Sorry, you need to enable JavaScript to visit this website.

വൈറസ് ഭീഷണി അവസാനിക്കുന്നില്ല, കേരളം നേരിടുന്നത് വലിയ വെല്ലുവിളി

ആരോഗ്യ രംഗത്ത് കേരള മോഡൽ വെല്ലുവിളി നേരിടുകയാണ്. കൂടുതൽ ആശുപത്രികൾ ഉണ്ടാകുന്നത് ആരോഗ്യ സംരക്ഷണത്തിന്റെ അളവുകോലായി കാണാനാവില്ല. രോഗപ്രതിരോധ ശക്തിയുള്ള ഒരു ജനതയായി നമ്മൾ മാറുമ്പോഴാണ് കേരള മോഡൽ വാഴ്ത്തപ്പെടേണ്ടത്. എന്നാൽ ഇതാണോ ഇപ്പോൾ സംഭവിക്കുന്നതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.  വൈറസ് രോഗങ്ങൾ തുടർച്ചയായി കേരളത്തെ ഭീഷണിപ്പെടുത്തുകയാണ്. പക്ഷിപ്പനിയെക്കുറിച്ചുള്ള ആശങ്ക ഇപ്പോൾ പടരുന്നുണ്ട്. മനുഷ്യരെ ഈ രോഗം ഇതുവരെ വലിയ ഭീഷണിയുണ്ടാക്കിയില്ല. എങ്കിലും ശ്രദ്ധ പുലർത്തണം.
ദേശാടന പക്ഷികൾ സംസ്ഥാനത്ത് എത്തിയ കാലമാണിത്. പതിനായിരക്കണക്കിന് ദേശാടന പക്ഷികളാണ് ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് ഭാരതത്തിലേക്ക് എത്തുന്നത്. 
കേരളത്തിലും വലിയ തോതിൽ പക്ഷികളെത്തുന്നുണ്ട്. ഇപ്പോൾ തന്നെ നമ്മുടെതണ്ണീർ തടങ്ങളിലും കടൽ തീരത്തും ദേശാടന പക്ഷികളുടെ വലിയ തോതിലുള്ള സാന്നിധ്യമുണ്ട്. വേമ്പനാട് കായൽ, അഷ്ടമുടിക്കായൽ, കുട്ടനാട് തുടങ്ങിയ പ്രദേശങ്ങളിൽ വലിയ തോതിൽ എരണ്ട പക്ഷികളെത്തിയിട്ടുണ്ട്.
കോവിഡ് ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ ലോകത്തുനിന്ന് പൂർണമായും ഇനിയും അപ്രത്യക്ഷമായിട്ടില്ല. കൂടുതൽ പ്രഹരശേഷിയുള്ള രോഗാണുക്കൾ പല രാജ്യങ്ങളിലും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായും റിപ്പോർട്ടുണ്ട്. ദേശാടന പക്ഷികൾ വഴി പല ജാതി രോഗങ്ങൾ പരത്തുന്ന രോഗാണുകൾ കേരളത്തിലും എത്താനിടയുണ്ട്. 
ഈ സാഹചര്യത്തിൽ ദേശാടന പക്ഷികളെത്തുന്ന മഞ്ഞുകാലത്ത് കൂടുതൽ ശാസ്ത്രീയമായ പഠനം ഇക്കാര്യത്തിൽ ആവശ്യമാണ്. 
പക്ഷിപ്പനിക്കെതിരെയുള്ള ജാഗ്രത മാത്രമല്ല വേണ്ടത്. ഇവിടെയെത്തുന്ന പക്ഷികളെ പിടിച്ച് അവ രോഗാണുക്കളുടെ വാഹകരാണോയെന്ന പഠനമാണ് ആവശ്യം. ഇതിനായി ശാസ്ത്രജ്ഞരുടെ സ്ഥിരം സംവിധാനം വേണം. ഇവിടുത്തെ വൈറോളജി ഇൻസ്റ്റിറ്റിയൂട്ടിനെ ബലപ്പെടുത്തണം. 
