ന്യൂദൽഹി - ഇടതുപക്ഷത്തിന്റെ ഉപദേശം കോൺഗ്രസ് ഗൗരവത്തോടെ പരിഗണിച്ചപ്പോഴെല്ലാം അത് രാജ്യത്തിനും കോൺഗ്രസിനും ഗുണം ചെയ്തതായി സി.പി.എം ദേശീയ ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്തെ നല്ല കാലത്തിലേക്ക് നയിക്കാൻ മതനിരപേക്ഷ കക്ഷികൾ ഒന്നിച്ച് നീങ്ങണമെന്നും അദ്ദേഹം പറഞ്ഞു. പ്രണബ് മുഖർജി അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു യെച്ചൂരി.
ഒന്നാം യു.പി.എ സർക്കാറിന്റെ കാലത്ത് കോൺഗ്രസിനെയും ഇടത് പാർട്ടികളെയും ഒന്നിച്ചു കൊണ്ടുപോകുന്നതിൽ നിർണായക പങ്ക് വഹിച്ചയാളായിരുന്നു പ്രണബ് മുഖർജി. വൈരുദ്ധ്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും വിപരീതങ്ങളെ ഒന്നിപ്പിക്കുന്നതിനുമുള്ള കല മുഖർജിക്ക് അറിയാമായിരുന്നു. ത്രിപുരയിൽ കോൺഗ്രസും സി.പി.എമ്മും കൈപിടിച്ചേക്കും
ഞങ്ങളെ ഉപദേശിക്കാനും നയിക്കാനും അദ്ദേഹം ഞങ്ങളോടൊപ്പം ഉണ്ടായിരുന്നെങ്കിലെന്ന് കൂടുതൽ ആഗ്രഹിക്കുന്നു. രാജ്യത്തിന്റെ നല്ല നാളുകൾക്കായി, മതേതര ശക്തികൾ ഒരുമിച്ച് പ്രവർത്തിക്കണം. ഒരുമിച്ച് പ്രവർത്തിക്കുക എന്നതാണ് ഞാൻ പ്രണബ് മുഖർജിയിൽ നിന്ന് പഠിച്ചത്, ആധുനിക ഇന്ത്യയുടെ നിർമാണത്തിൽ പ്രണബ് മുഖർജിയുടെ ജീവിതത്തിനും പ്രവർത്തനത്തിനും വിസ്മരിക്കാനാവാത്ത വിലയുണ്ടെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.
ത്രിപുരയിൽ കോൺഗ്രസും സി.പി.എമ്മും കൈപിടിച്ചേക്കും
ന്യൂദൽഹി - ആസന്നമായ ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.എം-കോൺഗ്രസ് സഹകരണത്തിന് ധാരണ. അടുത്ത മാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സഹകരിച്ച് മത്സരിക്കാനാണ് ഇരു പാർട്ടികളും ധാരണയായത്. ത്രിപുരയുടെ ചുമതലയുള്ള എ.ഐ.സി.സി നേതാവ് അജോയ് കുമാറും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ധാരണയിലെത്തിയത്.
ഈ നീക്കത്തിന് അംഗീകാരം നല്കുന്നതിന് ത്രിപുരയിലെ സി.പി.എം സംസ്ഥാന സമിതി ഇന്നും നാളെയും യോഗം ചേരുന്നുണ്ട്. സഹകരണത്തിനപ്പുറം സഖ്യമായി മത്സരിക്കണമോ വേണ്ടയോ എന്നതടക്കമുള്ള കാര്യങ്ങളിൽ നാളത്തെ സംസ്ഥാന സമിതി യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സി.പി.എം കേന്ദ്രങ്ങളിൽനിന്ന് ലഭിക്കുന്ന വിവരം.
ഏതൊക്കെ സീറ്റുകളിൽ, എങ്ങനെയെല്ലാമാണ് മത്സരിക്കേണ്ടത് എന്നതിൽ തീരുമാനം ഉണ്ടാക്കാൻ സമിതിയെ നിശ്ചയിക്കും. ഇടത് പാർട്ടികളുടെയും കോൺഗ്രസിന്റെയും ത്രിപുരയിലെ പ്രമുഖ നേതാക്കൾ ഉൾപ്പെടുന്നതാകും സമിതി. തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാനാണ് സി.പി.എം ഉൾപ്പടെയുളള ഇടത് പാർട്ടികളുമായി ചേർന്ന് മത്സരിക്കാൻ ധാരണയായതെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.