കൊച്ചി-കോഴിക്കോട്ട് തുടരുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വെജിറ്റേറിയന്‍ ഭക്ഷണം വിളമ്പുന്നതിനെതിരെയും പാചക ചുമതലയുള്ള പഴയിടം മോഹന്‍ നമ്പൂതിരിക്കെതിരെയും മാധ്യമ പ്രവര്‍ത്തകന്‍ അരുണ്‍ കുമാറിന്റെ ഫേസ് ബുക്ക് പോസ്റ്റ്. തുടര്‍ച്ചയായി പഴയിടം മോഹനന്‍ നമ്പൂതിരിക്ക് മാത്രം കലോത്സവത്തില്‍ ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ടെന്‍ഡര്‍ നല്‍കുന്നതിനെതിരെയും വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കൊടുക്കുന്നതിനെതിരെയും സമൂഹ മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കയാണ്.
ഭൂരിപക്ഷം കുട്ടികളും നോണ്‍ വെജ് ആയ കലോത്സവത്തില്‍ ഇത്തരമൊരു വെജിറ്റേറിയന്‍ ഫണ്ടമെന്റലിസം ജാതി വിശ്വാസത്തിന്റെ പ്രതിഫലനമാണെന്ന് അരുണ്‍ കുമാര്‍ കുറ്റപ്പെടുത്തുന്നു. ഈ സീനൊക്കെ അവസാനിപ്പിക്കേണ്ട കാലമായെന്നും, നല്ല കോയിക്കോടന്‍ രുചി കൊടുത്താണ് കുട്ടികളെ തിരിച്ചയക്കേണ്ടതെന്നും അദ്ദേഹം കുറിച്ചു.
സവര്‍ണ്ണന്‍ ദേഹണ്ഡപുരയില്‍ എത്തുന്നതല്ല, നാനാതരം രുചിഭേദങ്ങളും ആഘോഷപൂര്‍വം വിതരണം ചെയ്യപ്പെടുമ്പോഴും രുചി വൈവിധ്യത്തില്‍ ശുദ്ധി കലര്‍ത്താതിരിക്കുമ്പോഴുമാണ് നവോത്ഥാനം വിജയിക്കുന്നതെന്നും അരുണ്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.
16 വര്‍ഷമായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനെത്തുന്ന കൗമാര പ്രതിഭകള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഭക്ഷണം വിളമ്പുന്നത് പഴയിടവും സംഘവുമാണ്. ഇത്തവണ എഴുപത് പേരടങ്ങുന്ന സംഘവുമായാണ് പഴയിടം കോഴിക്കോട് എത്തിയത്.
കലോത്സവത്തിന്റെ ഭാഗമായുള്ള ചക്കരപ്പന്തല്‍ എന്ന ഭക്ഷണശാല മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടിലാണ് ഒരുക്കിയിരിക്കുന്നത്. ഒരേസമയം രണ്ടായിരം പേര്‍ക്ക് ഭക്ഷണം കഴിക്കാന്‍ കഴിയുന്ന ഭക്ഷണ ശാലയില്‍ മൂന്ന് ഷിഫ്റ്റുകളിലായി 1200 അധ്യാപകരാണ് ഭക്ഷണം വിളമ്പുന്നത്.
അരുണ്‍ കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.
ജാതി പ്രവര്‍ത്തിക്കുന്നത് ശുദ്ധി അശുദ്ധി ബോധ്യങ്ങളിലൂടെയാണ്. ചിലപ്പോഴൊക്കെ അത് വേഷം മാറി സുരക്ഷിത വെജിറ്റേറിയന്‍ ഭക്ഷണം എന്ന രൂപത്തില്‍ എത്താറുണ്ട്.
ഭൂരിപക്ഷം കുട്ടികളും നോണ്‍ വെജ് ആയ കലോത്സവത്തിന്‍ ഈ വെജിറ്റേറിയന്‍ ഫണ്ടമെന്റലിസം ജാതി വിശ്വാസത്തിന്റെ പ്രതിഫലനമാണ്. ഈ സീനൊക്കെ അവസാനിപ്പിക്കേണ്ട കാലമായി.
നല്ല കോയിക്കോടന്‍ രുചി കൊടുത്താണ് താത്പര്യമുള്ള കുട്ടികളെ തിരിച്ചയയ്‌ക്കേണ്ടത്. ഇത് പ്രസാദമൂട്ടല്ല, കലോത്സവ ഭക്ഷണപ്പുരയാണ്. നവോത്ഥാനം തോല്‍ക്കുന്നത് ഇങ്ങനെയൊക്കെയാണ്.
സവര്‍ണ്ണന്‍ ദേഹണ്ഡപുരയില്‍ എത്തുന്നതല്ല, നാനാതരം രുചിഭേദങ്ങളും ആഘോഷപൂര്‍വ്വം വിതരണം ചെയ്യപ്പെടുമ്പോഴും രുചി വൈവിധ്യത്തില്‍ ശുദ്ധികലര്‍ത്താതിരിക്കുമ്പോഴുമാണ് അത് വിജയിക്കുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)