നാവില്‍ സ്റ്റാമ്പ് വച്ച അക്രമികള്‍ ഭാര്യ തനിച്ചുള്ള  വീട്ടിലെത്തിയത് തന്നെ കൊല്ലാനെന്ന് ബാല 

കൊച്ചി- മൂന്നംഗ സംഘം ആയുധങ്ങളുമായി തന്റെ ഫ്ളാറ്റില്‍ ആക്രമിക്കാന്‍ എത്തിയെന്ന് ആരോപിച്ച് നടന്‍ ബാല പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കി. തന്റെ വീട് ആക്രമിക്കാന്‍ വന്നവര്‍ ലഹരി ഉപയോഗിച്ചിരുന്നതായും നടന്‍ പറഞ്ഞു. അക്രമികള്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നും ലഭിച്ചിരുന്നു. ഈ സംഭവത്തിന് രണ്ടു ദിവസം മുമ്പ് ഇതേ അക്രമികള്‍ താനും ഭാര്യയും നടക്കാന്‍ ഇറങ്ങിയപ്പോള്‍ എലിബത്തിന്റെ കാലില്‍ വീണതായും ബാല പറയുന്നുണ്ട്.
 ബാല കോട്ടയത്ത് ഒരു പരിപാടിക്ക് പോയ സമയത്താണ് അക്രമികള്‍ താരത്തിന്റെ ഫ്ളാറ്റില്‍ എത്തിയത്.
ഒരു ദിവസം രാവിലെ 6 മണിക്ക് താനും ഭാര്യയും നടക്കാന്‍ പോകുകയായിരുന്നു. അപ്പോള്‍ രണ്ട് പേര്‍ വന്നു. എലിസബത്തിന്റെ കാലില്‍ വീണു. പിറ്റേദിവസം ആരോടും പറയാതെ ഇവര്‍ വീട്ടിലേക്ക് കയറിവന്നു. തന്റെ സുഹൃത്തുക്കള്‍ ഇവിടെ ഉണ്ടായിരുന്നു. അവരെ കണ്ടപ്പോള്‍ പെട്ടെന്ന് ഇറങ്ങി പോയി.
മിനിയാന്ന് താന്‍ കോട്ടയത്ത് പരിപാടിക്ക് പോയിരുന്നു. അപ്പോള്‍ അതേ ആളുകള്‍ താനിവിടെ ഇല്ലെന്ന് അറിഞ്ഞ് വന്ന് ഗുണ്ടായിസം കാണിച്ചു. താന്‍ ഇല്ലെന്നറിഞ്ഞ് തന്റെ ഭാര്യയെ ആക്രമിക്കാന്‍ ശ്രമിച്ചു. കത്തി കൊണ്ടായിരുന്നു ആക്രമണ ശ്രമം. നാവില്‍ സ്റ്റാമ്പ് വച്ചാണ് അവര്‍ വന്നത്. അത് അടിച്ച് കഴിഞ്ഞാല്‍ പിന്നെ ഫുള്‍ ബോധമില്ലാത്ത അവസ്ഥയായിരിക്കുമല്ലോ.
ഫുള്‍ സിസിടിവി ദൃശ്യങ്ങള്‍ കയ്യില്‍ ഉണ്ട്. അവരുടെ വണ്ടി നമ്പര്‍ വരെ കയ്യിലുണ്ട്. തന്നെ കൊല്ലണം എന്നു പറഞ്ഞാണ് അവര്‍ വന്നത്. താനെന്ത് പാപമാണ് ചെയ്തത്. ചിലപ്പോള്‍ ക്വട്ടേഷന്‍ ആകാം. അങ്ങനെ ആണെങ്കില്‍ രണ്ട് പേരെ വിട്ട് തന്നെ നാണം കെടുത്തരുത്. ഒരു മുപ്പത്, നാല്‍പത് പേരെ വിടൂ. ആണുങ്ങളില്ലാത്ത സമയത്ത് വീട്ടില്‍ ചെന്ന് പെണ്ണുങ്ങളെ പേടിപ്പിക്കുന്നതാണോ ആണത്തം. അവള്‍ക്കെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ? എലിസബത്തിന് ഇപ്പോള്‍ ഇവിടെ നില്‍ക്കാന്‍ വരെ പേടിയാണ്. അവരൊരു ഡോക്ടറാണ്. ജീവിതത്തില്‍ ഇതൊന്നും അവള്‍ കണ്ടിട്ടില്ല. തന്നെ ജീവിക്കാന്‍ സമ്മതിക്കുന്നില്ലെന്നാണ്  ബാല പറയുന്നത്.

Latest News