തിരുവനന്തപുരം- ആറ് മാസത്തെ ഇടവേളക്ക് ശേഷം സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷം ചടങ്ങില്‍ നിന്ന് വിട്ടുനിന്നു.
ഭരണഘടനയെ അധിക്ഷേപിച്ച് പ്രസംഗിച്ചതിനെ ചൊല്ലി ആറ് മാസം മുമ്പാണ് സജി ചെറിയാന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചത്. ഇതുമായി ബന്ധപ്പെട്ടകേസ് നിലനില്‍ക്കുമ്പോള്‍ സജി ചെറിയാന്‍ മന്ത്രിയാകുന്നതിനോടുള്ള വിയോജിപ്പ് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ അറിയിച്ചശേഷമാണ് സത്യപ്രതിജ്ഞയ്ക്ക് അനുമതി നല്‍കിയത്. മുഖ്യമന്ത്രി നിര്‍ദേശിക്കുന്നയാള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കാനുള്ള ഭരണഘടനാ ബാധ്യത നിറവേറ്റുകയാണെന്നാണ് ഇതേക്കുറിച്ച് ഗവര്‍ണറുടെ പ്രതികരണം.
കഴിഞ്ഞവര്‍ഷം ജുലൈ ആറിന് പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിലായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം. പ്രസംഗത്തില്‍ ഭരണഘടനയെ അധിക്ഷേപിക്കുന്ന പരാമര്‍ശമുണ്ടായെന്ന പരാതിയെ തുടര്‍ന്നായിരുന്നു രാജി.
കെ.കെ. രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെത്തുടര്‍ന്ന് 2018ല്‍ ചെങ്ങന്നൂരില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ആദ്യമായി സജി ചെറിയാന്‍ നിയമസഭാംഗമായത്. 2021ല്‍ വീണ്ടും ജയിച്ച് മന്ത്രിസഭയിലെത്തി.
സ്ഥാനമൊഴിഞ്ഞപ്പോഴും നികത്താതിരുന്നതിനാല്‍ സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് തിരിച്ചുവരുമെന്ന കാര്യം ഉറപ്പായിരുന്നു.
മധ്യതിരുവിതാംകൂറിലെ സി.പി.എമ്മിന്റെ പ്രമുഖ നേതാവാണ് സജി ചെറിയാന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായാണ് അറിയിപ്പെടുന്നത്. വി.എസ്.പക്ഷക്കാരനായാണ് സജി ചെറിയാന്‍ അറിയപ്പെട്ടിരുന്നത്. ഗ്രൂപ്പുയോഗം ചേര്‍ന്നുവെന്നാരോപിച്ച് മര്‍ദനമേല്‍ക്കേണ്ടിവന്നിട്ടുണ്ട്. 2004ലെ മലപ്പുറം സംസ്ഥാന സമ്മേളനത്തിനുശേഷമാണ് പിണറായി പക്ഷത്തെത്തിയത്.
2011-12 കാലത്ത് കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റിയില്‍ വിഭാഗീയത രൂക്ഷമായിരിക്കെ നടത്തിയ ഇടപെടലാണ് പാര്‍ട്ടിയില്‍ അദ്ദേഹത്തിനു വഴിത്തിരിവായത്. പാര്‍ട്ടി സമ്മേളനത്തില്‍ ഔദ്യോഗിക പാനലിനെതിരേ വി.എസ്.പക്ഷക്കാര്‍ മത്സരിച്ചു ജയിച്ചു. സി.കെ. ഭാസ്‌കരനായിരുന്നു ഏരിയാ സെക്രട്ടറി. സമ്മേളനത്തില്‍ വിഭാഗീയത നടന്നുവെന്നാരോപിച്ച് ഏരിയാ കമ്മിറ്റി പിരിച്ചുവിട്ട് ജില്ലാ സെക്രട്ടേറിയറ്റംഗമായിരുന്ന സജി ചെറിയാന്റെ നേതൃത്വത്തില്‍ അഡ്‌ഹോക് കമ്മിറ്റിയെ നിയോഗിച്ചു. പ്രശ്‌നപരിഹാരത്തിന് ജില്ലാ കമ്മിറ്റി വിളിച്ച യോഗത്തില്‍നിന്ന് വി.എസ്.പക്ഷക്കാര്‍ പ്രകടനമായി പുറത്തേക്കുപോകുകയും ചെയ്തു.
എന്നാല്‍, ചുമതലയേറ്റെടുത്ത സജി ചെറിയാന്‍ എതിര്‍പക്ഷത്തുള്ളവരെയും ചേര്‍ത്തുപിടിക്കാനാണ് ശ്രമിച്ചത്. ടി.കെ. പളനിയൊഴികെ മുഴുവന്‍ പേരെയും പാര്‍ട്ടിയില്‍ നിലനിര്‍ത്താന്‍ അദ്ദേഹത്തിനു സാധിച്ചു. പളനി സി.പി.ഐ.യിലേക്കുപോയി.
മൂന്നു മുന്നണികള്‍ക്കും ശക്തിയുള്ള ചെങ്ങന്നൂരില്‍ 2018ലെ ഉപതിരഞ്ഞെടുപ്പില്‍ 20,956 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സജി ചെറിയാന്‍ വിജയിച്ചത്. 2021ല്‍ പോള്‍ ചെയ്തതിന്റെ 48.58 ശതമാനം വോട്ടുനേടി 32,093 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനായിരുന്നു വിജയം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)