റിയാദ്- സൗദി അറേബ്യയിലെ മുൻനിര ക്ലബ്ബുകളിലൊന്നായ അന്നസ്്‌റിൽ ചേരാൻ ലോക ഫുട്‌ബോളിലെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തിയപ്പോൾ അനുഗമിച്ച ഭാര്യ ജോർജിന റോഡ്രിഗസ് ധരിച്ച അബായ സംബന്ധിച്ച് ചർച്ച സജീവം. അർജന്റീനിയൻ മോഡൽ കൂടിയായ ജോർജിന റോഡ്രിഗസ് മെറൂൺ വെൽവെറ്റ് മേൽവസ്ത്രമാണ് ക്രിസ്റ്റിയാനോക്കൊപ്പം റിയാദിലെത്തിയത്. ഖത്തരി ബ്രാൻഡായ ഡോളാബ് ലൈനിൽനിന്ന് തെരഞ്ഞെടുത്ത വസ്ത്രമാണിത്. റൊണാൾഡോയ്ക്കും അദ്ദേഹത്തിന്റെ നാല് കുട്ടികൾക്കുമൊപ്പം മർസൂൽ പാർക്ക് സ്റ്റേഡിയത്തിലേക്ക് നടക്കുമ്പോൾ ജോർജിന ധരിച്ചത് മാക്സ്മാരയുടെ ടർട്ടിൽനെക്കും പ്രമുഖ വസ്ത്ര ഡിസൈനറായ എലിസബെറ്റ ഫ്രാഞ്ചി രൂപകൽപന ചെയ്ത നീല ജീൻസുമായിരുന്നു.
ഇതാദ്യമായല്ല റോഡ്രിഗസ് ഖത്തറി ലേബൽ ധരിക്കുന്നത്. 2022 ഫിഫ ലോകകപ്പിനായി കഴിഞ്ഞ മാസം ദോഹ ലുസൈൽ സ്റ്റേഡിയത്തിൽ ഖത്തരി ബ്രാൻഡായ 1309 സ്റ്റുഡിയോയുടെ സേജ് ഗ്രീൻ അബായയാണ് ജോർജിന ധരിച്ചിരുന്നത്.
ഫുട്‌ബോൾ ചരിത്രത്തിലെ റെക്കോർഡ് തുകക്കാണ് പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി അന്നസ്ർ ക്ലബ്ബ് കരാർ ഒപ്പുവെച്ചത്. ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോൾ താരമായി അഞ്ചു തവണ തെരഞ്ഞെടുക്കപ്പെട്ട റൊണാൾഡോ 2025 വരെ അന്നസ്ർ ക്ലബ്ബിനു വേണ്ടി കളിക്കളത്തിലിറങ്ങും.
അന്നസ്ർ ക്ലബ്ബ് ഡയറക്ടർ ബോർഡ് പ്രസിഡന്റ് മുസല്ലി ആലുമുഅമ്മർ ആണ് 2025 വരെയുള്ള കാലത്തേക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി കരാർ ഒപ്പുവെച്ചത്. സ്‌പെയിൻ തലസ്ഥാനമായ മാഡ്രിഡിലായിരുന്നു കരാർ ഒപ്പുവെക്കൽ ചടങ്ങ്. റൊണാൾഡോ ഏഴാം നമ്പർ ജഴ്‌സി അണിയുമെന്നും ട്വിറ്ററിലെ ഒഫീഷ്യൽ പേജിൽ അന്നസ്ർ ക്ലബ്ബ് കുറിച്ചു. റൊണാൾഡോയുമായി രണ്ടര വർഷത്തെ കരാറാണ് അൽനസ്ർ ക്ലബ്ബ് ഒപ്പുവെച്ചത്. 2025 വേനൽക്കാലം വരെ കരാർ തുടരും.
മറ്റൊരു രാജ്യത്ത് ഒരു പുതിയ ഫുട്‌ബോൾ ലീഗ് അനുഭവിക്കാൻ ഞാൻ ആവേശഭരിതനാണെന്ന് കരാർ ഒപ്പുവെച്ച ശേഷം റൊണാൾഡോ പറഞ്ഞു. അന്നനസ്ർ ക്ലബ്ബിന്റെ കാഴ്ചപ്പാട് വളരെ പ്രചോദനകരമാണ്. എന്റെ ടീമംഗങ്ങൾക്കൊപ്പം ചേരുന്നതിലും ടീമിനെ കൂടുതൽ വിജയങ്ങൾ നേടാൻ സഹായിക്കുന്നതിലും ഞാൻ ആവേശഭരിതനാണ് -റൊണാൾഡോ പറഞ്ഞു.
ഈ കരാർ ഒരു പുതിയ ചരിത്ര അധ്യായം എഴുതുന്നതിനേക്കാൾ മഹത്തരമാണ്. ഈ കളിക്കാരൻ ലോകത്തിലെ എല്ലാ കായികതാരങ്ങൾക്കും യുവാക്കൾക്കും ഒരു ഉയർന്ന മാതൃകയാണ്. അദ്ദേഹത്തിന്റെ സാന്നിധ്യത്താൽ അന്നസ്ർ ക്ലബ്ബിനും സൗദി കായികലോകത്തിനും വരുംതലമുറക്കും കൂടുതൽ വിജയങ്ങൾ നേടാൻ സാധിക്കും - അന്നസ്ർ ക്ലബ്ബ് പ്രസിഡന്റ് മുസല്ലി ആലുമുഅമ്മർ പറഞ്ഞു. പോർച്ചുഗലിനൊപ്പം 2016 ലെ യൂറോപ്യൻ കപ്പും 2019 ലെ യൂറോപ്യൻ നേഷൻസ് ലീഗും റൊണാൾഡോ നേടിയിരുന്നു. റയൽ മാഡ്രിഡിനൊപ്പം നാലെണ്ണം ഉൾപ്പെടെ അഞ്ചു യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും റൊണാൾഡോ നേടിയിട്ടുണ്ട്. യൂറോപ്യൻ ചാമ്പ്യൻസ് ലീഗിലെ ടോപ്പ് സ്‌കോററായ റൊണാൾഡോയുടെ സാന്നിധ്യം അന്നസ്ർ ക്ലബ്ബിന് വലിയ സാങ്കേതിക, വിപണന മൂല്യം നൽകും. സ്‌പോർട്ടിംഗ് ലിസ്ബൺ, മാഞ്ചസ്റ്റർ യുനൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ് ക്ലബ്ബുകൾക്കു വേണ്ടി മുമ്പ് ജഴ്‌സികളണിഞ്ഞ റൊണാൾഡോയുടെ യൂറോപ്പിനു പുറത്തുള്ള ആദ്യ കളിയനുഭവമായിരിക്കും അന്നസ്ർ ക്ലബ്ബുമായുള്ളത്.