Sorry, you need to enable JavaScript to visit this website.

തരൂരിനും പ്രതാപനും കൊട്ട്; സ്ഥാനാർത്ഥിത്വം ആരും സ്വയം പ്രഖ്യാപിക്കേണ്ട, മുന്നറിയിപ്പുമായി കെ.പി.സി.സി

തിരുവനന്തപുരം - ലോക്‌സഭ, അസംബ്ലി തെരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ആരും സ്വയം പ്രഖ്യാപനം നടത്തേണ്ടതില്ലെന്ന് കെ.പി.സി.സി നിർവാഹകസമിതിയുടെ മുന്നറിയിപ്പ്. അത്തരം കാര്യങ്ങൾ പാർട്ടി തീരുമാനിക്കും. ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരത്തിനില്ലെന്നും എം.എൽ.എയാകാനാണ് താൽപര്യമെന്നും ചില കോൺഗ്രസ് എം.പിമാർ പരസ്യമായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
 സ്വന്തം നിലയിൽ പ്രഖ്യാപനം നടത്തുന്നത് എത്ര ഉന്നതനായാലും വെച്ചുപൊറുപ്പിക്കാനാവില്ല. സംഘടനാ ചട്ടക്കൂട് എല്ലാവർക്കും ബാധകമെന്നും യോഗം വ്യക്തമാക്കി. ശശി തരൂരിന്റെ മുഖ്യമന്ത്രി മോഹവും ലോകസഭയിലേക്കില്ലെന്നും വേണമെങ്കിൽ പകരക്കാരനെ നിർദേശിക്കാമെന്നുമുള്ള ടി.എൻ പ്രതാപന്റെ പരാമർശങ്ങളിലും രൂക്ഷമായ വിമർശവും പരിഹാസവുമാണ് യോഗത്തിലുണ്ടായത്.
 ആര്, എവിടെ മത്സരിക്കണമെന്നത് പാർട്ടിയാണ് തീരുമാനിക്കേണ്ടത്. സ്വന്തം നിലയിൽ തീരുമാനം പ്രഖ്യാപിച്ചാൽ പാർട്ടി സംവിധാനം എന്തിനെന്നു ചോദ്യയമുയരും. പുനഃസംഘടനയിൽ വീഴ്ച പാടില്ലെന്നും നിർവാഹക സമിതി യോഗത്തിൽ അംഗങ്ങൾ പറഞ്ഞു.
 സ്ഥാനാർത്ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് പാർട്ടിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ വ്യക്തമാക്കി. ഇനി സ്ഥാനാർത്ഥിയാകാനില്ലെന്ന് പറയാൻ നേതാക്കൾക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ നീ പാർല്ലമെന്റിലേക്ക്, ഞാൻ നിയമസഭയിലേക്ക് എന്ന് ആരും സ്വയം പ്രഖ്യാപിക്കേണ്ട. എവിടെ മത്സരിക്കുമെന്ന് പറയുന്നതും പകരക്കാരനെ കണ്ടെത്തുന്നതും പാർട്ടി നോക്കിക്കോളുമെന്നും സുധാകരൻ യോഗത്തെ അറിയിച്ചു. 
 നിയമസഭ തെരഞ്ഞെടുപ്പിനെ കുറിച്ച് ചർച്ചകൾ വേണ്ടെന്നും എം.പിമാർക്ക് മടുത്തെങ്കിൽ മാറിനിൽക്കാമെന്നും യു.ഡി.എഫ് കൺവീനർ എം.എം ഹസൻ പറഞ്ഞു. മുഖ്യമന്ത്രി മോഹികളെ തട്ടി നടക്കാൻ പറ്റുന്നില്ലെന്ന് ഷാഫി പറമ്പിൽ എം.എൽ.എയും പരിഹസിച്ചു. വർഷങ്ങളായി പാർലമെന്റിലുള്ളവർ മാറുന്നെങ്കിൽ ആകാമെങ്കിലും പരസ്യമായി അതുസംബന്ധിച്ച് പ്രതികരിക്കേണ്ട കാര്യമില്ലെന്ന് കെ.സി ജോസഫ് ചൂണ്ടിക്കാട്ടി. സ്ഥാനാർത്ഥിത്വം സംബന്ധിച്ച നേതാക്കളുടെ പരസ്യ നിലപാടുകളോട് മുതിർന്ന നേതാവ് എ.കെ ആന്റണിയും യോജിച്ചില്ല.
 ഡി.സി.സി തലം വരെയുള്ള പാർട്ടി പുനഃസംഘടന സമയബന്ധിതമായി പൂർത്തീകരിക്കാൻ യോഗം തീരുമാനിച്ചു. പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങളും പാർട്ടി പരിപാടികളുടെ നടപ്പാക്കലും വിജയിപ്പിക്കാൻ പുനഃസംഘടന അനിവാര്യവും സമയബന്ധിതവുമാകണമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. അഞ്ചുവർഷം പ്രവർത്തിച്ചവരെ പദവികളിൽനിന്ന് മാറ്റിനിർത്തണമെന്ന കരട് മാനദണ്ഡത്തിലെ നിർദേശം അതേപടി നടപ്പാക്കേണ്ടെന്ന് യോഗം നിർദേശിച്ചു. അഞ്ചുവർഷം പ്രവർത്തിച്ചവരിൽ കഴിവുള്ളവരെ അതേ പദവിയിൽ നിലനിർത്തുകയോ അർഹമായ മറ്റ് പദവികളിലേക്ക് മാറ്റുകയോ വേണമെന്നും യോഗം നിർദേശിച്ചു.
 

Latest News