കോഴിക്കോട് - സ്‌കൂൾ കലോത്സവത്തിലെ സ്വാഗതഗാനത്തിലെ ദൃശ്യാവിഷ്‌കാര വിവാദം പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. സംസ്ഥാന സർക്കാരിന് സങ്കുചിത സമീപനമില്ല. പരാതി പരിശോധിക്കുമെന്നും മന്ത്രി മാധ്യങ്ങളുടെ ചോദ്യങ്ങളോടായി പ്രതികരിച്ചു.
കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രധാനവേദിയായ വിക്രം മൈതാനിയിൽ മുഖ്യമന്ത്രിയും സ്പീക്കറും മന്ത്രിമാരുടെയും സാന്നിധ്യത്തിൽ അരങ്ങേറിയ സ്വാഗത ഗാനത്തോടൊപ്പമുള്ള ദൃശ്യാവിഷ്‌കാരമാണ് വ്യാപക വിമർശങ്ങൾ ക്ഷണിച്ചുവരുത്തിയത്.
ഒരു മതവിഭാഗത്തെ തീവ്രവാദികളാക്കി ചിത്രീകരിച്ചുള്ള രംഗമാണ് സ്വാഗതഗാനത്തോടൊപ്പമുള്ള വീഡിയോ ദൃശ്യങ്ങളെന്നാണ് വിമർശം. ഇന്ത്യൻ സുരക്ഷാ സേന പിടികൂടിയ തീവ്രവാദിയെ അറബ് ശിരോവസ്ത്രമായ കഫിയ്യ ധരിച്ചയാളുടെ വേഷത്തിൽ അവതരിപ്പിക്കുന്നതാണ് വീഡിയോ രംഗം.
അതിനിടെ, ഏതെങ്കിലും വിഭാഗത്തെ തീവ്രവാദികളായി കരിവാരിത്തേക്കാൻ ഉദ്ദേശിച്ചുള്ള ദൃശ്യ ചിത്രീകരണമല്ലെന്നും, കലോത്സവത്തിന്റെ മുഖ്യ നഗരിയായ ക്യാപ്റ്റൻ വിക്രം കാർഗിൽ യുദ്ധത്തിൽ കൊല്ലപ്പെട്ടതിന്റെ ദൃശ്യവിഷ്‌കാരമാണ് ഉദ്ദേശിച്ചതെന്നുമാണ് ദൃശ്യസംവിധാനം ഒരുക്കിയ മാതാ പേരാമ്പ്രയുടെ ഡയറക്ടർ കനകദാസ് പറഞ്ഞത്. എന്നാൽ സംഭവത്തിന് പിന്നിൽ ആർ.എസ്.എസ് പ്രചാരകനാണെന്നാണ് സമൂഹമാധ്യമങ്ങളിലെ ആരോപണം.