കൊച്ചി- പൃഥ്വിരാജിനെയും ആസിഫ് അലിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത 'കാപ്പ' 25 കോടി വേള്‍ഡ് വൈഡ് കളക്ഷനോടെ ബോക്‌സോഫീസില്‍ തിളങ്ങുന്നു. 2022 ഡിസംബര്‍ 22ന് റിലീസ് ചെയ്ത ചിത്രം ദിവസങ്ങള്‍ക്കുള്ളില്‍ 10 കോടി സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ അതിന്റെ ഇരട്ടിയും കടന്ന് ഇരട്ടിമധുരത്തിലാണ്. ബിഗ് ബഡ്ജറ്റില്‍ ചിത്രം 'കാപ്പ'യുടെ രണ്ടാം ഭാഗം അടുത്ത വര്‍ഷം ഉണ്ടാവുമെന്നാണ് റൈറ്റേഴ്‌സ് യൂണിയന്‍ അറിയിച്ചിരിക്കുന്നത്.
മേജര്‍ പ്രീ ബിസിനസ്സ് നടന്ന ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്ത് വിജയകരമായി പ്രദര്‍ശനം തുടരുന്നു. ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് സംവിധായകന്‍ ഷാജി കൈലാസ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു.
ജിനു വി. ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്റെ സഹകരണത്തിലാണ് ചിത്രം നിര്‍മ്മിച്ചത്. തിരുവനന്തപുരം നഗരത്തിലെ അധോലോകത്തിന്റെ കഥ പറയുന്ന ഇന്ദുഗോപന്റെ പ്രശസ്ത നോവല്‍ 'ശംഖുമുഖി'യെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ ജി. ആര്‍. ഇന്ദുഗോപന്‍ തന്നെയാണ് തയ്യാറാക്കിയത്. നാഷണല്‍ അവാര്‍ഡ് ജേതാവ് അപര്‍ണ ബാലമുരളിയാണ് നായിക. അന്ന ബെന്‍, ഇന്ദ്രന്‍സ്, നന്ദു, ദിലീഷ് പോത്തന്‍, ജഗദീഷ് എന്നിവരാണ് മറ്റ് താരങ്ങള്‍. ജോമോന്‍ ടി. ജോണ്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് ചിത്രസംയോജനവും നിര്‍വ്വഹിച്ച ചിത്രത്തിന് ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. പൃഥ്വിരാജ് ചിത്രം 'കടുവ'ക്ക് ശേഷം പൃഥ്വിരാജ്- ഷാജി കൈലാസ് കൂട്ടുകെട്ടിലെത്തിയ മലയാള ചിത്രമാണ് 'കാപ്പ'.
കലാസംവിധാനം: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, സ്റ്റില്‍സ്: ഹരി തിരുമല, ഡിസൈന്‍: ഓള്‍ഡ് മങ്ക്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സഞ്ജു വൈക്കം, അനില്‍ മാത്യു, അസോസിയേറ്റ് ഡയറക്ടര്‍: മനു സുധാകരന്‍, പി. ആര്‍. ഒ: ശബരി. പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്റ്: വിപിന്‍ കുമാര്‍.