കൊച്ചി - ബലാത്സംഗ പരാതിയിൽ പോലീസ് കസ്റ്റഡിയിലെടുത്ത ബേപ്പൂർ കോസ്റ്റൽ സി.ഐ പി.ആർ സുനുവിനെ അന്വേഷണസംഘം തത്കാലം വിട്ടയച്ചു. നാളെ രാവിലെ പത്തിന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചാണ് വിട്ടയച്ചതെന്നാണ് വിവരം.
അറസ്റ്റ് ചെയ്യാനാവശ്യമായ തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ സി.എച്ച് നാഗരാജു പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് വിട്ടയച്ചത്. കസ്റ്റഡിയിലെടുത്ത സി.ഐ സുനുവിന്റെ പശ്ചാത്തലം ശരിയല്ലെന്നും രക്ഷപ്പെടാതിരിക്കാനാണ് കസ്റ്റഡിയിൽ എടുത്തതെന്നും കമ്മിഷണർ വ്യക്തമാക്കിയിരുന്നു.
സി.ഐക്കെതിരായ ബലാത്സംഗ പരാതി ഗുരുതരമാണ്. സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ട്. ബലാത്സംഗ പരാതിയിൽ നിരവധി ആളുകളുടെ പേരുകളുണ്ട്. അവരെയെല്ലാം കണ്ടെത്താനും സാഹചര്യത്തെളിവുകൾ ശേഖരിക്കാനും കൂടുതൽ സമയം ആവശ്യമായി വരുന്നുണ്ട്. അച്ചടക്കം പാലിക്കേണ്ട ഉദ്യോഗസ്ഥനാണ്. അതിനാലാണ് ഇദ്ദേഹത്തെ വേഗം കസ്റ്റഡിയിലെടുത്തതെന്നുമായിരുന്നു കമ്മിഷണർ പറഞ്ഞത്.
തൃക്കാക്കരയിൽ രജിസ്റ്റർ ചെയ്ത പരാതിയിലാണ് ബേപ്പൂർ കോസ്റ്റൽ സി.ഐ സുനുവിനെ തൃക്കാക്കാര പോലീസ് കഴിഞ്ഞ ദിവസം ഡ്യൂട്ടിക്കിടെ കോഴിക്കോട്ടുനിന്ന് കസ്റ്റഡിയിലെടുത്തത്. സാമ്പത്തിക തട്ടിപ്പു കേസിൽ അകപ്പെട്ട ഭർത്താവിനെ രക്ഷിക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് സുനുവും മറ്റു ചിലരും ചേർന്ന് പീഡിപ്പിച്ചുവെന്ന വീട്ടമ്മയുടെ പരാതിയിലാണ് നടപടി.
സുനു നേരത്തെയും ബലാത്സംഗക്കേസിൽ പ്രതിയായിട്ടുണ്ട്. എറണാകുളം മുളവുകാട് സ്‌റ്റേഷനിൽ ജോലി ചെയ്യവേ പരാതിയുമായെത്തിയ ബി.ടെക് ബിരുദധാരിയായ യുവതിയെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. കേസിൽ ഹൈക്കോടതി ജാമ്യം തള്ളിയതോടെ അറസ്റ്റുവരിച്ച സുനുവിനെതിരെ അന്ന് വകുപ്പുതല നടപടിയും സ്വീകരിച്ചിരുന്നു.