ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റുകയെന്ന ആർ.എസ്.എസിന്റെ ഏറ്റവും സുപ്രധാനമായ അജണ്ട നടപ്പാക്കുന്നതിനുള്ള തീവ്രശ്രമങ്ങൾ രാജ്യത്ത് നടന്നുകൊണ്ടിരിക്കുകയാണ്. അതിനെ അടിസ്ഥാനപ്പെടുത്തി വേണം മോഹൻ ഭാഗവതിന്റെ പ്രസ്താവനയെ കാണാൻ. അതിലേക്ക് എത്തുന്നതിനുള്ള നിലം ഒരുക്കലാണിത്. അടുത്ത വർഷം രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ പോകുകയാണ്. ഹിന്ദുരാഷ്ട്രമെന്ന ലക്ഷ്യത്തിലേക്ക് ആർ.എസ്.എസിന് എത്തിച്ചേരണമെങ്കിൽ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം അധികാരത്തിൽ തുടരേണ്ടത് അനിവാര്യമാണ്.
ഏത് ജാതിയിലും മതത്തിലും പെട്ട വ്യക്തികൾക്കും അവരുടെ മതപരമായ വിശ്വാസങ്ങളും അവകാശങ്ങളും സ്വാതന്ത്ര്യങ്ങളുമെല്ലാം സംരക്ഷിച്ചുകൊണ്ട് തന്നെ ഇന്ത്യയിൽ ജീവിക്കാനുള്ള അവകാശമുണ്ടെന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തി. ഇന്ത്യൻ ഭരണഘടന പൗരൻമാർക്ക് ഉറപ്പ് നൽകുന്ന മഹത്തായ അവകാശം കൂടിയാണത്. ഭൂരിപക്ഷമെന്നോ ന്യൂനപക്ഷമെന്നോ ഇല്ലാതെ എല്ലാ പൗരൻമാർക്കും തുല്യ അവകാശം രാജ്യത്തുണ്ട്. എന്നാൽ തങ്ങളുടെ ഔദാര്യത്തിലാണ് മുസ്‌ലിംകൾ അടക്കമുള്ള രാജ്യത്തെ ന്യൂനപക്ഷ സുമാദായങ്ങൾ കഴിയുന്നതെന്ന ഹുങ്ക് പുലർത്തുന്നവരാണ് സംഘപരിവാർ സംഘടനകളും അതിന്റെ നേതാക്കളും. ഇടയ്ക്കിടെ അത് അവർ ഓർമപ്പെടുത്തിക്കൊണ്ടിരിക്കും. അത്തരമൊരു ഓർമപ്പെടുത്തലാണ് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് കഴിഞ്ഞ ദിവസം നടത്തിയത്. തങ്ങൾ മുസ്‌ലിംകൾക്ക് എതിരല്ലെന്ന് ധ്വനിപ്പിച്ചുകൊണ്ട് മുസ്‌ലിം വിഭാഗത്തിനെതിരെ ശക്തമായ വിദ്വേഷം അഴിച്ചു വിടുക, മതവൈരത്തിന് കൂടുതൽ എരിവ് പകരുകയും രാജ്യത്ത് വലിയ തോതിലുള്ള അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുക. ഇതെല്ലാമാണ് മോഹൻ ഭാഗവതും കൂട്ടരും കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം രണ്ട് ആർ.എസ്.