സാന്റോസ് - എക്കാലത്തെയും മികച്ച കളിക്കാരന്‍ അന്ത്യയാത്രക്കൊരുങ്ങിയതോടെ അദ്ദേഹത്തെ വളര്‍ത്തിയ നഗരം കണ്ണീര്‍ക്കടലില്‍. സാന്റോസിന്റെ വില ബെല്‍മീരൊ സ്‌റ്റേഡിയത്തില്‍ പെലെയുടെ ഭൗതികശരീരം കാണാന്‍ ആയിരങ്ങളാണ് രാവിലെ മുതല്‍ ക്യൂ നിന്നത്. ദീര്‍ഘകാലമായി കാന്‍സറുമായി പോരാട്ടത്തിലായിരുന്ന എണ്‍പത്തിരണ്ടുകാരന്‍ വ്യാഴാഴ്ചയാണ് മരണപ്പെട്ടത്.
സാവൊപൗളോയിലെ പതിനാറായിരം പേര്‍ക്കിരിക്കാവുന്ന സാന്റോസ് സ്‌റ്റേഡിയത്തിലായിരുന്നു പെലെയുടെ അവിസ്മരണീയമായ പല ഗോളുകളും പിറന്നത്. സ്റ്റേഡിയത്തിന് 600 മീറ്റര്‍ അകലെയുള്ള സെമിത്തേരിയില്‍ സ്വകാര്യ ചടങ്ങിലായിരിക്കും ഇന്ന് ശവസംസ്‌കാരം. അതിനു മുമ്പ് പെലെ വളര്‍ന്ന തെരുവുകളിലൂടെയും അമ്മ താമസിക്കുന്ന വീടിനു മുന്നിലൂടെയും നഗരപ്രദക്ഷിണം നടത്തും. നൂറു വയസ്സുകാരിയായ അമ്മ ബോധമില്ലാതെ കിടപ്പിലാണ്.
ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനൊ, ബ്രസീല്‍ സുപ്രീം കോടതി ജഡ്ജി ഗില്‍മര്‍ മെന്‍ഡെസ്, നിരവധി മുന്‍കാല ബ്രസീല്‍ താരങ്ങള്‍ തുടങ്ങിയവര്‍ ആദ്യ മണിക്കൂറുകളില്‍ തന്നെ ഇതിഹാസ താരത്തെ അവസാനമായി കാണാനെത്തി. 24 മണിക്കൂര്‍ നീളുന്ന പൊതുദര്‍ശനത്തിനിടയില്‍ നിയുക്ത ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനേസിയൊ ലൂല ഡാസില്‍വയുള്‍പ്പെടെയുള്ളവര്‍ എത്തും. തുറമുഖ നഗരമായ സാന്റോസിലാണ് ലൂലയും ജീവിച്ചിരുന്നത്. വൈസ് പ്രസിഡന്റ് ജെറാള്‍ഡൊ ആല്‍ക്മിന്‍ സാന്റോസ് ആരാധകനാണ്. സുപ്രീം കോടതിയില്‍ പെലെ ഒപ്പിട്ട ജഴ്‌സിയും അദ്ദേഹം ഗോള്‍വല കാക്കുന്ന ചിത്രവും അദ്ദേഹത്തിന്റെ ഡിവിഡികളുടെയും ഫോട്ടോകളുടെയും കലക്ഷനുമുണ്ടെന്ന് സുപ്രീം കോടതി ജഡ്ജി പറഞ്ഞു.
1940 ല്‍ ഗ്രാമപ്രദേശമായ ട്രെസ് കോരക്കോസില്‍ ജനിച്ച പെലെ പതിനാറാം വയസ്സിലാണ് സാന്റോസില്‍ ചേര്‍ന്നത്. പിന്നീട് ജീവിതത്തിന്റെ വലിയൊരു ഭാഗം ചെലവിട്ടത് ഈ നഗരത്തിലാണ്. പെലെ, സാന്റോസ്, ബ്രസീല്‍ എന്നു മാത്രം രേഖപ്പെടുത്തി ആയിരക്കണക്കിന് കത്തുകളാണ് ഈ നഗരത്തിലെത്തിയിരുന്നത്. പെലെയുടെ മകന്‍ എഡിഞ്ഞൊ പില്‍ക്കാലത്ത് സാന്റോസിന്റെ ഗോള്‍കീപ്പറായി. നെയ്മാറും 2009-203 കാലത്ത് സാന്റോസ് ജഴ്‌സിയണിഞ്ഞു. റോഡ്രിഗൊ, സെ റോബര്‍ടൊ, ജിയോവാനി, റോബിഞ്ഞൊ, ഗബ്രിയേല്‍ ബര്‍ബോസ തുടങ്ങിയ ബ്രസീല്‍ കളിക്കാര്‍ സാന്റോസ് അക്കാദമിയുടെ ഉല്‍പന്നങ്ങളാണ്. സാന്റോസ് തുറമുഖം ഇനി കിംഗ് പെലെ പോര്‍ട് എന്നാണ് അറിയപ്പെടുക.
സാവൊപൗളോയിലെ ആല്‍ബര്‍ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ നി്‌ന്നെത്തിയ മൃതദേഹം കരിമരുന്ന് പ്രയോഗത്തോടെയാണ് സാന്റോസ് സ്വീകരിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അയ്യായിരത്തിലേറെ മാധ്യമപ്രവര്‍ത്തകരാണ് ശവസംസ്‌കാരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയിരിക്കുന്നത്. പെലെയുടെ പേരുള്ള ബ്രസീല്‍, സാന്റോസ് ജഴ്‌സികള്‍ ധരിച്ചാണ് പലരും അന്ത്യദര്‍ശനത്തിനെത്തിയത്.