ജിദ്ദ-ലോകത്തെ ഏറ്റവും വലിയ ജനസംഗമമായ ഹജിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജിദ്ദ സൂപ്പർഡോമിൽ ഒരുക്കിയ ഹജ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിവിധ ബിസിനസ് സ്ഥാപനങ്ങളുടെ പവിലിയനുകൾ. മാറുന്ന സൗദിയുടെ മുഖം ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിന് വേണ്ടിയുള്ള സ്റ്റാളുകൾ ഏഴു വർഷത്തിനകം സൗദി സഞ്ചരിച്ച് എത്താവുന്ന വൻ മാറ്റങ്ങളിലേക്കുള്ള ചൂണ്ടുപലക കൂടിയാണ്. ഇതിന് പുറമെ, വിവിധ പുതുസംരംഭങ്ങളും ഹജ് എക്‌സ്‌പോയെ മനോഹരമാക്കുന്നു.
വളണ്ടിയർമാർ സമ്മാനിക്കുന്ന മനോഹരമായ ചിരി ഏറ്റുവാങ്ങി എക്‌സ്‌പോയിലൂടെ നടക്കുമ്പോൾ സൗദി മാറുന്നതും ഹജും ഉംറയും സൗദിയുടെ മാറുന്ന കാലത്തിലേക്കുള്ള സഞ്ചാരത്തെ എങ്ങനെയാണ് സഹായിക്കുന്നതെന്നും മനസ്സിലാകും. മുൻകാലങ്ങളിൽ മറ്റു രാജ്യങ്ങളിൽനിന്നുള്ള ഉൽപന്നങ്ങളായിരുന്നു സൗദിയുടെ ദൈനംദിന ജീവിതത്തിൽ പോലും ഉപയോഗിച്ചിരുന്നതെങ്കിൽ സമീപകാലത്ത് അതിന് മാറ്റം വന്നിട്ടുണ്ട്.
എക്‌സ്‌പോയിലെ ഷാഡോ അംബ്രല്ല ഈസ്റ്റ് എന്ന കമ്പനിയുടെ ഉൽപന്നങ്ങൾ ഇക്കാര്യത്തിലെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നാണ്. ഹജിനും ഉംറക്കും വരുന്നവർക്ക് വെയിൽ കൊള്ളാതെ ശരീരത്തിൽ തന്നെ ഫിറ്റ് ചെയ്ത് നടക്കാവുന്ന കുടയാണ് ഷാഡോ അംബ്രല്ല ഈസ്റ്റ് അവതരിപ്പിക്കുന്നത്. ഭാരമേതുമില്ലാതെ കുട തീർത്ഥാടകരെ വെയിലിൽനിന്ന് കാക്കും. ഇതോടൊപ്പം തന്നെയുള്ള ബാഗും ഏറെ ഉപകാരപ്രദമാണ്. ഒരു കിലോ മാത്രം തൂക്കമുള്ള ബാഗ് വിശ്രമ വേളയിൽ ചാരിയിരിക്കാനും ഉപയോഗിക്കാം. അത്തരത്തിലാണ് ബാഗിന്റെ നിർമാണം. ജിദ്ദ ആസ്ഥാനമായ സ്ഥാപനമാണ് ഷാഡോ അംബ്രല്ല ഈസ്റ്റ്.
ഹാജിമാർക്ക് ആവശ്യത്തിനനുസരിച്ച് ചൂടാക്കി ഉപയോഗിക്കാൻ പാകത്തിലുള്ള റെഡി ടു ഈറ്റ് വിഭവങ്ങൾ സമ്മാനിക്കുന്ന സാദ് മേളയിലെ പുതുമുഖ സംരംഭങ്ങളിലൊന്നാണ്. ജിദ്ദയിൽ നിർമാണ ഫാക്ടറിയുള്ള സാദ് ഹാജിമാർക്ക് വിവിധ രാജ്യങ്ങളിലെ ഭക്ഷണങ്ങളാണ് ഒരുക്കി നൽകുന്നത്. ദിവസങ്ങളോളം ഇവ കേടുകൂടാതെയിരിക്കും.
അജ്‌സാൽ അൽ ഖൈർ എന്ന സ്ഥാപനവും സൗദി ഉടമസ്ഥതയിലുള്ളതാണ്. അറുപതിനായിരത്തിലേറെ പേർക്കാണ് കഴിഞ്ഞ റമദാൻ കാലത്ത് പ്രത്യേക പാക്കറ്റുകളിലാക്കിയുള്ള റെഡി ടു ഈറ്റ് വിഭവങ്ങൾ ഈ കമ്പനി നൽകിയത്. മലേഷ്യ, സിംഗപ്പൂർ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിർമാണം. ഇന്ത്യൻ വിഭവങ്ങളടക്കം കമ്പനി നൽകുന്നുണ്ട്.
ഹജ് എക്‌സ്‌പോക്ക് എത്തുന്ന സന്ദർശകർക്ക് ഇടയിലൂടെ നടക്കുമ്പോൾ ഒരു റോബോട്ട് നമ്മുടെ സമീപത്തുകൂടെ സഞ്ചരിക്കും. എക്‌സ്‌പോ വിശദാംശങ്ങൾ അടങ്ങിയ നോട്ടീസും വിശുദ്ധ ഖുർആനും കുടിവെള്ളവുമെല്ലാം റോബോട്ടിലുണ്ട്. എക്‌സ്‌പോയിലെ മുഴുവൻ വഴികളിലൂടെയും റോബോട്ട് സഞ്ചരിച്ചുകൊണ്ടിരിക്കും. കഴിഞ്ഞ വർഷത്തെ ഹജ് വേളയിൽ ഈ റോബോട്ടിന്റെ സേവനം ലഭ്യമായിരുന്നു. ഹജിന് എത്തിയവർക്ക് വിശുദ്ധ ഖുർആൻ കൈമാറിയായിരുന്നു അത്.