എസ് മുഖപത്രങ്ങളുടെ എഡിറ്റർമാരുമായുള്ള ആഭിമുഖത്തിൽ അദ്ദേഹം നടത്തിയ പ്രസ്താവനയുടെ ചുരുക്കം ഇങ്ങനെയാണ് : 'ഇന്ത്യയിൽ മുസ്‌ലിംകൾക്ക് ഭയപ്പെടാനൊന്നുമില്ല, എന്നാൽ മേൽക്കോയ്മയുടെ അവകാശവാദങ്ങൾ അവർ ഉപേക്ഷിക്കണം. ഞങ്ങൾ ഒരു ഉന്നത വംശത്തിൽ പെട്ടവരാണ്, ഒരിക്കൽ ഈ ദേശം ഭരിച്ചു. വീണ്ടും ഭരിക്കും. ഞങ്ങൾ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാണ് തുടങ്ങിയ വീരവാദങ്ങൾ ഉപേക്ഷിച്ചാൽ ഇന്ത്യയിൽ ഇന്ന് ജീവിക്കുന്ന മുസ്‌ലിംകൾക്ക് പേടിക്കാനൊന്നുമില്ലെന്നും അവരുടെ വിശ്വാസത്തിൽ ഉറച്ചു നിൽക്കാൻ അവർ ആഗ്രഹിക്കുന്നുവെങ്കിൽ അവർക്കതിന് കഴിയും ' എന്നിങ്ങനെയുള്ള പ്രസ്താവനകളാണ് ആർ.എസ്.എസിന്റെ മുഖപത്രങ്ങളിലെ എഡിറ്റർമാർക്ക് നൽകിയ അഭിമുഖത്തിൽ മോഹൻ ഭാഗവത് പറഞ്ഞത്. പുറത്തു നിന്നുള്ള ശത്രുക്കൾക്ക് നേരെയല്ല, മറിച്ച് അകത്തുള്ള ശത്രുക്കൾക്ക് നേരെയാണ് ഹിന്ദു സമൂഹം ഇപ്പോൾ യുദ്ധം ചെയ്തുകൊണ്ടിരിക്കുന്നത്. ഹിന്ദു ധർമത്തയെും സംസ്‌കാരത്തെയും സംരക്ഷിക്കാനുള്ള യുദ്ധത്തിന്റെ വക്കിലാണ് ഹിന്ദു സമൂഹമെന്നും മോഹൻ ഭാഗവത് പറയുന്നുണ്ട്.
ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാനായി ഇറങ്ങിത്തിരിച്ചിരിക്കുന്ന സംഘപരിവാർ സംഘടനകൾക്കും നരേന്ദ്ര മോഡി ഭരണകൂടത്തിനുമെല്ലാം മോഹൻ ഭാഗവതിന്റെ പ്രസ്താവന പാൽപായസം പോലെ ആസ്വദിക്കാനാകും. കാരണം രോഗി ഇഛിക്കുന്നതും വൈദ്യൻ കൽപിക്കുന്നതും പാൽ തന്നെയാണ്. എന്നാൽ മതേതരത്വത്തിലും രാജ്യത്തിന്റെ ഐക്യത്തിലും അഖണ്ഡതയിലും വിശ്വസിക്കുന്ന മതേതരവാദികൾ രാജ്യത്തെ മുസ്‌ലിംകൾക്കെതിരെ യുദ്ധത്തിനുള്ള ആഹ്വാനമായിത്തന്നെയാണ് ഇതിനെ കാണുന്നത്. മൂർച്ചയേറിയ ചില സന്ദേശങ്ങൾ അദ്ദേഹം വാക്കുകൾക്കുള്ളിൽ ഒളിപ്പിച്ച് വെച്ചിട്ടുണ്ട്. അത് കൃത്യമായിത്തന്നെ സംഘപരിവാറുകാർക്ക് മനസ്സിലാക്കാൻ സാധിക്കും. രാജ്യത്തെ ഹിന്ദു സമൂഹം യുദ്ധത്തിലാണെന്ന് പറയുമ്പോൾ അതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് ആർ.എസ്.എസിന്റെ ചരിത്രവും ഇക്കാലം വരെയുള്ള അവരുടെ പ്രവർത്തനങ്ങളും നിരീക്ഷിക്കുന്ന ആർക്കും ബോധ്യമാകും. വളരെയധികം കരുതിയിരിക്കേണ്ട, ആർ.എസ്.എസ് നടപ്പാക്കാൻ പോകുന്ന അടുത്ത ഘട്ട അജണ്ടയുടെ കൃത്യമായ സൂചനകളാണ് മോഹൻ ഭാഗവത് നൽകിയിട്ടുള്ളത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ആർ.എസ്.എസ് മേധാവിയുടെ പ്രസ്താവനയിൽ ഉയർന്നു വരുന്ന ഒരുപാട് ചോദ്യങ്ങളുണ്ട്. ഹിന്ദു സമൂഹത്തിന്റെ കുത്തകാവകാശം ആരാണ് മോഹൻ ഭാഗവതിന് പതിച്ചു നൽകിയിട്ടുള്ളത്? ആർ.