റിയാദ് - സൗദി അറേബ്യ വിദേശങ്ങളിൽ നടത്തിയ നേരിട്ടുള്ള നിക്ഷേപങ്ങളിൽ ഒരു വർഷത്തിനിടെ 8.87 ശതമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷം മൂന്നാം പാദാവസാനത്തോടെ വിദേശങ്ങളിലുള്ള നേരിട്ടുള്ള നിക്ഷേപങ്ങൾ 60,572 കോടി റിയാലായി ഉയർന്നു. 2021 മൂന്നാം പാദത്തിൽ ഇത് 55,638 കോടി റിയാലായിരുന്നു. ഒരു വർഷത്തിനിടെ വിദേശങ്ങളിൽ നടത്തിയ നേരിട്ടുള്ള നിക്ഷേപങ്ങളിൽ 4934 കോടി റിയാലിന്റെ വർധന രേഖപ്പെടുത്തി.
കഴിഞ്ഞ വർഷം രണ്ടാം പാദത്തെ അപേക്ഷിച്ച് മൂന്നാം പാദത്തിൽ വിദേശങ്ങളിലെ നേരിട്ടുള്ള നിക്ഷേപങ്ങൾ 2.2 ശതമാനം തോതിൽ കുറഞ്ഞു. മൂന്നു മാസത്തിനിടെ നിക്ഷേപങ്ങളിൽ 1357 കോടി റിയാലിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 2021 മൂന്നാം പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മൂന്നാം പാദത്തിൽ വിദേശങ്ങളിൽ ബോണ്ടുകളിലുള്ള സൗദി നിക്ഷേപങ്ങൾ 10.9 ശതമാനം തോതിലും കുറഞ്ഞു. ബോണ്ടുകളിലെ നിക്ഷേപങ്ങൾ 21,930 കോടി റിയാലായാണ് കുറഞ്ഞത്.
നിക്ഷേപ ഫണ്ട് ഓഹരികളിലും മറ്റും നടത്തിയ നിക്ഷേപങ്ങൾ ഒരു വർഷത്തിനിടെ 1.05 ശതമാനം തോതിൽ വർധിച്ച് 1.143 ട്രില്യൺ റിയാലായി. കറൻസികളിലുള്ള നിക്ഷേപങ്ങളും വിദേശങ്ങളിലെ ഡെപ്പോസിറ്റുകളും ഒരു വർഷത്തിനിടെ 29.2 ശതമാനം തോതിൽ ഉയർന്നു. മൂന്നാം പാദാവസാനത്തോതടെ ഈ ഗണത്തിൽ പെട്ട നിക്ഷേപങ്ങൾ 96,656 കോടി റിയാലായി ഉയർന്നതായി സെൻട്രൽ ബാങ്ക് കണക്കുകൾ വ്യക്തമാക്കുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)