Sorry, you need to enable JavaScript to visit this website.

ജിദ്ദ എക്‌സ്‌പോക്ക് പ്രൗഢ സമാപനം; 13 രാജ്യങ്ങളുമായി ഇന്ന് കരാർ ഒപ്പിട്ടു

ജിദ്ദ ഹജ് എക്‌സ്‌പോ ജവാസാത്ത് പവിലിയൻ സന്ദർശിക്കുന്ന മലയാളം ന്യൂസ് എഡിറ്റർ ഇൻ ചീഫ് താരീഖ് മിശ്ഖസ്

ജിദ്ദ- നാലു ദിവസമായി ജിദ്ദ സൂപ്പർ ഡോമിൽ നടന്നുവന്നിരുന്ന ഹജ് എക്‌സ്‌പോക്ക് പ്രൗഢ സമാപനം. അറുപതോളം ലോക രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്ത ഹജ് എക്‌സ്‌പോ കാണാൻ നിരവധി പേരാണ് എത്തിയത്. ഇതാദ്യമായി വിവിധ രാജ്യങ്ങളുടെ ഹജ് കരാർ ഒപ്പുവെക്കുന്ന ചടങ്ങും ഹജ് എക്‌സ്‌പോയിൽ നടന്നു. ഹജ് തീർഥാടകർക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാനും സേവനങ്ങൾ നൽകാനും 13 രാജ്യങ്ങളുമായി കൂടി ഹജ്, ഉംറ മന്ത്രാലയം കരാറുകൾ ഒപ്പുവെച്ചു. ഈജിപ്ത്, യു.എ.ഇ, സെനഗൽ, ഘാന, ഛാഢ്, താജിക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, തായ്‌ലന്റ്, ദക്ഷിണാഫ്രിക്ക, കിർഗിസ്ഥാൻ, ബെനിൻ, ശ്രീലങ്ക, ടാൻസാനിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഔദ്യോഗിക സംഘങ്ങളുമായി ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുൽ ഫത്താഹ് മുശാത്ത് ആണ് ഹജ് എക്‌സ്‌പോക്കിടെ കരാറുകൾ ഒപ്പുവെച്ചത്. ഇന്ത്യ അടക്കം നിരവധി രാജ്യങ്ങളുമായി കഴിഞ്ഞ ദിവസങ്ങളിൽ സൗദി അറേബ്യ ഹജ് കരാറുകൾ ഒപ്പുവെച്ചിരുന്നു. 

ഹജിന് തീർത്ഥാടകരുടെ യാത്രയും നടപടിക്രമങ്ങളും എളുപ്പമാക്കുന്നതിനായി സൗദി ജവാസാത്ത് നടപ്പാക്കുന്ന പദ്ധതികളുടെ അവതരണം ഹജ് എക്‌സ്‌പോയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു. ഹാജിമാർക്ക് സമ്പൂർണ സുരക്ഷിതത്വം ഉറപ്പു നൽകുന്ന പദ്ധതികളുടെ നേർക്കാഴ്ചകളാണ് ഈ പവിലിയനിലുള്ളത്. ഒരാളുടെ മുഖം സ്‌കാൻ ചെയ്താൽ അയാളെ സംബന്ധിച്ചുള്ള വിവരങ്ങളെല്ലാം വിരൽത്തുമ്പിലേക്കെത്തുന്ന സംവിധാനത്തെപ്പറ്റി നിരവധി പേർ ചോദിച്ചറിഞ്ഞു. 
250 രാജ്യങ്ങളിൽനിന്ന് തീർത്ഥാടനത്തിനായി എത്തുന്ന ആളുകളുടെ വിവരങ്ങൾ ശേഖരിച്ചുവെച്ച ഡാറ്റ സംവിധാനവും ആകർഷകമായി. തീർത്ഥാടകരുടെ പാസ്‌പോർട്ട് സ്‌കാൻ ചെയ്താൽ അവരുടെ മുഴുവൻ വിവരങ്ങളും ലഭ്യമാകും. സ്വന്തം രാജ്യങ്ങളിൽനിന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി അവർക്ക് സൗദിയിലേക്ക് നേരിട്ട് വരാനാകും. നിലവിൽ ആറു രാജ്യങ്ങളിൽ നടപ്പാക്കിയ പദ്ധതി വൈകാതെ മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


ഒരാളുടെ വിരലടയാളം സ്‌കാൻ ചെയ്താൽ മുഴുവൻ വിശദാംശങ്ങളും ലഭ്യമാകുന്ന സംവിധാനവുമുണ്ട്. വിരലടയാളത്തിന് പുറമെ പാസ്‌പോർട്ടും ഇതിൽ സ്‌കാൻ ചെയ്യാം. കൊണ്ടുനടക്കാവുന്ന ചെറിയ ഡിവൈസ് ഏറെ ഉപകാരപ്രദവുമാണ്. ഉദ്യോഗസ്ഥർക്ക് തങ്ങളുടെ വസ്ത്രത്തിൽ ഘടിപ്പിക്കാവുന്ന ഉപകരണവുമുണ്ട്. ഇത് വഴി ഉദ്യോഗസ്ഥർ നിൽക്കുന്ന സ്ഥലത്തെ സംഭവങ്ങൾ പ്രധാന ഓഫീസുകളിലുള്ളവർക്ക് കാണാനും വിലയിരുത്താനുമാകും.
 

Tags

Latest News