എസ്.എസിന്റെയും മറ്റു സംഘപരിവാർ സംഘടനകളുടെയും വർഗീയ വിഷം ചീറ്റുന്ന ആലയിലേക്ക് പോകാതെ മതേതരത്വത്തിന്റെ മഹത്തായ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് മതവിദ്വേഷം ഉയർത്തി വിടുന്നവർക്കെതിരെ പോരാടുന്ന കോടിക്കണക്കിന് ഹിന്ദുക്കൾ ഇന്ത്യ രാജ്യത്തുണ്ട്. ഹിന്ദു മതത്തിന്റെ വിശ്വാസവും പ്രമാണവുമെല്ലാം മുറുകെപ്പിടിച്ചുകൊണ്ടാണ് അവരും ഇന്ത്യ രാജ്യത്ത് ജീവിക്കുന്നത്. അവരാരും തങ്ങളുടെ അട്ടിപ്പേറവകാശം മോഹൻ ഭാഗവതിന് പതിച്ചു നൽകിയിട്ടില്ല. അതുകൊണ്ട് തന്നെ ഹിന്ദുമതത്തിൽ പെട്ട എല്ലാവരെയും സാമാന്യവൽക്കരിച്ചുകൊണ്ട് മോഹൻ ഭാഗവത് ആർ.എസ്.എസ് ശൂലത്തിൽ തറക്കേണ്ടതില്ല. എല്ലാ മതത്തിലും പെട്ടവർ ഒരുമിച്ച് ജീവിക്കുന്ന ഇന്ത്യയെയാണ് യഥാർത്ഥ ഹിന്ദു ഇഷ്ടപ്പെടുന്നത്. അല്ലാതെ ആർ.എസ്.എസിന്റെ വിഭജന സിദ്ധാന്തത്തെയല്ല.
മുസ്‌ലിംകൾ ഇന്ത്യ രാജ്യത്ത് എങ്ങനെ കഴിയണമെന്ന തീട്ടൂരമിറക്കാൻ മോഹൻ ഭാഗവതിന് ആരാണ് അധികാരം നൽകിയതെന്നതാണ് രണ്ടാമത്തെ ചോദ്യം. ഹിന്ദുക്കളുടെ ഔദാര്യത്തിലാണ് ഇസ്‌ലാം മതത്തിൽ പെട്ടവർ കഴിയേണ്ടതെന്ന ധ്വനി വളരെ നന്നായിത്തന്നെ മോഹൻ ഭാഗവതിന്റെ ഗീതോപദേശത്തിൽ മുഴച്ചു നിൽക്കുന്നുണ്ട്. ഈ രാജ്യത്തെ എല്ലാ പൗരൻമാർക്കും തുല്യാവകാശമാണ് ഇന്ത്യൻ ഭരണഘടന അനുവദിച്ചിട്ടുള്ളത്. ആരും ആരുടെയും ഔദാര്യത്തിലല്ല രാജ്യത്ത് ജീവിക്കുന്നത്. അതുകൊണ്ട് തന്നെ ഹിന്ദുത്വ മേൽക്കോയ്മയുടെ ത്രിശൂലം മോഹൻ ഭാഗവത് എവിടെയും കുത്തിയിറക്കേണ്ടതില്ല. കാരണം രാജ്യത്ത് ഇപ്പോൾ ജനാധിപത്യമാണ് നിലനിൽക്കുന്നത്. രാജഭരണവും അടിയന്തരാവസ്ഥയും നേരത്തെ തന്നെ രാജ്യം തൂത്തെറിഞ്ഞു കളഞ്ഞതാണ്. മോഹൻ ഭാഗവതിന്റെയോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ സംഘ ബന്ധുക്കളുടെയോ വാക്ക് കേട്ട് ജീവിക്കേണ്ടവരല്ല രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങൾ. അവർക്ക് അവരുടേതായ ജീവിത രീതിയും വിശ്വാസ സംഹിതയുമൊക്കെയുണ്ട്. അതിനെ തകർക്കാൻ ശ്രമിക്കുന്നത് ഇന്ത്യൻ ഭരണഘടനയെ തകർക്കുന്നതിനും ജനാധിപത്യത്തെ അട്ടിമറിക്കുന്നതിനും തുല്യമാണ്.
