- ഇലന്തൂരിലെ നരബലി മുതൽ ഗ്രീഷ്മക്കഷായം വരേ; മിണ്ടാതെ വേദി കുലുക്കി, സദസ്സിനെ ചിന്തിപ്പിച്ച് ഇവർ...
കോഴിക്കോട് - കണ്ണും കാതും ചെവിയുമുണ്ടായിട്ടും കാണേണ്ടതിനെ കാണാനും കേൾക്കേണ്ടതിനെ കേൾക്കാത്തവർക്കും മുമ്പിൽ ഒരക്ഷരം മിണ്ടാതെ, ചുണ്ടനക്കാതെ കലോത്സവ നഗരി കുലുക്കിയിരിക്കുകയാണ് ടൗൺഹാളിൽ അരങ്ങേറിയ ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ മൂകാഭിനയം.
ഇലന്തൂരിലെ ഇരട്ട നരബലിയും ഡിഗ്രി വിദ്യാർത്ഥിയായ കാമുകനെ കൊന്ന ഗ്രീഷ്മക്കഷായവും ഹൈടെക് യുഗത്തിലെ പുതിയ പുതിയ അന്ധവിശ്വാസങ്ങളുടെ മേച്ചിൽപ്പുറങ്ങളും ലഹരി പടർത്തുന്ന അപകടങ്ങളുമെല്ലാം തുറന്നു കാട്ടുന്നതായിരുന്നു തിങ്ങിനിറഞ്ഞ സദസ്സിൽ നടന്ന മൂകാഭിനയം.
കുട്ടികളുടെ ജനനം മുതലുള്ള അന്ധവിശ്വാസം തൊട്ട് പണം കിട്ടാനായി കൂടെപ്പിറപ്പുകളെയടക്കം കൊലച്ചതിയിൽ വീഴ്ത്തുന്ന സമകാലിക പ്രമേയങ്ങളും മത്സരാർത്ഥികൾ സദസ്സിന്റെ ചിന്തയിലേക്കും കാഴ്ചയിലേക്കുമെറിഞ്ഞു. പ്രണയം ചതിയും പകയുമാകുമ്പോൾ ചിറകറ്റു വീണവരുടെ ആവിഷ്‌കാരവും കാണികളുടെ നിറഞ്ഞ കൈയടി നേടി. പ്രണയിച്ച് സ്വന്തമാക്കിയ ഭാര്യയെ സംശയത്തിന്റെ പേരിൽ കൊല്ലുന്ന സിനിമയിലെ നായകന്റെ ചിത്രീകരണം ഇന്നത്തെ കാലത്ത് കൂടുതൽ പ്രസക്തമാവുന്നുവെന്ന് വ്യക്തമാക്കുന്ന തീമുകളുമുണ്ടായി. ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയുടെ പ്രശ്‌നങ്ങൾ, മൊബൈൽ ദുരുപയോഗം, സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾ, തുടങ്ങിയ വിവിധ പ്രശ്‌നങ്ങളിൽ സമൂഹചിന്തയെ തൊട്ടുണർത്തുന്നതായിരുന്നു ഓരോ അവതരണങ്ങളും. എന്നിട്ടും കുലുക്കമില്ലാത്തവരെ നോക്കി ഇനിയും മൂകമാകരുതെന്ന ഓർമപ്പെടുത്തലും.
മനസ്സിനെ നീറ്റുന്നതും സന്തോഷിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ കാര്യങ്ങൾ മിണ്ടിപ്പറയാതെ ആംഗ്യങ്ങളിലൂടെ, ശരീര ചലനങ്ങളിലൂടെ മൂകമായി പ്രേക്ഷകരിലേക്ക് ഇവർ പകർത്തിയപ്പോൾ ഓരോന്നിനും നിലയ്ക്കാത്ത കൈയടിയാണുയർന്നത്. അപ്പീലിലൂടെ വന്ന രണ്ടു മത്സരാർത്ഥികളുടെ മാർക്ക് തടഞ്ഞ്, ബാക്കിയുള്ള 15 പേർക്കും എ ഗ്രേഡ് നൽകിയാണ് ജൂറി വിധി പ്രഖ്യാപനം നടത്തിയത്.