ഗാന്ധിനഗര്‍- കേരളത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ ബി. ജെ. പിയുടെ സമരം. ഗുജറാത്തിലെത്തുമ്പോള്‍ വികസനം വിളമ്പുന്ന പോസ്റ്ററില്‍ സാക്ഷാല്‍ തിരുവനന്തപുരം മേയര്‍ ബി. ജെ. പി സര്‍ക്കാറിന്റെ പോസ്റ്ററില്‍. ഇതെന്തു മറിമായം. കേരളത്തിലെ സി. പി. എം മേയര്‍ക്കെന്താ ഗുജറാത്തിലെ സര്‍ക്കാര്‍ പോസ്റ്ററില്‍ കാര്യം. ആ ചോദ്യത്തിനുത്തരം ബി. ജെ. പി സര്‍ക്കാര്‍ തന്നെ പറയേണ്ടി വരും.
രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്‍ വഴി പഞ്ചായത്തുകളുടെ ശാക്തീകരണത്തെ കുറിച്ചുള്ള പോസ്റ്ററിലാണ് ആര്യാ രാജേന്ദ്രന്റെ ഫോട്ടോ വലുതായി വന്നിരിക്കുന്നത്. 2020ല്‍ മേയറായി തെരഞ്ഞെടുത്തതിന് ശേഷമുള്ള ചിത്രമാണ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആര്യയുടെ ചിത്രത്തില്‍ അന്നത്തെ കലക്ടറായിരുന്നു ഡോ. നവജ്യോത് ഖോസെയുമുണ്ട്. പോസ്റ്ററില്‍ മുകള്‍ ഭാഗത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെയും ചിത്രങ്ങളുമുണ്ട്.
കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സ്ത്രീശാക്തീകരണം എന്നു ഗൂഗിള്‍ സെര്‍ച്ച് ചെയ്താല്‍ ലഭിക്കുന്ന ചിത്രങ്ങളിലൊന്നാണ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.