ആലപ്പുഴയിൽ പ്രവർത്തിക്കുന്ന വൈറോളജി ഇൻസ്റ്റിറ്റിയൂട്ടിനെ ലോക നിലവാരത്തിലുള്ളതാക്കി മാറ്റണം. ഇപ്പോൾ പുനെയിലെ വൈറോളജി ഇൻസ്റ്റിറ്റിയൂട്ടിന്റെ സേവനമാണ് പലപ്പോഴും കേരളം സ്വീകരിക്കുന്നത്. പകർച്ചവ്യാധികൾ കേരളത്തിൽ തുടർക്കഥയാകുന്ന സാഹചര്യത്തിൽ സർക്കാർ ഇക്കാര്യത്തിൽ ഗൗരവമായ നടപടി കൈക്കൊള്ളണം.
സംസ്ഥാനത്തെ ചില പ്രദേശങ്ങളിൽ പക്ഷിപ്പനി സംശയിക്കുന്ന സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രത നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് കഴിഞ്ഞ ദിവസം പറയുകയുണ്ടായി. ആശങ്ക വേണ്ടെങ്കിലും കരുതൽ വേണം. പക്ഷിപ്പനി മനുഷ്യരെ ബാധിക്കാതിരിക്കാൻ മുൻ കരുതലുകൾ ആവശ്യമാണ്. ആരോഗ്യ വകുപ്പ് നൽകുന്ന മാർഗനിർദേശങ്ങൾ എല്ലാവരും പാലിക്കണം. രോഗബാധിത  പ്രദേശങ്ങളിലുള്ളവരിലെ പനി, മറ്റു രോഗലക്ഷണങ്ങൾ എന്നിവയെ കുറിച്ച് പ്രത്യേകം നിരീക്ഷണം നടത്തിവരുന്നുണ്ട്. ഈ പ്രദേശങ്ങളിലുള്ളവർക്ക് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായാൽ ഡോക്ടറെ അറിയിക്കേണ്ടതാണ്. ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകാണം.
പക്ഷികളിൽ കാണുന്ന സാംക്രമിക രോഗമാണ് പക്ഷിപ്പനി അഥവാ ഏവിയൻ ഇൻഫ്ളുവൻസ. പക്ഷികളിൽ നിന്നും പക്ഷികളിലേക്ക് പകരുന്ന വൈറസ് രോഗമാണിത്. 
കോഴി, താറാവ്, കാട, വാത്ത്, ടർക്കി, അലങ്കാര പക്ഷികൾ തുടങ്ങിയ എല്ലാ പക്ഷികളെയും ഈ രോഗം ബാധിക്കാം. സാധാരണ ഗതിയിൽ പക്ഷികളിൽ നിന്ന് മനുഷ്യരിലേക്ക് ഇത് പകരാറില്ല. എന്നാൽ അപൂർവമായി ചില ഘട്ടങ്ങളിൽ മനുഷ്യരിലേക്ക് പകരാൻ കഴിയും വിധം പക്ഷിപ്പനിയുടെ വൈറസിന് രൂപഭേദം സംഭവിക്കാം. 
ആ വൈറസ് ബാധ ഗുരുതരമായ രോഗ കാരണമാകാം. ഇക്കാര്യം ഗൗരവത്തോടെ കാണണം. പക്ഷിപ്പനിക്ക് ഇപ്പോൾ മരുന്നുണ്ട്. എങ്കിലും രോഗബാധിതരായ പക്ഷികളെ കൂട്ടത്തോടെ കൊല്ലുകയാണ് പതിവ്. മനുഷ്യരിൽ ഈ രോഗം കേരളത്തിൽ ഇതുവരെ ബാധിച്ചതായി വിവരമില്ല.
ശക്തമായ ശരീര വേദന, പനി, ചുമ, ശ്വാസംമുട്ട്, ജലദോഷം,  രക്തം കലർന്ന കഫം മുതലായവയാണ് രോഗലക്ഷണങ്ങൾ. രോഗപ്പകർച്ചക്ക് സാധ്യതയുള്ള സാഹചര്യത്തിലുള്ളവർ ഈ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തെയോ ആരോഗ്യ പ്രവർത്തകരെയോ അറിയിക്കുക. പക്ഷികൾ ചാവുകയോ രോഗബാധിതരാകുകയോ ചെയ്താൽ ഉടൻ തന്നെ മൃഗസംരക്ഷണ വകുപ്പിനെയോ തദ്ദേക സ്വയംഭരണ വകുപ്പിനെയോ അറിയിക്കേണ്ടതാണ്. അവരുടെ നിർദേശാനുസരണം നടപടി സ്വീകരിക്കുക. രോഗബാധിതരായ പക്ഷികളുമായി അടുത്ത് ഇടപഴകുന്നവർ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ട് പ്രതിരോധ ഗുളിക കഴിക്കേണ്ടതാണ്.
