തൃശൂർ - സ്‌കൂൾ ജീവിതകാലത്തെ ഓർമകൾ പങ്കുവെക്കാനും സൗഹൃദം പുതുക്കാനും എത്തിയ പൂർവ്വ വിദ്യാർത്ഥികളെ അമ്പരപ്പിച്ച് വടിവാളുമായി രണ്ടംഗ സംഘം. വർഷങ്ങൾ നീണ്ട ഇടവേളക്കുശേഷം എത്തിയ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമ സ്ഥലത്തേക്ക് അക്രമികൾ വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. വരവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം.
ബൈക്കിലെത്തിയ രണ്ട് യുവാക്കളാണ് വടിവാൾ വീശി സ്‌കൂൾ അന്തരീക്ഷത്തെ ഭീകരമയമാക്കിയത്. അക്രമി സംഘത്തിലെ ഒരാളുടെ ബൈക്കുമായി മറ്റൊരു വാഹനം തട്ടിയിരുന്നു. ഇത് ചോദിക്കാനാണ് ഇവർ വടിവാളുമായെത്തിയതെന്നു പറയുന്നു. അക്രമികളെ മറ്റുള്ളവർ ഇടപെട്ട് സ്‌കൂളിൽ നിന്നും പറഞ്ഞയക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ചെറുതുരുത്തി പോലീസ് പറഞ്ഞു.
വിമാനാപകടത്തിൽ മരിച്ചവരിൽ കേരളത്തിൽനിന്ന് മടങ്ങിയ മൂന്നു നേപ്പാൾ സ്വദേശികളും
പത്തനംതിട്ട (കേരളം) / പൊഖാറ (നേപ്പാൾ) - നേപ്പാളിലെ വിമാനദുരന്തത്തിൽ മരിച്ചവരിൽ കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ നിന്ന് നാട്ടിലേക്ക് തിരിച്ച മൂന്ന് നേപ്പാൾ സ്വദേശികളും. പത്തനംതിട്ടയിലെ ആനിക്കാട് നിന്നുപോയ അഞ്ചംഗ സംഘത്തിലെ മൂന്നുപേരാണ് മരിച്ചത്. രാജു ടക്കൂരി, റാബിൽ അമൽ, അനിൽ ഷാഹി എന്നിവരാണ് മരിച്ചത്.
45 വർഷത്തോളം നേപ്പാളിൽ സുവിശേഷ പ്രവർത്തകനായിരുന്ന ആനിക്കാട് സ്വദേശി മാത്യു ഫിലിപ്പിന്റെ സംസ്‌ക്കാരച്ചടങ്ങുകൾക്ക് എത്തിയവരായിരുന്നു ഇവർ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അഞ്ചുപേരും മാത്യു ഫിലിപ്പിന്റെ വീട്ടിലെത്തിയത്. ചടങ്ങുകൾക്കു് ശേഷമുള്ള മടക്കയാത്രയിലാണ് സംഘത്തിലെ മൂന്നുപേർ വിമാനാപകടത്തിൽപ്പെട്ടത്.
ശനിയാഴ്ച ഒന്നിച്ചാണ് അഞ്ചുപേരും നേപ്പാളിലേക്ക് മടങ്ങിയത്. എന്നാൽ അപകടത്തിന് തൊട്ടു മുമ്പ് സംഘത്തിലെ ദീപക് തമാങ്, സരൺ എന്നിവർ കാഠ്മണ്ഡു വിമാനത്താവളത്തിൽ ഇറങ്ങിയതിനാൽ അവർ ഇരുവരും അപകടത്തിൽ പെടാതെ രക്ഷപ്പെട്ടു.
കാഠ്മണ്ഡുവില് നിന്ന് ഇന്ന് രാവിലെ 10.33ന് പൊഖാറയിലേക്ക് പുറപ്പെട്ട വിമാനം ലാൻഡിങ്ങിനുള്ള സിഹഗ്നൽ ലഭിച്ചശേഷമാണ് അപകടത്തിൽപ്പെട്ടത്. പൊഖാറ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ പഴയ വിമാനത്താവളത്തിനും പുതിയ വിമാനത്താവളത്തിനും ഇടയിലുള്ള സേതി നദിയുടെ തീരത്താണ് യെതി എയർലൈൻസ് വിമാനം തകർന്നുവീണ് തീ ഗോളമായത്. അഞ്ച് ഇന്ത്യക്കാരടക്കം 68 യാത്രികരും, രണ്ടു പൈലറ്റുമാരും രണ്ട് എയർഹോസ്റ്റസും ഉൾപ്പടെ 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 68 പേരുടെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. പലരേയും തിരിച്ചറിയാനാവാത്തവിധം കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹമുള്ളത്. രണ്ടു പേരെ ജീവനോടെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണ്. രക്ഷപ്പെട്ട രണ്ടുപേർ ആരാണെന്ന് സ്ഥിരീകരണമായിട്ടില്ല.