Sorry, you need to enable JavaScript to visit this website.

സിനഡ് തീരുമാനം അറിയിച്ച് മാർ ജോർജ് ആലഞ്ചേരി, സിനഡിൽ നടന്നത് അട്ടിമറിയെന്ന് വിമതവിഭാഗം

കൊച്ചി- സിറോ മലബാർ സഭയിലെ കുർബാന ഏകീകരണം സംബന്ധിച്ച് സഭാ സിനഡ് എടുത്ത തീരുമാനം അനുസരിച്ച് സർക്കുലർ ഇറക്കി കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കുർബാന ഏകീകരണം നടപ്പാക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് ആലഞ്ചേരി സർക്കുലറിൽ നിർദേശിച്ചു. എന്നാൽ വിമതപക്ഷത്തിൽപെട്ട അഭിഭാഷകർ സിനഡ് തീരുമാനം അട്ടിമറിക്കപ്പെട്ടെന്ന ആരോപണവുമായി രംഗത്തുവന്നു. അൽമായ സംഘം മറൈൻ ഡ്രൈവിൽ ഇന്ന് പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനും തീരുമാനിച്ചു. ആരാധനാ വിഷയങ്ങളിലെ അന്തിമ തീരുമാനം സിനഡും മാർപ്പാപ്പയും എടുക്കുന്നതാണെന്നും ഇതിന് വിരുദ്ധമായി വിശുദ്ധ കുർബാന അർപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്‌നം പരിഹരിക്കാൻ കഴിയാത്തതിൽ ഖേദമുണ്ട്. ഐക്യത്തിനുള്ള ചർച്ചകൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു. സഭയുടെ ആധികാരിക പ്രബോധനങ്ങളും തീരുമാനവും ബലികഴിച്ചുള്ള ഒത്തുതീർപ്പ് സാധ്യമല്ല. അഡ്മിനിസ്‌ട്രേറ്ററുടെ തീരുമാനത്തിനെതിരെ സമരം ചെയ്യുന്നത് മാർപാപ്പയെ ധിക്കരിക്കുന്നതിന് സമമാണെന്നും ആലഞ്ചേരി പറയുന്നു. 


പുതിയ വൈദികർക്ക് നൽകുന്നത് ഏകീകൃത കുർബാനയർപ്പണത്തിനുള്ള പരിശീലനമാണ്. അതിനാൽ ഏകീകൃത കുർബാന അപരിചിതം എന്ന് പറയാൻ ആകില്ല. ബസലിക്ക പള്ളിയിൽ ഉണ്ടായ സംഭവം അപലപനീയമാണെന്നും കുർബാനയെ സമരത്തിന് ഉപയോഗിച്ച വൈദികരുടെ നടപടിയും അതിനെ പ്രതിരോധിക്കാൻ എത്തിയവർ ബലിപീഠത്തിൽ കയറിയതും ഖേദകരമാണെന്നും ആലഞ്ചേരി പറഞ്ഞു.
എന്നാൽ സിറോ മലബാർ സഭ സിനഡിൽ ജനാഭിമുഖ കുർബാന സംബന്ധിച്ച സിനഡൽ കമ്മിറ്റി തീരുമാനങ്ങൾ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് ഇടപെട്ട് അട്ടിമറിച്ചെന്ന് സംശയിക്കുന്നതായി എറണാകുളം അങ്കമാലി അതിരൂപതയിലെ  വിമത വിഭാഗം ആരോപിക്കുന്നു. സെൻറ് മേരീസ് ബസലിക്കയിലെ നടന്ന സംഘർഷത്തിൽ സിനഡ് നടപടി പ്രഖ്യാപിക്കാത്തത് നിർഭാഗ്യകരമാണെന്നും സംഘർഷത്തിന് ഉത്തരവാദികൾ സിനഡിൽ തന്നെ ഉണ്ടായിരുന്നതാണ് ഇതിന് കാരണമെന്നും വിമതവിഭാഗം കുറ്റപ്പെടുത്തി. ആർച്ച് ബിഷപ് ആൻഡ്രൂസ് താഴത്തിനെതിരെയും ഫാ. ആൻറണി പൂതവേലിനെതിരെയും നടപടി ഉണ്ടാകണമെന്നും ഇവർ ആവശ്യപ്പെട്ടു. നാളെ വൈകിട്ട് അഞ്ചിന് മറൈൻ ഡ്രൈവിൽ വിശ്വാസ പ്രഖ്യാപന റാലിയും പരിഹാര പദയാത്രയും സംഘടിപ്പിക്കുമെന്നും വിമത വിഭാഗം അറിയിച്ചു.


അതേസമയം സഭക്കെതിരെ നിരന്തരമായി യുദ്ധപ്രഖ്യാപനത്തിലേർപ്പെട്ടിരിക്കുന്ന വൈദികർക്കെതിരെ സഭാ നിയമമനുസരിച്ച് ശിക്ഷ നടപടികൾ എടുക്കാൻ ആർജ്ജവം കാണിക്കാത്ത മെത്രാൻ സംഘവും വൈദികരും തമ്മിലുള്ള അവിശുദ്ധ കൂട്ട്‌കെട്ട് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് ഔദ്യോഗിക പക്ഷത്തിനൊപ്പം നിലയുറപ്പിച്ചിരിക്കുന്ന അൽമായ ശബ്ദം ആവശ്യപ്പെട്ടു. സഭ അനുശാസിക്കുന്ന അൾത്താരഭിമുഖ കുർബാന ഉൾപ്പെടെ വിശ്വാസികൾക്ക് നൽകാത്തതിന് മെത്രാൻമാരും വൈദികരും ഒരുപോലെ കുറ്റക്കാരാണ്. സഭ അനുശാസിക്കുന്ന കുർബാന വരെ നിഷേധിക്കുന്ന ചില  വൈദികർ നാളുകളായി സഭക്കെതിരെ വെല്ലുവിളി ഉയർത്തിയിട്ട് ഒരു നടപടിയും ഇക്കാര്യത്തിൽ ഉണ്ടാകാത്തതിനാൽ ആശങ്കയുണ്ടെന്നും അൽമായ ശബ്ദം പ്രസിഡൻറ് ബിജു പോൾ നെറ്റിക്കാടൻ പറഞ്ഞു. 
 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News