രോഗബാധയുണ്ടെന്ന് സംശയിക്കുന്ന പക്ഷികളെ കൈകാര്യം ചെയ്യുന്നവർ കൈയുറ, മുഖാവരണം എന്നിവ ധരിക്കുകയും അതതു സമയങ്ങളിൽ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയും വേണം. ഇറച്ചി, മുട്ട എന്നിവ നന്നായി വേവിച്ച് മാത്രം കഴിക്കുക. 
രോഗബാധയേറ്റ പക്ഷികളുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർ, പരിപാലിക്കുന്നവർ, വളർത്തു പക്ഷികളുമായി ഇടപെടുന്ന കുട്ടികൾ, വീട്ടമ്മമാർ, കശാപ്പുകാർ, വെറ്ററിനറി ഡോക്ടർമാർ, മറ്റു ബന്ധപ്പെട്ട ജീവനക്കാർ എന്നിവർ രോഗബാധ ഏൽക്കാതിരിക്കാനുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കണം. 
വൈറസ് രോഗങ്ങളുടെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തിൽ പകർച്ചവ്യാധികളുടെ കാര്യത്തിൽ കാര്യക്ഷമമായ നടപടികളുണ്ടാകണം. ഇതിന് വൈറോളജി ഇൻസ്റ്റിറ്റിയൂട്ടിനെ ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണ്. ഇവിടെ നിന്ന് ഇല്ലായ്മ ചെയ്‌തെന്നു കരുതിയ പല രോഗങ്ങളും തിരികെ വരുന്നുവെന്നതിനെ ഗൗരവത്തോടെ കാണണം. കേരള മോഡൽ ആരോഗ്യ പ്രവർത്തനം വെല്ലുവിളി നേരിടുകയാണെന്നത് സർക്കാർ അംഗീകരിക്കണം. വലിയ കെട്ടിടങ്ങളോ ആശുപത്രികളോ മാത്രമല്ല, ആരോഗ്യ സംരക്ഷണത്തിന്റെ അളവുകോലെന്ന് മനസ്സിലാക്കേണ്ടതുണ്ട്.
ജലജന്യ രോഗങ്ങളും കൊതുകു പരത്തുന്ന രോഗങ്ങളും കേരളത്തെ പോലെയുള്ള ജലസമൃദ്ധമായ ഒരു സംസ്ഥാനത്ത് വെല്ലുവിളിയാണ്. കടലും കായലും കുളങ്ങളും 44 നദികളുമുള്ള സംസ്ഥാനമാണിത്. കൊതുകുകൾ വലിയ രോഗവാഹകരായി കേരളത്തെ പൊതിഞ്ഞിരിക്കുന്നു. നമ്മുടെ നദികളും കായലും കുളങ്ങളും കടലും മലിനപ്പെട്ടിരിക്കുകയാണ്. 
മൂന്നരക്കോടിയോളം ജനം വസിക്കുന്ന കേരളത്തിൽ മാലിന്യ നിർമാർജനം വലിയ വെല്ലുവിളിയാണ്. ഇതിന് മാതൃകാപരമായ നടപടിയുണ്ടായാൽ മാത്രമേ രോഗങ്ങളെ അകറ്റി നിർത്താനാവുകയുള്ളൂ. 
നമ്മുടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ ശക്തിപ്പെടുത്തുന്നതോടൊപ്പം പകർച്ചവ്യാധികൾക്കെതിരെയുള്ള ജാഗ്രത പ്രവർത്തനങ്ങളും വ്യാപകമാക്കണം. വിദ്യാലയങ്ങളിൽനിന്ന് തന്നെ രോഗപ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം ആരംഭിക്കണം. ജനപങ്കാളിത്തത്തോടെയുള്ള പ്രവർത്തനങ്ങളാകും രോഗപ്രതിരോധ കാര്യത്തിൽ പ്രയോജനം ചെയ്യുക.

Latest News