കണ്ണൂര്‍- കോടികളുടെ നിക്ഷേപ തട്ടിപ്പില്‍ മുന്‍ പ്രവാസിയുടെ ഭാര്യയ്ക്ക് ഒരു കോടിയിലധികം രൂപ നഷ്ടമായതായി പരാതി. ഇതു വരെ ലഭിച്ച പരാതികളില്‍ ഏറ്റവും കൂടിയ തുകയാണിത്. അതിനിടെ, നിക്ഷേപ തട്ടിപ്പ് അന്വേഷിക്കുന്നതിന് പ്രത്യേക സംഘം രൂപീകരിക്കാന്‍ തീരുമാനിച്ചു.
കണ്ണൂര്‍ അര്‍ബന്‍ നിധി എന്ന നിക്ഷേപ സ്ഥാപനത്തില്‍ 1.16 കോടി രൂപ നിക്ഷേപിച്ചുവെന്നാണ് സ്ത്രീ നല്‍കിയ പരാതി. ഭര്‍ത്താവ് മരിച്ചതിനെത്തുടര്‍ന്ന് ലഭിച്ച ആനുകൂല്യമാണ് നിക്ഷേപിച്ചതെന്നാണ് ഇവര്‍ പറയുന്നത്. അതിനിടെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനില്‍ മാത്രം ലഭിച്ച പരാതികളുടെ എണ്ണം 200 കവിഞ്ഞു. കണ്ണൂര്‍ ജില്ലയിലെ മറ്റു സ്‌റ്റേഷനുകളിലും പരാതികളുടെ പ്രവാഹമാണ്. രണ്ട് ഡയറക്ടര്‍മാരും പ്രധാന ജീവനക്കാരിയും പിടിയിലായതോടെ പണം തിരികെ ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് പരാതി നല്‍കാന്‍ നിക്ഷേപകര്‍ മുന്നോട്ട് വന്നത്.
അതിനിടെ പരാതികള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ തീരുമാനിച്ചു. സാമ്പത്തിക കുറ്റ കേസുകള്‍ അന്വേഷിച്ചു പ്രാഗത്ഭ്യം തെളിയിച്ചവരെയാണ് ഈ ടീമില്‍ ഉള്‍പ്പെടുത്തുക. കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയ ഒന്നാം പ്രതി തൃശൂര്‍ വരവൂലിലെ കുന്നത്തു പീടികയില്‍ കെ.എം.ഗഫൂര്‍ (46), മൂന്നാം പ്രതി ചങ്ങരംകുളം മേലോട് ഷൗക്കത്തലി(43) എന്നീ രണ്ട് ഡയറക്ടര്‍മാരുടെ തെളിവെടുപ്പ് പുരോഗമിക്കുകയാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങി റിമാന്‍ഡിലായ അഞ്ചാം പ്രതി സി.വി. ജീനയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
സ്ഥാപനത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ലാപ് ടോപ്പുകളുടെ പാസ് വേര്‍ഡ് ജീനയ്ക്ക് അറിയാം. മാത്രമല്ല വന്‍ നിക്ഷേപങ്ങള്‍ പലതും ജീന കാന്‍വാസ് ചെയ്ത് കൊണ്ടുവന്നതാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഈ നിക്ഷേപങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മറ്റുള്ളവരില്‍ നിന്ന് നിക്ഷേപങ്ങള്‍ സ്വീകരിച്ചത്. ഒളിവില്‍ പോയ മറ്റൊരു ഡയറക്ടറും കേസിലെ രണ്ടാം പ്രതിയുമായ ആന്റണി, സഹോദരന്‍ സിന്റോ പുത്തൂര്‍ എന്നിവരെ കണ്ടെത്താനുള്ള അന്വേഷണവും നടന്നു വരുന്നു. ആന്റണി, എ.ടി.എം െ്രെപവറ്റ് ലിമിറ്റഡ് കമ്പനി ഡയറക്ടറും സഹോദരന്‍ സ്ഥാപന ത്തിന്റെ ഐ ടി ഡയറക്ടറുമാണ്.
ദല്‍ഹി ആ സ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ് വെയര്‍ സ്ഥാപനം എ ടി എം കമ്പനിക്ക് സോഫ്റ്റ് വെയര്‍ നിര്‍മ്മിച്ച് നല്‍കിയതും സാന്റോയുടെ ആശയ പ്രകാരമായിരുന്നു. 2020 ല്‍ ഒരു സ്വകാര്യ ചാനലിന്റെ അവാര്‍ഡ് ഗവര്‍ണര്‍ ആരിഫ് മു ഹമ്മദ് ഖാനില്‍ നിന്നും സാന്റോ ഏറ്റുവാങ്ങിയിരുന്നു. ഇടപാടുകാരുടെ വിശ്വാസ്യതയ്ക്ക് വേണ്ടി ഈ ഫോട്ടോ ഉള്‍പ്പെട്ട ബ്രോഷര്‍ സാന്റോ ഐ.ടി ഡയറക്ടറായ സ്ഥാപനം വലിയ തോതില്‍ പ്രചാരണത്തിനായി ഉപയോഗിച്ചിരുന്നു. രണ്ടു വര്‍ഷത്തിനിടെ 10000 ത്തോളം നിക്ഷേപകരെയുണ്ടാക്കാനും സ്ഥാപനത്തിന് കഴിഞ്ഞു. ആന്റണി ഉള്‍പ്പടെയുള്ള പ്രതികള്‍ കേരളം വിട്ടതായും സൂചനയുണ്ട്.തട്ടിപ്പിലൂടെ സ്വരൂപിച്ച പണം എന്തുചെയ്തുവെന്നടക്കം കണ്ടെത്താനുണ്ട്. ഇതില്‍ പിടികിട്ടാനുള്ള പ്രതികളിലൊരാളായ തൃശ്ശൂരിലെ ആന്റണി കോടികളുമായാണ് മുങ്ങിയത്. കണ്ണൂരിലെ ഒരു പ്രമുഖന്റെ 85 ലക്ഷവും ഈ സം ഘം വാങ്ങിയിട്ടുണ്ട്. ആന്റണിക്ക് തൃശ്ശൂരില്‍ 40 ലോറികളുണ്ടെന്നാണ് വിവരം. രാഷ്ട്രീയ രംഗത്തെ പ്രമുഖരടക്കം ധാരാളം പേര്‍ ഇവരുടെ കെണിയില്‍ കുടുങ്ങിയിട്ടുണ്ട്. ആന്റണിയുടെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
50 ബാങ്കുകളില്‍ ഈ സംഘത്തിന് അക്കൗണ്ടുള്ളതായി പ്രാഥമികാന്വേഷണത്തില്‍ വിവരം ലഭിച്ചു. അതിനിടെ നിക്ഷേപ തട്ടിപ്പിനിരയായവര്‍ സംഘടിതമായി കേസ് നടത്താനുള്ള ആലോചനയും നടക്കുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)