി.ഇ.ഒ ബന്ദര്‍ അല്‍മുഹന്ന പറഞ്ഞു.
ലോക രാജ്യങ്ങളെ സൗദി അറേബ്യയുമായി ബന്ധിപ്പിക്കാനുള്ള കമ്പനിയുടെ തന്ത്രപരമായ പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തനം വിപുലീകരിക്കാനും വികസിപ്പിക്കാനും ദേശീയ വ്യോമയാന തന്ത്രം ലക്ഷ്യങ്ങള്‍ കൈവരിക്കാനും ലക്ഷ്യമിട്ടാണ് കമ്പനി പുതിയ രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്. 2030 ഓടെ സൗദിയില്‍ പ്രതിവര്‍ഷ വിമാന യാത്രക്കാരുടെ എണ്ണം 33 കോടിയായും സൗദിയിലേക്കും തിരിച്ചും സര്‍വീസുകളുള്ള ലോക നഗരങ്ങളുടെ എണ്ണം 250 ആയും ഉയര്‍ത്താന്‍ ദേശീയ വ്യോമയാന തന്ത്രം ലക്ഷ്യമിടുന്നു.
2021 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഫ്‌ളൈ നാസിന് സാധിച്ചു. യാത്രക്കാരുടെ എണ്ണം 91 ശതമാനം തോതില്‍ വര്‍ധിച്ച് 87 ലക്ഷമായി. കഴിഞ്ഞ കൊല്ലം ഫ്‌ളൈ നാസ് 66,000 സര്‍വീസുകള്‍ നടത്തി. സര്‍വീസുകളുടെ എണ്ണത്തില്‍ 45 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. വിമാനങ്ങളുടെ എണ്ണം 43 ആയി ഉയര്‍ത്തിയതിലൂടെ ഫ്‌ളൈ നാസ് വിമാന സര്‍വീസുകളിലെ സീറ്റ് ശേഷി 45 ശതമാനം തോതിലും കഴിഞ്ഞ വര്‍ഷം വര്‍ധിച്ചു.
ലോകത്തെ ഏറ്റവും മികച്ച അഞ്ചു ബജറ്റ് വിമാന കമ്പനികളില്‍ ഒന്നായി മാറാനാണ് ഫ്‌ളൈ നാസ് ശ്രമിക്കുന്നത്. വ്യോമയാന വ്യവസായ മേഖലയില്‍ ആഗോള തലത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാനദണ്ഡമായ സ്‌കൈ ട്രാക്‌സ് ക്ലാസിഫിക്കേഷന്‍ അനുസരിച്ച് ലോകത്തെ ഏറ്റവും മികച്ച പത്തു വിമാന കമ്പനികളില്‍ ഒന്നായി കഴിഞ്ഞ സെപ്റ്റംബറില്‍ ഫ്‌ളൈ നാസ് മാറി. ചില നഗരങ്ങളിലേക്ക് സര്‍വീസുകള്‍ ആരംഭിക്കാന്‍ വെല്ലുവിളികള്‍ നേരിട്ടെങ്കിലും ഗള്‍ഫ്, ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ 16 നഗരങ്ങളിലേക്ക് പുതുതായി സര്‍വീസുകളും 30 റൂട്ടുകളും  ്‌ളൈ നാസ് കഴിഞ്ഞ വര്‍ഷം ആരംഭിച്ചു. മധ്യപൗരസ്ത്യദേശത്തെ ഏറ്റവും വലിയ ബജറ്റ് വിമാന കമ്പനിയായി മാറാനാണ് ഫ്‌ളൈ നാസ് ലക്ഷ്യമിടുന്നത്. പുതുതായി 250 വിമാനങ്ങള്‍ കൂടി വാങ്ങാന്‍ കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ടെന്നും ബന്ദര്‍ അല്‍മുഹന്ന പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News