കോഴിക്കോട് - പൗരത്വനിയമം നടപ്പാക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് മുസ്ലിം നേതൃസമിതി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.രാജ്യത്തിന്റെ വൈവിധ്യങ്ങളെ തകര്‍ക്കുകയും ഭരണഘടന പൗരന് നല്‍കുന്ന അവകാശങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്ന ഏകസിവില്‍ കോഡ് നീക്കത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഏറ്റവും വലിയ പ്രക്ഷോഭം രാജ്യത്ത് നടന്നതാണ്. ഇതെല്ലാം കണ്ടില്ലെന്ന് നടിച്ചാണ് 11 സംസ്ഥാനങ്ങളോട് പൗരത്വ നിയമം നടപ്പാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് രാജ്യതാല്പര്യത്തിന് എതിരാണ് - യോഗം വ്യക്തമാക്കി.
സംവരണത്തിന്റെ അടിസ്ഥാനം സാമൂഹ്യനീതിയാണ്. 103-ാം ഭരണഘടനാഭേദഗതിയിലൂടെ സാമ്പത്തിക സംവരണം അനുവദിച്ചത് വഴി പിന്നോക്ക വിഭാഗങ്ങളുടെ ന്യായമായ അവകാശങ്ങള്‍ ഇല്ലാതാകുകയാണ്. സുപ്രീംകോടതിയുടെ വിശാല ബെഞ്ച് സംവരണ വിധി പരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പാഠ്യപദ്ധതി ചട്ടക്കൂടില്‍നിന്ന് വിവാദ വിഷയങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. വിവാദ വിഷയങ്ങള്‍ നീക്കം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതുവരെയും നടപ്പായിട്ടില്ല. ചട്ടക്കൂടിലെ ജെന്റര്‍ സാമൂഹ്യനിര്‍മ്മിതിയാണെന്ന പദം നീക്കംചെയ്യണം. ധാര്‍മികമൂല്യങ്ങള്‍ തകര്‍ക്കുന്നതും മതനിരാസ ചിന്ത വളര്‍ത്തുന്നതുമായ ഭാഗങ്ങള്‍ ഒഴിവാക്കണം.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. പി.എം.എ സലാം സ്വാഗതം പറഞ്ഞു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി എന്നിവര്‍ പ്രസംഗിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, മുസ്തഫ മുണ്ടുപാറ, സി.പി ഉമര്‍ സുല്ലമി, അബ്ദുല്‍ ലത്തീഫ് കരുമ്പുലാക്കല്‍, എം.ഐ അബ്ദുല്‍ അസീസ്, പി.എന്‍ അബ്ദുല്‍ ലത്തീഫ് മദനി, ഇ.പി അഷ്‌റഫ് ബാഖവി, ടി.കെ അഷ്‌റഫ്, പി.ഉണ്ണീന്‍, എഞ്ചിനീയര്‍ പി മമ്മദ് കോയ, ശിഹാബ് പൂക്കോട്ടൂര്‍ പങ്കെടുത്തു.