Sorry, you need to enable JavaScript to visit this website.

നല്ല തറവാടി നായർ; വിശ്വപൗരന്റെ രൂപാന്തരങ്ങൾ

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കേരള രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം ഇതൊരു ഗുണകരമായ പ്രതിഭാസമല്ല. ആധിപത്യമുള്ള സാമുദായിക ശക്തികൾ കേരള രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത് ആദ്യമന്ത്രിസഭ മുതൽ കേരളം കണ്ടതാണ്. അതായിരുന്നല്ലോ വിമോചന സമരത്തിന്റെ ഉദ്ഭവം. പിന്നീട് എക്കാലത്തും തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയം മുതൽ ഭരണത്തിലുടനീളം സാമുദായിക ശക്തികളുടെ സ്വാധീനം പ്രകടമാണ്. 

 

ശശി തരൂർ നല്ല തറവാടി നായരാണെന്നും  ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ യോഗ്യനായ വ്യക്തിയാണെന്നും വിശേഷിപ്പിക്കുകയും വി.ഡി. സതീശനെയും ചെന്നിത്തലയെയും രൂക്ഷമായി വിമർശിക്കുകയും ചെയ്ത എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പ്രസ്താവനയുണ്ടാക്കിയ അലയൊലിയിലാണ് കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയം. ഏതാനും മാസം മുമ്പ് കേവലം ദൽഹി നായരാണെന്നു പറഞ്ഞ നാവു കൊണ്ടാണ് സുകുമാരൻ നായർ തരൂരിനെ തറവാടി നായരും  വിശ്വപൗരനായ കേരളീയനുമായി വിശേഷിപ്പിച്ചത്. അതിന്റെ ഉദ്ദേശ്യമൊക്കെ സാമാന്യ ബോധമുള്ളവർക്ക് വ്യക്തമാണ്.

സാമുദായിക ശക്തികൾ ഒരു ജനാധിപത്യ - മതേതര രാഷ്ട്രീയ സംവിധാനത്തിൽ ഇടപെടുന്നത് ശരിയാണോ എന്ന ചർച്ച എന്നും നടക്കുന്നു. സാമുദായികമായി സംഘടിക്കുന്നതു പോലും ശരിയാണോ എന്ന ചോദ്യവും ഉയരാറുണ്ട്. നൂറ്റാണ്ടുകളായി ജാതിയും സമുദായവം മാത്രമല്ല,  അവയുടെ പേരിൽ വിവേചനവും നിലനിൽക്കുന്ന ഒരു സമൂഹത്തിൽ രാഷ്ട്രീയത്തിൽ നിന്നു മാത്രം അവയെ ഒഴിവാക്കാനാവുമെന്നു കരുതുക വയ്യ. എന്നാൽ ശ്രേണിബദ്ധമായ ജാതി - സമുദായ സമൂഹത്തിൽ ആ ശ്രേണിയുടെ മുകളിൽ നിലകൊള്ളുന്ന, നിലവിലെ അവസ്ഥയിലെ പ്രിവിലേജുകളെല്ലാം അനുഭവിക്കുന്ന വിഭാഗങ്ങൾ രാഷ്ട്രീയത്തിൽ ഇടപെടുന്നത് ശരിയായിരിക്കില്ല. തങ്ങളുടെ സാമൂഹ്യമായ ആധിപത്യം തുടരുക എന്നതായിരിക്കും അവരുടെ രാഷ്ട്രീയ ലക്ഷ്യം. മറുവശത്ത് നൂറ്റാണ്ടുകളായി ക്രൂരമായ വിവേചനമനുഭവിക്കുന്ന വിഭാഗങ്ങൾ സംഘടിക്കുകയും രാഷ്ട്രീയത്തിലടക്കം തുല്യതക്കായി പോരാടുകയും ചെയ്യുന്നത് ഗുണാത്മകമായി തന്നെ കാണണം. 

