Sorry, you need to enable JavaScript to visit this website.

കിംഗ് ഫൈസല്‍ അവാര്‍ഡ് കരസ്ഥമാക്കിയ കൊറിയന്‍ പ്രൊഫസര്‍

പ്രൊഫ. ചോയ് യംഗ് കില്‍ ഹാമിദ്
കിംഗ് ഫൈസല്‍ അവാര്‍ഡ് പ്രഖ്യാപന ചടങ്ങില്‍ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍.

റിയാദ് - വിഖ്യാതമായ കിംഗ് ഫൈസല്‍ പുരസ്‌കാരത്തില്‍  ഇസ്‌ലാമിക സേവന വിഭാഗത്തില്‍ അവാര്‍ഡ് പങ്കിട്ട പ്രൊഫ. ചോയ് യംഗ് കില്‍ ഹാമിദ് പ്രബോധന മേഖലയിലെ സജീവ സാന്നിധ്യം. നിരവധി ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ ഉയര്‍ന്ന ഗുണമേന്മയോടെയും കൃത്യതയോടെയും വ്യക്തതയോടെയും കൊറിയന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. മദീന കിംഗ് ഫഹദ് മുസ്ഹഫ് പ്രിന്റിംഗ് കോംപ്ലക്‌സ് ചുമതലപ്പെടുത്തിയതു പ്രകാരം വിശുദ്ധ ഖുര്‍ആനിന്റെ കൊറിയന്‍ ഭാഷാ വിവര്‍ത്തനവും ഇദ്ദേഹമാണ് നിര്‍വഹിച്ചത്. കൊറിയക്കാരെ അറബി ഭാഷ പഠിക്കാന്‍ സഹായിക്കുന്ന കൃതികള്‍ രചിച്ച ഇദ്ദേഹം പ്രബോധന മേഖലയിലും സജീവമാണ്. കൊറിയയിലെ മിയോങ്ജി യൂനിവേഴ്‌സിറ്റിയിലെയും ഹാങ്കോക്ക് യൂനിവേഴ്‌സിറ്റിയിലെയും ഇസ്‌ലാമിക് സ്റ്റഡീസ് വിഭാഗം മുന്‍ പ്രൊഫസറും കൊറിയന്‍ ഇസ്‌ലാമിക് ഹിബ ഫണ്ട് ചെയര്‍മാനുമാണ്.
നൈജറിലെ പെര്‍മനന്റ് കൗണ്‍സില്‍ ഓഫ് ദി ഇസ്‌ലാമിക് സോളിഡാരിറ്റി ഫണ്ട് ചെയര്‍മാനും നൈജര്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് പ്രസിഡന്റുമായ ശൈഖ് നാസിര്‍ ബിന്‍ അബ്ദുല്ല അല്‍സആബിയാണ് കൊറിയന്‍ പ്രൊഫസറോടൊപ്പം പുരസ്‌കാരം പങ്കിട്ടത്.
നൈജറിലെ പെര്‍മനന്റ് കൗണ്‍സില്‍ ഓഫ് ദി ഇസ്‌ലാമിക് സോളിഡാരിറ്റി ഫണ്ട് ചെയര്‍മാന്‍ പദവി വഹിച്ച് റിലീഫ്, ജീവകാരുണ്യ മേഖലയില്‍ നടത്തുന്ന വലിയ ശ്രമങ്ങള്‍ മാനിച്ചും നൈജര്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിക്ക് നേതൃത്വം നല്‍കുന്നത് കണക്കിലെടുത്തുമാണ് ശൈഖ് നാസിര്‍ അല്‍സആബിയെ ഇസ്‌ലാമിക സേവന വിഭാഗത്തിലെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. ഇദ്ദേഹത്തിന്റെ ഫണ്ട് ഇതിനകം സാമൂഹിക, വികസന, വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളില്‍ 23.6 കോടിയിലേറെ അമേരിക്കന്‍ ഡോളര്‍ ചെലവഴിച്ച് 2,775 പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. മധ്യാഫ്രിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായ നൈജര്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് പ്രസിഡന്റ് പദവി 2014 മുതല്‍ ഇദ്ദേഹം വഹിച്ചുവരുന്നു.
ഇസ്‌ലാമിക പഠന വിഭാഗത്തില്‍ സ്‌കോട്ട്‌ലാന്റിലെ എഡിന്‍ബര്‍ഗ് യൂനിവേഴ്‌സിറ്റി പ്രൊഫസറും ബ്രിട്ടീഷ് വംശജനുമായ ഡോ. റോബര്‍ട്ട് ഹിലന്‍ബ്രാന്‍ഡിന് ആണ് അവാര്‍ഡ്. ഇസ്‌ലാമിക് ആര്‍ക്കിടെക്ചര്‍ എന്നതായിരുന്നു ഇത്തവണ ഇസ്‌ലാമിക് സ്റ്റഡീസ് വിഭാഗത്തില്‍ അവാര്‍ഡിന് നിര്‍ണയിച്ച വിഷയം. അറബ് സാഹിത്യ വിഭാഗത്തില്‍ റബാത്തിലെ മുഹമ്മദ് അഞ്ചാമന്‍ യൂനിവേഴിസിറ്റി പ്രൊഫസറും മൊറോക്കൊ വംശജനുമായ ഡോ. അബ്ദുല്‍ ഫത്താഹ് കിലിത്തോ പുരസ്‌കാരം നേടി. പുരാതന അറബി ആഖ്യാനവും ആധുനിക സിദ്ധാന്തങ്ങളും എന്നതായിരുന്നു ഇത്തവണത്തെ വിഷയം.
വൈദ്യശാസ്ത്ര വിഭാഗത്തില്‍ പകര്‍ച്ചവ്യാധികളും വാക്‌സിന്‍ വികസനവും എന്ന വിഷയത്തില്‍ അമേരിക്കയിലെ ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റി പ്രൊഫസറും അമേരിക്കന്‍ വംശജനുമായ ഡോ. ഡാന്‍ ഹൂണ്‍ ബുറുകും ബ്രിട്ടനിലെ ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴിസിറ്റി പ്രൊഫസറും ബ്രിട്ടീഷ് വംശജയുമായ ഡോ. സാറ കാതറീന്‍ ഗില്‍ബെര്‍ട്ടും അവാര്‍ഡ് പങ്കിട്ടു. ശാസ്ത്ര വിഭാഗത്തില്‍ ഇത്തവണ രസതന്ത്രമായിരുന്നു അവാര്‍ഡ് വിഷയം. ഈ വിഭാഗത്തില്‍ അമേരിക്കയിലെ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി) പ്രൊഫസറും അമേരിക്കന്‍ വംശജയുമായ ഡോ. ജാക്കി യി-റു യിംഗ്, അമേരിക്കയിലെ നോര്‍ത്ത് വെസ്റ്റേണ്‍ യൂനിവേഴ്‌സിറ്റി പ്രൊഫസറും അമേരിക്കന്‍ വംശജനുമായ ഡോ. ചാഡ് അലക്‌സാണ്ടര്‍ മെര്‍കിന്‍ എന്നിവര്‍ക്കാണ് അവാര്‍ഡ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