ഹജിന് എത്തുന്നവർക്ക് സാങ്കേതിക വിദ്യയുടെ സേവനം പരമാവധി ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയും എക്‌സ്‌പോയുടെ പ്രധാന ആകർഷണകാണ്. ഹജ്, ഉംറ നടപടിക്രമങ്ങൾ അതാത് രാജ്യങ്ങളിൽനിന്ന് തന്നെ പൂർത്തിയാക്കാനുള്ള സൗകര്യത്തിലേക്കുള്ള ആദ്യപടി ഇതോടകം സൗദി പൂർത്തിയാക്കിയിട്ടുണ്ട്. ഈ സൗകര്യങ്ങൾ ഉടൻ മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും. തീർത്ഥാടകർക്ക് സൗജന്യ വൈഫൈ സംവിധാനമൊരുക്കുന്ന മബ്‌റൂർ സേവനം അധികൃതർ വിശദീകരിച്ചു. സ്മാർട്ട് ഫോണുകളിലേക്ക് സൗജന്യമായി ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതാണ് മബ്‌റൂർ. ഹജിന് ഏതു വഴി എത്തിയാലും മബ്‌റൂറിന്റെ സേവനം ലഭ്യമാണ്. ഉറുദുവിലടക്കം പതിനഞ്ചോളം അന്താരാഷ്ട്ര ഭാഷകളിൽ ഈ സേവനം ലഭ്യമാണ്. പൂർണമായും സൗജന്യ സേവനമാണ് മബ്‌റൂർ ഒരുക്കുന്നത്.
ഹജ് എക്‌സ്‌പോയിലെ മലയാളി സാന്നിധ്യമാണ് അൽഫാ കാർഗോ സർവീസിന്റേത്. മലപ്പുറം സ്വദേശി അബ്ദുൽ സലാം നട്ടുവളർത്തിയ സ്ഥാപനം സൗദിയിലെ മുൻനിര കാർഗോ വിതരണക്കാരാണ്. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന്റെ അവാർഡ് നേടിയ അൽഫ കാർഗോക്ക് ജിദ്ദയിലെ ഹെഡ് ഓഫീസിന് പുറമെ, മക്കയിലും മദീനയിലും ബ്രാഞ്ചുകളുണ്ട്. ഉയർന്ന നിലവാരമുള്ള സേവനം ഉറപ്പു നൽകുന്ന കമ്പനി തീർത്ഥാടകരുടെ ലഗേജുകൾക്ക് മൾട്ടിനാഷണൽ ക്ലിയറൻസും വാഗ്ദാനം ചെയ്യുന്നു. ആൽഫ കാർഗോ സർവീസസിന്റെ സിറ്റി ചെക്ക് ഇൻ സേവനം ആരംഭിച്ചതോടെ, തീർഥാടകർക്ക് മക്കയിലെയോ മദീനയിലെയോ താമസ സ്ഥലത്തുനിന്ന് നേരിട്ട് ലഗേജുകൾ കൈമാറാനാകും.
ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സംരംഭങ്ങളുടെ ഭാഗമായി, ആൽഫ കാർഗോ സർവീസസിന് ഇപ്പോൾ പൂർണമായും ഡിജിറ്റൽ സിറ്റി ചെക്ക്ഇൻ സംവിധാനമുണ്ട്. അബ്ദുൽ സലാമിന്റെ മകൻ ജാബിർ അബ്ദുൽ സലാമാണ് അൽഫ കമ്പനിയുടെ ജനറൽ മാനേജർ. സൗദിയുടെ കുതിപ്പിന് ഗതിവേഗം നൽകിയ സംരംഭമാണ് ഹറമൈൻ ഹൈസ്പീഡ് റെയിൽവേ. 2030 ഓടെ സൗദിയുടെ പ്രധാന പൊതുഗതാഗത മാർഗമായി മാറാനുളള ഒരുക്കത്തിലാണ് ഹറമൈൻ സ്പീഡ് റെയിൽവേ.
തീർത്ഥാടകരെയും സന്ദർശകരെയും ലക്ഷ്യസ്ഥാനത്തേക്ക് അതിവേഗം എത്തിക്കാനുള്ള മാർഗമായി ഹറമൈൻ റെയിൽവേ മാറും. റെയിൽവേ ശൃംഖല രാജ്യത്ത് ഒരുക്കിയ സൗകര്യങ്ങളെയും സേവനങ്ങളെയും പറ്റി വിവരിക്കുന്ന സ്റ്റാൾ പവിലിയനിലെ മറ്റൊരു ആകർഷണമാണ്. ഹജിന്റെ വെർച്വൽ റിയാലിറ്റി ഷോയാണ് പവിലിയനിലെ മറ്റൊരു ആകർഷണം. ജിദ്ദ സൂപ്പർ ഡോമിൽ നടക്കുന്ന എക്‌സിബിഷൻ നാളെ അവസാനിക്കും.