കോഴിക്കോട് - സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ അവതരിപ്പിച്ച സ്വാഗത ഗാനത്തോടനുബന്ധിച്ചുള്ള വീഡിയോ വിവാദത്തിൽ പ്രതികരിച്ച് ദൃശ്യ സംവിധായകൻ.
ആരോപിക്കപ്പെടുന്നതുപോലെ ഏതെങ്കിലും വിഭാഗത്തെ തീവ്രവാദികളായി കരിവാരിത്തേക്കാൻ ഉദ്ദേശിച്ചുള്ള ദൃശ്യ ചിത്രീകരണമല്ലെന്നും, കലോത്സവത്തിന്റെ മുഖ്യ നഗരിയായ ക്യാപ്റ്റൻ വിക്രം കാർഗിൽ യുദ്ധത്തിൽ കൊല്ലപ്പെട്ടതിന്റെ ദൃശ്യവിഷ്‌കാരമാണ് ഉദ്ദേശിച്ചതെന്നും ദൃശ്യസംവിധാനം ഒരുക്കിയ മാതാ പേരാമ്പ്രയുടെ ഡയറക്ടർ കനകദാസ് പറഞ്ഞു.
സ്വതന്ത്രമായ ഒരു സംഘടനയാണ് മാതാ പേരാമ്പ്രയെന്നും ദുരുദ്ദേശത്തോടെ ചെയ്തതല്ല ദൃശ്യാവിഷ്‌കാരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദൃശ്യങ്ങൾ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നിൽ പ്രദർശിപ്പിച്ച ശേഷമാണ് സ്റ്റേജിൽ അവതരിപ്പിക്കാൻ അംഗീകാരം ലഭിച്ചതെന്നും പറയുന്നു.
കലോത്സവത്തിന്റെ ലക്ഷ്യം മറക്കുന്നതോ നാടിന്റെ മതസൗഹാർദ്ദ സാംസ്‌കാരിക പൈതൃകത്തിന് കോട്ടമുണ്ടാക്കുന്നതോ ആയ ചെറിയൊരു ചിന്ത പോലും ഇക്കാര്യത്തിലുണ്ടായിട്ടില്ല. പി.കെ ഗോപിയെ പോലെ ഉജ്വലനായൊരു സാംസ്‌കാരിക പ്രവർത്തകന്റെ വരികൾക്ക് തെറ്റായ സന്ദേശം നൽകുന്ന രൂപത്തിൽ ഒരു വീഡിയോ ആർക്കും ആലോചിക്കാൻ പോലുമാവാത്തതാണെന്നും അണിയറ പ്രവർത്തകർ വിശദീകരിക്കുന്നു.
ഒരു മതവിഭാഗത്തെ തീവ്രവാദികളാക്കി ചിത്രീകരിച്ചുള്ള രംഗമാണ് സ്വാഗതഗാനത്തോടൊപ്പമുള്ള വീഡിയോ ദൃശ്യങ്ങളെന്നാണ് വിമർശം. ഇന്ത്യൻ സുരക്ഷാ സേന പിടികൂടുന്ന തീവ്രവാദിയെ അറബ് ശിരോവസ്ത്രമായ കഫിയ്യ ധരിച്ചയാളുടെ വേഷത്തിൽ അവതരിപ്പിക്കുന്നതാണ് വീഡിയോ രംഗം. മുഖ്യമന്ത്രി, സ്പീക്കർ, വിദ്യാഭ്യാസ മന്ത്രി എന്നിവരുടെയെല്ലാം സാന്നിധ്യത്തിലാണ് വിവാദ വീഡിയോ പ്രദർശനമുണ്ടായത്.