ഇസ്‌ലാമിക സേവനം, ഇസ്‌ലാമിക പഠനങ്ങള്‍, അറബ് സാഹിത്യം, വൈദ്യശാസ്ത്രം, ശാസ്ത്രം എന്നീ അഞ്ച് വിഭാഗങ്ങളിലാണ് കിംഗ് ഫൈസല്‍ അവാര്‍ഡുകള്‍ നല്‍കിവരുന്നത്. ഓരോ വിഭാഗത്തിനും രണ്ട് ലക്ഷം ഡോളര്‍ വീതമാണ് സമ്മാനത്തുക. വിജയികള്‍ക്ക് 200 ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വര്‍ണ മെഡലും സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും. പുരസ്‌കാരങ്ങള്‍ പങ്കിടുന്നവര്‍ക്ക് ക്യാഷ് പ്രൈസ് വീതിച്ചു നല്‍കുകയാണ് പതിവ്.
1979 മുതലാണ് കിംഗ് ഫൈസല്‍ അവാര്‍ഡുകള്‍ നല്‍കിത്തുടങ്ങിയത്. തുടക്കത്തില്‍ ഇസ്‌ലാമിക സേവനം, ഇസ്‌ലാമിക പഠനങ്ങള്‍, അറബ് സാഹിത്യം എന്നീ മൂന്നു വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കിയിരുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം വൈദ്യശാസ്ത്ര മേഖലയിലും ശാസ്ത്ര മേഖലയിലും പുരസ്‌കാരങ്ങള്‍ നല്‍കാന്‍ തുടങ്ങി.
തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറും കിംഗ് ഫൈസല്‍ പ്രൈസ് ബോര്‍ഡ് ചെയര്‍മാനുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്റെ സാന്നിധ്യത്തിലാണ് ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. അവാര്‍ഡ് നിര്‍ണയ കമ്മിറ്റികള്‍ പലതവണ യോഗം ചേര്‍ന്നാണ് ജേതാക്കളെ തെരഞ്ഞെടുത്തതെന്ന് കിംഗ് ഫൈസല്‍ അവാര്‍ഡ് സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്‍ അസീസ് ബിന്‍ മുഹമ്മദ് അല്‍സുബയ്യില്‍ പറഞ്ഞു.
 

 

Latest News