ഇത്തരമൊരു പരിശോധന നടത്തിയാൽ കാണാൻ കഴിയുക കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക, സാമൂഹ്യ, സാംസ്‌കാരിക, ഔദ്യോഗിക, അധികാര മേഖലകളിലെല്ലാം ജനസംഖ്യാനുപാതികത്തേക്കാൾ എത്രയോ കൂടിയ പ്രാതിനിധ്യവും സ്വാധീനവുമാണ് പൊതുവിൽ സവർണ വിഭാഗങ്ങളുടെയും അതിൽ തന്നെ നായർ വിഭാഗങ്ങളുടേതുമെന്നു കാണാൻ കഴിയും. അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കേണ്ടതുണ്ടെന്നു തോന്നുന്നില്ല. കേരള രാഷ്ട്രീയത്തെ പലപ്പോഴും നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക് എൻ.എസ്.എസ് മാറിയിട്ടുമുണ്ട്. (പലപ്പോഴും പല ക്രിസ്ത്യൻ സഭകൾക്കും അതിനായിട്ടുണ്ടെന്നു മറക്കുന്നില്ല). സംവരണമെന്ന ഭരണഘടന അവകാശത്തിന്റെ അടിസ്ഥാന രാഷ്ട്രീയത്തെ തന്നെ അട്ടിമറിച്ച് സവർണ സംവരണം നടപ്പാക്കാൻ പോലും അവർക്കായി. 

സുകുമാരൻ നായരുടെ ഇപ്പോഴത്തെ ഇടപെടലിനെ കുറിച്ചു പറയുമ്പോൾ ഏതാനും വർഷം മുമ്പത്തെ മറ്റൊരു ഇടപെടൽ മറക്കാറായിട്ടില്ലല്ലോ. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായപ്പോൾ മന്ത്രിസഭയിൽ തങ്ങൾക്കുള്ള സ്വാധീനം കുറഞ്ഞെന്ന ആശങ്കയിൽ അദ്ദേഹം നടത്തിയ താക്കോൽ സ്ഥാന പ്രസ്താവന മറക്കാറായിട്ടില്ലല്ലോ. അങ്ങനെയാണ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായത്. എന്നാൽ സംഭവിച്ചതെന്താണ്? ചെന്നിത്തലക്ക് മതേതരനെന്ന മുഖം നഷ്ടപ്പെടാനും കോൺഗ്രസിലും യു.ഡി.എഫിലും അപ്രീതി കൂടാനും അവസാനം നേതൃത്വം വി. ഡി. സതീശനിലെത്താനും എൻ.എസ്.എസ് നോമിനി എന്ന പ്രതിഛായ കാരണമായി. ഇത് അദ്ദേഹം തിരിച്ചറിഞ്ഞെങ്കിലും വൈകിപ്പോയി. ഇതറിയാവുന്നതിനാലാവാം വി.ഡി. സതീശൻ സുകുമാരൻ നായരോട് വലിയ യുദ്ധത്തിനൊന്നും പോകുന്നില്ലെങ്കിലും അമിതമായ പ്രീതിക്കായി ശ്രമിക്കാത്തത്. 

