റിയാദ് - സൗദിയിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ മദ്യവില്‍പനക്ക് അനുമതിയില്ലെന്ന് സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി. ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളും നിയമങ്ങളും പ്രകാരം ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ വില്‍പനക്ക് അനുമതിയില്ലാത്ത വസ്തുക്കളിലാണ് മദ്യം ഉള്‍പ്പെടുന്നത്. കസ്റ്റംസ് തീരുവ കൂടാതെ മുഴുവന്‍ വിദേശ ഉല്‍പന്നങ്ങളും ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ പ്രവേശിപ്പിക്കാനും ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്ന് വിദേശങ്ങളിലേക്ക് കൊണ്ടുപോകാനും മറ്റു ഡ്യൂട്ടി ഫ്രീ ഷോപ്പുകളിലേക്ക് മാറ്റാനും അനുമതിയുണ്ടെന്ന് സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി നിര്‍ണയിച്ച് ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ അംഗീകരിച്ച നിയമ വ്യവസ്ഥകള്‍ വ്യക്തമാക്കുന്നു.
സൗദിയിലെ വ്യോമ, സമുദ്ര, കരാതിര്‍ത്തി പോസ്റ്റുകളില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ സ്ഥാപിക്കാനും സൗദിയിലേക്ക് വരുന്ന യാത്രക്കാര്‍ക്കും സൗദിയില്‍ നിന്ന് വിദേശങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ക്കും ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ വഴി വില്‍പന നടത്താനും അടുത്തിടെ മന്ത്രിസഭ അനുമതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഡ്യൂട്ടി ഫ്രീ ഷോപ്പ് സ്ഥാപനവുമായി ബന്ധപ്പെട്ട നിയമ, വ്യവസ്ഥകള്‍ അതോറിറ്റി നിര്‍ണയിച്ചത്. യാത്രാ വേളയില്‍ ഷോപ്പിംഗിനായി വിപുലമായ ചരക്കുകളും ഉല്‍പന്നങ്ങളും ലഭ്യമാക്കി കൊണ്ട് വിതരണ ശൃംഖലകളെ പിന്തുണക്കാനും ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ക്ക് നല്‍കുന്ന ലോജിസ്റ്റിക് സേവനങ്ങള്‍ മെച്ചപ്പെടുത്താനും മന്ത്രിസഭാ തീരുമാനം സഹായിക്കും. പ്രാദേശിക കമ്പനികളുടെ ഉല്‍പന്നങ്ങള്‍ വില്‍പന നടത്താനുള്ള അധിക ചാനലുകളായി ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ പ്രവര്‍ത്തിക്കും. ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ വില്‍പനക്ക് പ്രദര്‍ശിപ്പിക്കുന്നത് സൗദി ഉല്‍പന്നങ്ങളുടെ പ്രൊമോഷന് സഹായകമാകും. സൗദിയില്‍ നിലവില്‍ ജിദ്ദ, റിയാദ്, മദീന, ദമാം എയര്‍പോര്‍ട്ടുകളിലെ നിര്‍ഗമന ടെര്‍മിനലുകളില്‍ മാത്രമാണ് ഡ്യൂട്ടി ഫ്രീ ഷോപ്പുകളുള്ളത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)