പണ്ട് രാജ്യം ഭരിച്ചതിന്റെ വീരവാദം മുസ്‌ലിം സമുദായം ഒഴിവാക്കണമെന്നാണ് ആർ.എസ്.എസ് മേധാവിയുടെ മറ്റൊരു ആവശ്യം. മുസ്‌ലിം സമുദായത്തിലെ നേതാക്കളാരും അത്തരം വീരവാദങ്ങളൊന്നും മുഴക്കിയിട്ടില്ലെന്നിരിക്കേ നൂറ്റാണ്ടുകൾക്ക് മുൻപുള്ള ഇന്ത്യയുടെ ചരിത്രം ഇപ്പോൾ എടുത്തിടുന്നതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ട്. ആയിരത്തിലധികം വർഷങ്ങളായി രാജ്യത്തെ ഹിന്ദു സമൂഹം യുദ്ധത്തിലേർപ്പെട്ടുകൊണ്ടിരിക്കുകയാണെന്നാണ് മോഹൻ ഭാഗവത് പറയുന്നത്. ചരിത്രത്തെ വികലമായി അവതരിപ്പിക്കുകയെന്നത് ആർ.എസ്.എസിന്റെ എക്കാലത്തെയും വലിയ അജണ്ടകളിലൊന്നാണ്. വൈദേശികരോടല്ല, മറിച്ച് രാജ്യത്തിനകത്തുള്ളവരോടാണ് ഹിന്ദുക്കൾ ഇപ്പോൾ യുദ്ധം ചെയ്യുന്നതെന്ന് പറയുമ്പോൾ വർഗീയതയുടെ ശൂലം ആർക്കു നേരെയാണ് പായിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള വിവേകം മതേതതരത്വത്തിൽ വിശ്വസിക്കുന്ന രാജ്യത്തെ ജനസമൂഹങ്ങൾക്കുണ്ട്.
ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റുകയെന്ന ആർ.എസ്.എസിന്റെ ഏറ്റവും സുപ്രധാനമായ അജണ്ട നടപ്പാക്കുന്നതിനുള്ള തീവ്രശ്രമങ്ങൾ രാജ്യത്ത് നടന്നുകൊണ്ടിരിക്കുകയാണ്. അതിനെ അടിസ്ഥാനപ്പെടുത്തി വേണം മോഹൻ ഭാഗവതിന്റെ പ്രസ്താവനയെ കാണാൻ. അതിലേക്ക് എത്തുന്നതിനുള്ള നിലം ഒരുക്കലാണിത്. അടുത്ത വർഷം രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ പോകുകയാണ്. ഹിന്ദുരാഷ്ട്രമെന്ന ലക്ഷ്യത്തിലേക്ക് ആർ.എസ്.എസിന് എത്തിച്ചേരണമെങ്കിൽ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം അധികാരത്തിൽ തുടരേണ്ടത് അനിവാര്യമാണ്. ഹൈന്ദവ വികാരം അതിശക്തമായ രീതിയിൽ ഇളക്കിവിട്ടുകൊണ്ട് മതപരമായ ധ്രുവീകരണം ഉണ്ടാക്കിയാൽ മാത്രമേ ഭരണ തുടർച്ചക്ക് സാധ്യതയുള്ളൂവെന്ന് ആർ.എസ്.എസും മോഡി സർക്കാരും കണക്കുകൂട്ടുന്നുണ്ട്. അതിനു വേണ്ടി അണിയറയിൽ ആയുധങ്ങൾ ഓരോന്നായി ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് മതവികാരം ഇളക്കി വിടുന്ന പ്രകോപന പ്രസ്താവനകൾ ആർ.എസ്.എസ് മേധാവി നടത്തിയത്.