കോഴിക്കോട് - മൈലാഞ്ചിച്ചോപ്പണിഞ്ഞ മൊഞ്ചത്തിമാരുടെ അതൃപ്പങ്ങൾ കാണാനും കേൾക്കാനുമായി മുഖ്യ വേദിയായ വെസ്റ്റ്ഹിൽ വിക്രം മൈതാനിയിലേക്ക് കലാസ്വാദകരുടെ ഒഴുക്ക്.
പ്രവാചക പത്‌നിമാരുടെ മംഗല്യപ്പാട്ടുകൾ കൊട്ടിപ്പാടി വേദിയിൽ നിറഞ്ഞുകളിച്ച ടീമുകളെ പ്രേക്ഷകരും നിറഞ്ഞ കൈയടികളോടെയാണ് യാത്രയാക്കുന്നത്. കൃത്യ സമയത്തുതന്നെ ആരംഭിച്ച ഹൈസ്‌കൂൾ വിഭാഗം ഒപ്പന മത്സരം കാണാൻ ഉച്ചയോടെത്തെന്നെ ഇരിപ്പിടങ്ങൾ നിറഞ്ഞിരുന്നു.
ഒപ്പനപ്പാട്ടിന്റെ ഇശലുകൾ പെയ്തിറങ്ങിയ വേദിയിൽ കലോത്സവത്തിന്റെ മറക്കാനാവാത്ത അനുഭവം നെഞ്ചേറ്റാൻ കുടുംബസമേതമാണ് കോഴിക്കോട്ടുകാർ നഗരിയിലേക്ക് ഒഴുകിയത്. മാപ്പിളപ്പാട്ടിലൂടെ കലാസ്വാദകരുടെ മനസ്സിൽ കൂടുകൂട്ടിയ പ്രശസ്ത ഗായികമാരായ വിളയിൽ ഫസീല, മുക്കം സാജിത തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വിധികർത്താക്കൾ. എല്ലാ ടീമുകളും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെക്കുന്നത്.
മേളയിലെ ഗ്ലാമർ ഇനവും മലബാറിന്റെ തനത് കലാരൂപവുമായ ഒപ്പന ആസ്വദിക്കാനായി അതിരാണിപ്പാടം വേദിയിലേക്ക് ഇപ്പോഴും ആളുകൾ വന്നുകൊണ്ടിരിക്കുകയാണ്. പതിവിൽനിന്ന് വ്യത്യസ്തമായി ഒപ്പന മത്സരം നിശ്ചിത സമയത്തുതന്നെ തുടങ്ങിയോ എന്ന അത്ഭുദവും മിസ്സായതിലെ നിരാശയുമാണ് വൈകി വന്നവർക്കുള്ളത്.