- ആദ്യ ക്ലസ്റ്ററിൽ മത്സരിക്കാനുള്ള വിദ്യാർത്ഥികളുടെ വിമുഖത സമയക്രമം പാലിക്കുന്നതിൽ വില്ലനാവുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
കോഴിക്കോട് - സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് സമയക്രമം പാലിക്കുന്നതിൽ എ ഗ്രേഡ്. ആദ്യ ദിനമായ ഇന്ന് 60 ഇനങ്ങളാണ് പൂർത്തീകരിക്കേണ്ടതെന്നിരിക്കെ രാത്രി എട്ടരയോടെ 24 വേദികളിലായി 41 ഇനങ്ങളും പൂർത്തിയായി. ഇന്നത്തെ ബാക്കി മത്സരങ്ങളും നിശ്ചിത സമയത്തിനകം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മലയാളം ന്യൂസിനോട് പറഞ്ഞു.
ആദ്യ ക്ലസ്റ്ററിൽ മത്സരിക്കാൻ മത്സരാർത്ഥികൾ കാണിക്കുന്ന വിമുഖതയാണ് ചില വേദികളിൽ മത്സരങ്ങൾ തുടങ്ങാനും വൈകി പൂർത്തിയാകാനും ഇടയാക്കുന്നത്. ഇക്കാര്യത്തിൽ മത്സരാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ഒന്ന്, രണ്ട്, മൂന്ന് കാളുകളും വിളിച്ചു കഴിഞ്ഞിട്ടും മത്സരാർത്ഥി മത്സരവേദിയിൽ എത്തിയില്ലെങ്കിൽ മത്സരിക്കാനുള്ള അർഹത നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകും. ഈ സാഹചര്യം ഒഴിവാക്കാൻ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചു.
സംസ്ഥാന സ്‌കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് പരിപാടികൾ കൃത്യസമയത്ത് ആരംഭിച്ച് കൃത്യസമയത്തുതന്നെ അവസാനിപ്പിക്കാൻ നടപടി ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. അഞ്ചുദിവസം നീണ്ടുനിൽക്കുന്ന 61-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം രണ്ടുവർഷത്തെ കോവിഡ് ഇടവേളക്കുശേഷമാണ് കലാസ്വാദകരിൽ വീണ്ടും ആവേശമുണർത്തി ഇന്ന് കോഴിക്കോട്ട് ആരംഭിച്ചത്.