Sorry, you need to enable JavaScript to visit this website.

അമ്മ എന്ന സ്‌നേഹക്കടല്‍ ഇങ്ങനെയാണ്, അത് മനുഷ്യനായാലും മൃഗമായാലും


തിരുവനന്തപുരം: സ്‌നേഹത്തിന്റെ നിറകുടമാണ് അമ്മ. മനുഷ്യന്റെ കാര്യത്തിലായാലും മൃഗങ്ങളുടെ കാര്യത്തിലായാലും അമ്മയ്ക്ക് പകരമായി മറ്റാരുമുണ്ടാകില്ല. ചരിഞ്ഞ കുട്ടിയാനക്ക് മണിക്കൂറുകളായി കാവല്‍ നില്‍ക്കുന്ന അമ്മയാനയുടെ നൊമ്പരപ്പെടുത്തുന്ന കാഴ്ചകളാണ് പുറത്ത് വന്നിട്ടുള്ളത്. വിതുര മരുക്കുംകാലയിലാണ് സംഭവം. വനത്തിന് അകത്ത് കൂടെ അമ്മയാന കുഞ്ഞിനെ തട്ടി തട്ടി കൊണ്ടുപോകുന്നത്് കണ്ട ആദിവാസികളാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്. രാത്രിയോടെ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ കുട്ടിയെ മാറ്റാന്‍ ശ്രമിച്ചെങ്കിലും അമ്മ ആന അടുത്ത് നിന്ന് മാറാത്തതിനാല്‍ ഒന്നും ചെയ്യാനായില്ല.

ആനക്കുട്ടി ചരിഞ്ഞതറിയാതെ അമ്മയാന കൊണ്ട് നടക്കുകയാണ്. കാട്ടാന വിട്ടുപോയാല്‍ മാത്രമെ എന്തെങ്കിലും ചെയ്യാന്‍ കഴിയുവെന്ന അവസ്ഥയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മണിക്കൂറുകളോളം കാട്ടില്‍ തുടര്‍ന്നു. അമ്മയാന കുഞ്ഞിന് സമീപത്ത് നിന്ന് മാറിയ ശേഷമാണ് അവര്‍ക്ക്  ആനക്കുട്ടിക്ക് സമീപമെത്താനായത്. സ്ഥിരമായി കാട്ടാന ഇറങ്ങുന്ന പ്രദേശമാണ് ഇവിടം.
പ്രദേശത്ത് ആന ഇറങ്ങുന്നത് തടയാന്‍രാത്രി ആദിവാസികള്‍ തീകൂട്ടാറുണ്ട്. രാത്രി തീ ഇടാന്‍ ഇറങ്ങിയപ്പോഴാണ് കുട്ടിയാന ചരിഞ്ഞ കാര്യം അറിയുന്നത്.

Latest News