Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സർട്ടിഫിക്കറ്റുകൾ ഡിജിറ്റലായപ്പോൾ വ്യാജന്മാർ സുലഭം


കൊച്ചി- പൊതുജനങ്ങളുടെ സൗകര്യത്തിനായി സർക്കാർ ഓഫീസുകളിൽ നിന്ന് നൽകുന്ന സർട്ടിഫിക്കറ്റുകൾ ഡിജിറ്റലാക്കിയപ്പോൾ വ്യാജ സർട്ടിഫിക്കറ്റുകൾ സുലഭമായി. ആർക്കും വ്യാജ ജന സേവന കേന്ദ്രങ്ങൾ വഴി വ്യാജ സർട്ടിഫിക്കറ്റുകൾ ലഭിക്കുമെന്ന അവസ്ഥയാണ്. കൊച്ചി താലൂക്കിലെ കുഴുപ്പിള്ളി പഞ്ചായത്തിലെ ഒരു ഇ മിത്ര ജനസേവന കേന്ദ്രത്തിൽ നിന്ന് അയ്യമ്പിള്ളി സ്വദേശി ഉണ്ണികൃഷ്ണൻ എന്ന യുവാവിന് ലഭിച്ച വരുമാന സർട്ടിഫിക്കറ്റ് സംബന്ധിച്ച് അന്വേഷണം നടത്തിയപ്പോഴാണ് ഇത്തരത്തിൽ നിരവധി വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിക്കുന്നതായി വിവരം ലഭിച്ചത്.
ഉണ്ണികൃഷ്ണൻ ജനസേവന കേന്ദ്രത്തിൽ ഉന്നത വിദ്യഭ്യാസത്തിന് ചേരുന്നതിനായി വരുമാന സർട്ടിഫിക്കറ്റിന് അപേക്ഷ നൽകി. ദിവസങ്ങൾക്ക് ശേഷവും ഇ ഡിസ്ട്രിക്റ്റ് സന്ദേശം ഫോണിൽ ലഭ്യമാകാതിരുന്നതിനെ തുടർന്ന് ജനസേവന കേന്ദ്രത്തിൽ ചെല്ലുകയും ഇവിടെ നിന്ന് വരുമാന സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. ഇതിൽ സംശയം തോന്നിയ ഉണ്ണികൃഷ്ണൻ ക്യൂആർ കോഡ് സ്‌കാൻ ചെയ്ത് നോക്കിയപ്പോൾ മറ്റൊരു പേരാണ് കണ്ടത്. തുടർന്ന് സമീപത്തെ അക്ഷയ കേന്ദ്രത്തിൽ പരിശോധിച്ചപ്പോഴും സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് മനസ്സിലായി.
ഇതിനെ തുടർന്ന് വ്യാജ സർട്ടിഫിക്കറ്റ് വിതരണം ചെയ്ത കേന്ദ്രത്തിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഉണ്ണികൃഷ്ണൻ ജില്ലാ കലക്ടർക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരത്ത് വിഷ്ണു എന്നയാൾക്ക് അനുവദിച്ച സർട്ടിഫിക്കറ്റിൽ ഉണ്ണികൃഷ്ണന്റെ പേര് ചേർത്ത് നൽകിയതായി ബോധ്യപ്പെടുന്നത്. പരിശോധനയിൽ കുഴുപ്പിള്ളിയിൽ മാത്രം ഇത്തരത്തിൽ അമ്പതോളം സർട്ടിഫിക്കറ്റുകൾ വ്യാജമായി നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. ക്ഷേമ പെൻഷന് വേണ്ടി സമർപ്പിച്ച പല സർട്ടിഫിക്കറ്റുകളും വ്യാജമാണെന്നും കണ്ടെത്തി.

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


പള്ളിപ്പുറം പഞ്ചായത്തിൽ താമസിക്കുന്ന ദമ്പതികളായ രത്‌നകുമാർ, സുധ എന്നിവരും വ്യാജ സർട്ടിഫിക്കറ്റ് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. സാമൂഹ്യ സുരക്ഷിത പെൻഷനായി ജനസേവന കേന്ദ്രത്തിൽ നിന്ന് നൽകിയ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് കാണിച്ചാണ് പരാതി നൽകിയിട്ടുള്ളത്. ഇത്തരത്തിൽ ഭൂമി സംബന്ധമായ സർട്ടിഫിക്കറ്റുകൾ പോലും ഇത്തരം കേന്ദ്രങ്ങളിൽ നിന്ന് വ്യാജമായി ലഭിക്കുവാനുള്ള സാധ്യതകൾ നിലനിൽക്കുന്നുണ്ടെന്ന് റവന്യൂ അധികൃതർ തന്നെ പറയുന്നു.
നിലവിലെ സർട്ടിഫിക്കറ്റുകളിൽ ബന്ധപെട്ട ഉദ്യോഗസ്ഥരുടെ ഡിജിറ്റൽ ഒപ്പില്ലാത്തതും തട്ടിപ്പിന് വളമാകുന്നുണ്ട്. സർക്കാർ രേഖകൾ അംഗീകൃതമായ അക്ഷയ കേന്ദ്രങ്ങൾ വഴി എടുക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിപ്പ് നൽകുന്നുണ്ടെങ്കിലും ഇവിടത്തെ തിരക്ക് മൂലം പലരും ഇത്തരം വ്യാജ കേന്ദ്രങ്ങളിൽ ചെന്ന് പെടുന്ന സാഹചര്യമാണുള്ളത്. സർട്ടിഫിക്കറ്റ് ലഭിക്കുമ്പോൾ അതിലെ ക്യൂ ആർ കോഡ് പലരും സ്‌കാൻ ചെയ്ത് പരിശോധിക്കാൻ തയാറാകാത്തതും തട്ടിപ്പിന് വളമാകുന്നു. 
സംസ്ഥാനത്ത് പലയിടങ്ങളിലും ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ച് നൽകുന്ന കേന്ദ്രങ്ങളുണ്ടെന്നാണ് അക്ഷയ വെൽഫെയർ അസോസിയേഷൻ വ്യക്തമാക്കുന്നത്. പരാതികൾ ഉണ്ടായിട്ട് പോലും റവന്യൂ, പോലീസ് അധികൃതർ ഇത് വേണ്ടത്ര ഗൗരവത്തിലെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
 

Latest News