മഞ്ജു വാര്യർ നായികയായി എത്തുന്ന 'ആയിഷ' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മഞ്ജു വാര്യർ തന്നെയാണ് ട്രെയിലറിൽ നിറഞ്ഞു നിൽക്കുന്നത്. നവാഗതനായ ആമിർ പള്ളിക്കൽ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിലെ 'കണ്ണില് കണ്ണില്' എന്ന ഗാനം മഞ്ജു വാര്യരിന്റെ നൃത്തരംഗങ്ങൾ കൊണ്ട് സോഷ്യൽ മീഡിയയിൽ വൻ തരംഗമായിരുന്നു. പ്രഭുദേവയായിരുന്നു കൊറിയോഗ്രാഫർ.
പ്രേത ഭവനം എന്ന് വിശേഷിപ്പിക്കുന്ന അൽ ഖസ് അൽ ഗാഖിദ് എന്ന നാലു നില കൊട്ടാരമാണ് 'ആയിഷ'യുടെ പ്രധാന ലോക്കേഷൻ. നീണ്ട ഇടവേളയ്ക്ക് ശേഷം റാസൽ ഖൈമയിൽ ചിത്രീകരിക്കുന്ന മലയാള സിനിമയാണിത്. മലയാളത്തിലും അറബിയിലും നിർമിക്കുന്ന ഈ ചിത്രത്തിന് വേണ്ടി മഞ്ജു വാര്യർ അറബി ഭാഷ പഠിച്ചിരുന്നു. ചിത്രത്തിന്റെ രചന ആഷിഫ് കക്കോടിയാണ് നിർവഹിച്ചിരിക്കുന്നത്. ചിത്രം ജനുവരി 20ന് തീയറ്ററുകളിൽ എത്തും.
മഞ്ജു വാര്യർക്ക് പുറമെ രാധിക, സജ്‌ന, പൂർണിമ, ലത്തീഫ, സലാമ, ജെന്നിഫർ, സറഫീന, സുമയ്യ, ഇസ്ലാം തുടങ്ങിയവരും ചിത്രത്തിലുണ്ട്. ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സക്കറിയയാണ് ചിത്രം നിർമിക്കുന്നത്. ഫെദർ ടച്ച് മൂവി ബോക്‌സ്, ഇമാജിൻ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ് എന്നീ ബാനറുകളിൽ ഷംസുദ്ദീൻ, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി. എന്നിവരാണ് ഈ ചിത്രത്തിന്റെ സഹ നിർമാതാക്കൾ. മാജിക് ഫ്രെയിംസാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്. വിഷ്ണു ശർമയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റർ അപ്പു എൻ. ഭട്ടതിരി, കല മോഹൻദാസ്, വസ്ത്രാലങ്കാരം സമീറ സനീഷ്, ചമയം റോണക്‌സ് സേവ്യർ, ചീഫ് അസ്സോസിയേറ്റ് ബിനു ജി. നായർ, ശബ്ദ സംവിധാനം വൈശാഖ്, സ്റ്റിൽ രോഹിത് കെ. സുരേഷ്, ലൈൻ പ്രൊഡ്യൂസർ റഹിം പി.എം.കെ, പി.ആർ.ഒ. എ.എസ്. ദിനേശ്, പ്രൊമോഷൻ കൺസൾട്ടന്റ് വിപിൻ കുമാർ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.