കൊച്ചി : തൃക്കാക്കരയിലെ കൂട്ടബലാത്സംഗ കേസില്‍ ബേപ്പൂര്‍ കോസ്റ്റല്‍ പോലീസ് സി ഐ പി ആര്‍ സുനുവിന് ക്ലീന്‍ചിറ്റ് നല്‍കി പൊലീസ് റിപ്പോര്‍ട്ട്. സുനുവിനെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട്. ഭര്‍ത്താവിന്റെ സമ്മര്‍ദം കാരണമാണ് സിഐ ക്കെതിരെയുള്ള പരാതിയെന്ന് പരാതിക്കാരി മൊഴി നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് ഇന്നലെ ഡി ജി പിയെ നേരില്‍ കണ്ട് വിശദീകരണം നല്‍കാന്‍ സുനുവിന് നിര്‍ദേശം ലഭിച്ചിരുന്നു. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടി മറ്റൊരു ദിവസം അനുവദിക്കണമെന്ന് ഡിജിപിയുടെ നോട്ടീസിന് സുനു മറുപടി നല്‍കി. ഇതിന് പിന്നാലെയാണ് കേസില്‍ സിഐക്ക് എതിരെ തെളിവില്ലെന്ന് കാട്ടി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
തൃക്കാക്കരയില്‍ താമസിക്കുന്ന കൊല്ലം സ്വദേശിനിയായ യുവതിയാണ് സുനുവിനെതിരെ കൂട്ടബലാത്സംഗ പരാതി നല്‍കിയത്. സുനുവും മറ്റ് ചിലരും ചേര്‍ന്ന് കടവന്ത്രയിലും തൃക്കാക്കരയിലും വച്ച് തന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി എന്നായിരുന്നു പരാതി. തന്റെ ഭര്‍ത്താവ് ജയിലില്‍ കഴിയവെയാണ് തന്നെ സ്വാധീനിച്ച് ബലാത്സംഗത്തിന് ഇരയാക്കിയതെന്ന് യുവതി പരാതിയില്‍ പറഞ്ഞിരുന്നു. ആദ്യം രേഖപ്പെടുത്തിയ മൊഴിയില്‍ കൂട്ടബലാത്സംഗം എന്ന് പറഞ്ഞിരുന്ന യുവതി പിന്നീട്, ചോദ്യം ചെയ്യലില്‍ ഈ മൊഴി മാറ്റിപ്പറഞ്ഞു. ഭര്‍ത്താവിന്റെ സമ്മര്‍ദം മൂലമാണ് പരാതി നല്‍കിയതെന്ന് യുവതി ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞു. സുനുവിനെ സര്‍വീസില്‍ നിന്ന് പുറത്താക്കാനുള്ള നടപടികളിലേക്ക് കടക്കാനിരിക്കെയാണ് സി ഐക്കെതിരെ തെളിവില്ലെന്ന് കാട്ടി ഡി ജി പിക്ക് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
സുനുവിനെതിരെ പൊലീസ് സേനയിലെ ഏറ്റവും ഗൗരവമുള്ള ശിക്ഷയായ പിരിച്ചുവിടല്‍ വേണമെന്നായിരുന്നു ഡി ജി പി അനില്‍കാന്ത് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നത്. ആറ് ക്രിമിനല്‍ കേസുകളില്‍ സുനു ഇപ്പോള്‍ പ്രതിയാണ്. അതില്‍ നാലെണ്ണം സ്ത്രീപീഡനക്കേസുകളാണ്. ആറ് മാസം ജയില്‍ ശിക്ഷ അനുഭവിച്ചതിന് പുറമെ 9 തവണ വകുപ്പ് തല അന്വേഷണവും ശിക്ഷാനടപടിയും നേരിട്ടിട്ടുണ്ട്.