ഇത്തരം സാഹചര്യത്തിലാണല്ലോ അഖിലേന്ത്യ തലത്തിൽ നിന്ന് തരൂരിന്റെ കേരള രാഷ്ട്രീയത്തിലേക്കുള്ള വരവ്. തീർച്ചയായും അത് തരൂരിന്റെ ഒറ്റക്കുള്ള തീരുമാനമെന്ന് കരുതാനാവില്ല. ജയിക്കില്ല എന്നുറപ്പുണ്ടായിട്ടും തരൂർ എ.ഐ.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത് ഇതിനുള്ള സാഹചര്യമൊരുക്കാനായിരുന്നു എന്നു വ്യക്തം. കോൺഗ്രസിൽ ശതകങ്ങളായി തുടരുന്ന ഗ്രൂപ്പിസത്തിന്റെ തുടർച്ചയുമാണിത്. വാർധക്യസഹജമായ പ്രശ്‌നങ്ങളാൽ ഇനി സജീവമായി ഒരു തിരിച്ചുവരവ് അസാധ്യമാണെന്നുറപ്പായ ഉമ്മൻ ചാണ്ടിക്കു ശേഷം എ ഗ്രൂപ്പിന് ഉന്നതനായ ഒരു നേതാവ് വേണമായിരുന്നു. ഒന്നാം നിരയിലുള്ള നേതാക്കളെല്ലാം ഫലത്തിൽ ഐ ഗ്രൂപ്പുകാരാണ്. ഈ അന്വേഷണമാണ് എ ഗ്രൂപ്പിനെ തരൂരിലെത്തിച്ചത്. തരൂരിന്റെ ഇപ്പോഴത്തെ പ്രവർത്തനങ്ങളുടെയെല്ലാം പിറകിൽ എ ഗ്രൂപ്പുണ്ടെന്നുറപ്പ്. അതിനിടയിലാണ് ഐ ഗ്രൂപ്പിലെ പ്രമുഖ നേതാക്കൾ നായർ സമുദായത്തിൽ നിന്നായതിനാൽ ആ രംഗത്തേക്കും ഒരു കൈ നോക്കാൻ തരൂരും കൂട്ടരും തീരുമാനിച്ചത്. അങ്ങനെയാണ് വിശ്വപൗരൻ തറവാടി നായരാകുന്നത്. ലക്ഷ്യം മുഖ്യമന്ത്രി സ്ഥാനത്തിൽ നിന്നു കുറഞ്ഞതൊന്നുമല്ല എന്നത് വ്യക്തം. എന്നാൽ അത്തരമൊരു വിശേഷണത്തിൽ ആനന്ദിക്കുന്ന തരൂർ ഒരുപക്ഷേ ചെന്നിത്തലയുടെ അനുഭവം ഓർക്കുന്നുണ്ടാവില്ല. എന്തായാലും കോൺഗ്രസ് രാഷ്ട്രീയത്തെ സജീവമാക്കാൻ ഇതുകൊണ്ടായി എന്നതു ശരിയാണ്. ഗ്രൂപ്പിസം എന്നും പാർട്ടിയുടെ ഭാഗമായതിനാൽ ഇതുകൊണ്ടൊന്നും കോൺഗ്രസ് തകരാനും പോകുന്നില്ല.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കേരള രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം ഇതൊരു ഗുണകരമായ പ്രതിഭാസമല്ല. ആധിപത്യമുള്ള സാമുദായിക ശക്തികൾ കേരള രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത് ആദ്യമന്ത്രിസഭ മുതൽ കേരളം കണ്ടതാണ്. അതായിരുന്നല്ലോ വിമോചന സമരത്തിന്റെ ഉദ്ഭവം. പിന്നീട് എക്കാലത്തും തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയം മുതൽ ഭരണത്തിലുടനീളം സാമുദായിക ശക്തികളുടെ സ്വാധീനം പ്രകടമാണ്. 

കഴിഞ്ഞ ദിവസങ്ങളിൽ കേരളം ഏറെ ചർച്ച ചെയ്ത, സംസ്ഥാന കലോത്സവത്തിലെ ഭക്ഷണ വിവാദം ഇതുമായി കൂട്ടിവായിക്കേണ്ടതു തന്നെയാണ്. നമ്മുടെ സാംസ്‌കാരിക മണ്ഡലത്തിലെ സവർണ ആധിപത്യമല്ലാതെ മറ്റെന്താണ് അതിൽ നിന്നു വ്യക്തമായത്? ജാതിയുടെ മാഹാത്മ്യത്തിന്റെ പേരിൽ ഭക്ഷണത്തിലടക്കം കേരളത്തിലെ സാസ്‌കാരിക മണ്ഡലത്തിലെമ്പാടും നിലനിൽക്കുന്ന ആധിപത്യത്തെ വിമർശിച്ചവരെ ജാതിവാദികളാക്കുന്ന കാഴ്ചയും നമ്മൾ കണ്ടു. അതുപോലെ യുവജനോത്സവത്തിന്റെ മുന്നോടിയായി നടന്ന സ്വാഗത ഗാനാവിഷ്‌കാരത്തിലെ ഒരു പ്രത്യേക മതത്തിനെതിരായ ചിത്രീകരണത്തെ വിമർശിച്ചവർ വർഗീയവാദികളുമായി. പുരോഗമനമെന്നും പ്രബുദ്ധമെന്നും വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിന്റെ രാഷ്ട്രീയ - സാംസ്‌കാരിക മനസ്സ് ഇപ്പോഴും മനുസ്മൃതി മൂല്യങ്ങളിലാണ് നിലനിൽക്കുന്നത് എന്നതാണ് ഈ സംഭവങ്ങളെല്ലാം വെളിവാക്കുന്നത്. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

Latest News