കല്‍പറ്റ-വയനാട്ടിലെ പുതുശേരി വെള്ളാരംകുന്നില്‍ കുടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. പുതുശേരി പള്ളിപ്പുറം സാലുവാണ്(50) നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കടുവ ആക്രമണത്തില്‍ വലതുകാലിനു ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു റഫര്‍ ചെയ്തതിനു പിന്നാലെയാണ് മരണം. കടുവ ആക്രമണത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്നു ആശുപത്രിയിലേക്കു കൊണ്ടുവരുന്നതിനിടെ സാലുവിനു ഹൃദയാഘാതം ഉണ്ടായിരുന്നു.
മാനന്തവാടി ഫോറസ്റ്റ് റേഞ്ചിലെ മക്കിയാട് സ്റ്റേഷന്‍ പരിധിയിലാണ് പുതുശേരി. ഇന്നു രാവിലെയാണ് കടുവ ആക്രമണം ഉണ്ടായത്. പ്രദേശത്തെ നടുപ്പറമ്പില്‍ ലിസിയാണ് വാഴത്തോപ്പിനു സമീപം കടുവയെ ആദ്യം കണ്ടത്. ആലക്കല്‍ ജോമോന്റെ വയലിലും കടുവയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. സ്ഥലത്തെത്തിയ വനപാലകര്‍ തെരച്ചില്‍ നടത്തിയെങ്കിലും കടുവയെ കാണാനായില്ല. ജനങ്ങള്‍ക്കു ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.