ജെറുസലേം- നേരിയ തോതില്‍ മാത്രം പ്രാരംഭ അണുബാധയേറ്റവര്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ കോവിഡില്‍ നിന്നുള്ള എല്ലാ ലക്ഷണങ്ങളും ഇല്ലാതാകുമെന്ന് പഠനം. പുതിയ പഠനം ആശ്വാസമാണ് ലോകത്തിന് സമ്മാനിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ മോഡലിംഗ് അനുസരിച്ച്, യൂറോപ്പില്‍ 2020ലും 2021ലും പ്രാഥമിക അണുബാധയില്‍ നിന്ന് സുഖം പ്രാപിച്ച് മാസങ്ങള്‍ക്ക് ശേഷം നീണ്ട കോവിഡ് ലക്ഷണങ്ങള്‍ അനുഭവപ്പെട്ട കുറഞ്ഞത് 17 ദശലക്ഷം ആളുകളുണ്ടായിരുന്നു. ഈ അവസ്ഥ എത്ര നീണ്ടുനില്‍ക്കുമെന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായിരുന്നില്ല.
2020 മാര്‍ച്ചിനും 2021 ഒക്ടോബറിനും ഇടയില്‍ രാജ്യത്ത് കോവിഡ് ബാധിച്ച എല്ലാ പ്രായത്തിലുമുള്ള രണ്ട് ദശലക്ഷത്തോളം ആളുകളുടെ മെഡിക്കല്‍ രേഖകള്‍ ഇസ്രായേലിലെ ഗവേഷകര്‍ വിശകലനം ചെയ്തു. ഫലങ്ങള്‍ ഡെല്‍റ്റ ഉള്‍പ്പെടെയുള്ള മുമ്പത്തെ കോവിഡ് വകഭേദങ്ങളാണ് പരിശോധനാ വിധേയമാക്കിയത്. എന്നാല്‍ അടുത്തിടെ കണ്ടെത്തിയ ഒമൈക്രോണ്‍ വകഭേദങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല.
മക്കാബഹി ഹെല്‍ത്ത് കെയര്‍ സര്‍വീസസ് നല്‍കിയ കോവിഡ് രോഗവുമായി ബന്ധപ്പെട്ട 70-ലധികം വ്യത്യസ്ത ലക്ഷണങ്ങളുള്ള രേഖകളാണ് ഗവേഷകര്‍ പരിശോധിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ ഉള്‍പ്പെടെ കൂടുതല്‍ ഗുരുതരമായ രോഗങ്ങളുള്ള രോഗികളെ ഒഴിവാക്കിയിരുന്നു.
മണവും രുചിയും നഷ്ടപ്പെടല്‍, ബലഹീനത, ശ്വാസതടസ്സം ഹൃദയമിടിപ്പ്, തലകറക്കം, ഏകാഗ്രത, ഓര്‍മ്മക്കുറവ് എന്നിവ സാധാരണയായി 'ബ്രെയിന്‍ ഫോഗ്' എന്ന് വിളിക്കപ്പെടുന്നതുള്‍പ്പെടെ നിരവധി അവസ്ഥകളുടെ അപകടസാധ്യത ഗണ്യമായി വര്‍ധിക്കുന്നതായി പഠനം കണ്ടെത്തി. എങ്കിലും മിക്ക ലക്ഷണങ്ങളും 12 മാസത്തിനുള്ളില്‍ ഇല്ലാതായിരുന്നു. കോവിഡിന് ശേഷം ഒരു വര്‍ഷത്തേക്ക് ശ്വാസതടസ്സമോ ബലഹീനതയോ ഉള്ള കുറച്ചുപേര്‍ ഇപ്പോഴും ഉണ്ടെന്നും ഇസ്രായേലിലെ കെ ഐ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷക മെയ്തല്‍ ബിവാസ്-ബെനിറ്റ പറഞ്ഞു.
ബി എം ജെ ജേണലില്‍ പ്രസിദ്ധീകരിച്ച പഠന പ്രകാരം വാക്‌സിനേഷന്‍ എടുക്കാത്ത കേസുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വാക്‌സിനേഷന്‍ എടുത്ത രോഗികള്‍ക്ക് ശ്വസന പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും കണ്ടെത്തി.
അതേസമയം, കുട്ടികള്‍ക്ക് മുതിര്‍ന്നവരേക്കാള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കുറവായിരുന്നു. കുട്ടികള്‍ ഭൂരിഭാഗവും ഒരു വര്‍ഷത്തിനുള്ളില്‍ സുഖം പ്രാപിച്ചു. രോഗലക്ഷണങ്ങള്‍ ദീര്‍ഘകാലത്തേക്ക് നീണ്ടുനില്‍ക്കുമെന്ന ആശങ്കകള്‍ പുതിയ പഠനത്തോടെ തനിക്ക് ആശ്വാസമായി മാറഇയെന്ന് ബിവാസ് ബെനിറ്റ വാര്‍ത്താ ഏജന്‍സിയായ എ. എഫ്. പിയോടു പറഞ്ഞു. രോഗബാധിതരായ ഭൂരിപക്ഷം രോഗികളും ഒരു വര്‍ഷത്തിനുശേഷം സുഖം പ്രാപിക്കുമെന്നും അവര്‍ പറഞ്ഞു.
തങ്ങളുടെ രോഗികളുടെ ലക്ഷണങ്ങള്‍ കോവിഡുമായി ബന്ധപ്പെട്ടതാണോ എന്ന് കണ്ടെത്താന്‍ ശ്രമിക്കുന്ന ഡോക്ടര്‍മാര്‍ക്ക് അനിശ്ചിതത്വം കുറയ്ക്കാന്‍ പുതിയ ഗവേഷണം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗവേഷകനായ ബരാക് മിസ്രാഹി പറഞ്ഞു.