റിയാദ് - പ്രമുഖ ഡയറി കമ്പനിയായ അൽമറാഇ ജനുവരി ഒന്നു മുതൽ പാലുൽപന്നങ്ങളുടെ വില ഉയർത്തിയതിൽ ഉപയോക്താക്കൾക്കിടയിൽ വ്യാപക പ്രതിഷേധം. ഒന്നര റിയാൽ വിലയുണ്ടായിരുന്ന സബാദി (കട്ടിതൈര്) യുടെ വില രണ്ടു റിയാലായും മൂന്നര റിയാൽ വിലയുണ്ടായിരുന്ന ക്രീമിന്റെ വില നാലു റിയാലായും കുട്ടികൾക്കുള്ള ചെറിയ പാക്കറ്റ് പാലിന്റെ വില ഒന്നര റിയാലിൽ നിന്ന് രണ്ടു റിയാലായും ഫ്‌ളേവറുകൾ ചേർത്ത പാൽ പാക്കറ്റുകളുടെ വില രണ്ടു റിയാലിൽ നിന്ന് രണ്ടര റിയാലായും അര ലിറ്റർ പാലിന്റെ വില മൂന്നര റിയാലിൽ നിന്ന് നാലു റിയാലായുമാണ് കമ്പനി ഉയർത്തിയത്. മറ്റു നിരവധി പാലുൽപന്നങ്ങളുടെ വിലയും അര റിയാൽ മുതൽ നാലു റിയാൽ വരെ ഉയർത്തിയിട്ടുണ്ട്. കാലിത്തീറ്റയുടെയും മറ്റു വസ്തുക്കളുടെയും വിലയും ചരക്കുനീക്ക ചെലവുകളും വലിയ തോതിൽ ഉയർന്നതാണ് പാലുൽപന്ന വില നേരിയ തോതിൽ വർധിപ്പിക്കാൻ നിർബന്ധമാക്കിയതെന്ന് കമ്പനി വ്യക്തമാക്കി.
പുതിയ വില വർധനയുടെ പശ്ചാത്തലത്തിൽ അൽമറാഇ കമ്പനി ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന് ചിലർ സാമൂഹിക മാധ്യമങ്ങളിൽ ആഹ്വാനം ചെയ്യുന്നുണ്ട്. മുമ്പും ഡയറി ഉൽപന്നങ്ങളുടെ വില ഉയർത്തിയപ്പോൾ ബഹിഷ്‌കരണ ആഹ്വാനങ്ങൾ ഉയർന്നിരുന്നെങ്കിലും കാര്യമായ ഫലം ചെയ്തിരുന്നില്ല. മുൻവർഷങ്ങളിൽ ചില കമ്പനികൾ ഉൽപന്നങ്ങളുടെ വില നേരിട്ട് ഉയർത്തിയപ്പോൾ മറ്റു ചില കമ്പനികൾ പാക്കറ്റുകളുടെ വലിപ്പവും അളവും കുറച്ച് പരോക്ഷമായി വില ഉയർത്തുകയാണ് ചെയ്തത്.
സൗദിയിൽ പാലുൽപന്നങ്ങളുടെ വില ഉയരുന്നതിനു മുമ്പായി മുട്ട, കോഴിയിറച്ചി വിലയും വർധിച്ചിരുന്നു. ഇതിനും കാലിത്തീറ്റ വില വർധനയാണ് കമ്പനികൾ ന്യായീകരണമായി പറഞ്ഞത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
കഴിഞ്ഞ ആറു വർഷത്തിനിടെ സൗദിയിൽ പാലുൽപന്ന വില 45 ശതമാനത്തിലേറെ ഉയർന്നിട്ടുണ്ട്. തുടക്കത്തിൽ ഒരു വൻകിട ഡയറി കമ്പനി വില ഉയർത്തുകയും മറ്റു കമ്പനികൾ പിന്നീട് ഈ പാത പിന്തുടരുകയുമാണ് പതിവ്. അര ലിറ്റർ പാലിന്റെയും മോരിന്റെയും വില 2017 ൽ 2.75 റിയാലും 2018, 2019, 2020 വർഷങ്ങളിൽ മൂന്നു റിയാലും 2022 ൽ മൂന്നര റിയാലുമായിരുന്നു. ഇതാണിപ്പോൾ നാലു റിയാലായി മാറിയിരിക്കുന്നത്. ആറു വർഷത്തിനിടെ അര ലിറ്റർ പാലിന്റെയും മോരിന്റെയും വില 45.5 ശതമാനം ഉയർന്നിട്ടുണ്ട്.
അതേസമയം, പാലുൽപന്നങ്ങളുടെ വില വർധന തടയാൻ വാണിജ്യ മന്ത്രാലയം ഇടപെടണമെന്ന് ഉപയോക്താക്കൾ ആവശ്യപ്പെട്ടു. പതിനൊന്നു വർഷം മുമ്പ് പ്രമുഖ ഡയറി കമ്പനി വില ഉയർത്തിയപ്പോൾ വാണിജ്യ മന്ത്രാലയം ഇടപെടുകയും വില പഴയപടിയാക്കാൻ നിർബന്ധിക്കുകയും ചെയ്തിരുന്നു. സമാനമായ മറ്റു ഉൽപന്നങ്ങളുടെ പ്രാദേശിക വിപണിയിലെ വില സ്ഥിരത ചൂണ്ടാക്കാട്ടിയാണ് വില പഴയ പടിയാക്കാൻ അന്ന് ഡയറി കമ്പനിയെ മ്രന്താലയം നിർബന്ധിച്ചത്. സമാന നടപടി മന്ത്രാലയത്തിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നാണ് ഉപയോക്താക്കൾ ആവശ്യപ്പെടുന്നത്.
സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത പ്രമുഖ ഡയറി കമ്പനി ഈ വർഷം ആദ്യത്തെ ഒമ്പതു മാസക്കാലത്ത് 140 കോടിയിലേറെ റിയാലും മറ്റൊരു കമ്പനി ഏഴു കോടിയിലേറെ റിയാലും ലാഭം നേടിയിരുന്നു. ഇതിൽ ഒരു കമ്പനി പ്രതിദിനം 52 ലക്ഷം റിയാലും മറ്റൊന്ന് 2,61,000 റിയാലും ലാഭം നേടുന്നുണ്ടെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. ഇത്രയും ഭീമമായ ലാഭം നേടുന്ന കമ്പനികൾ വില വർധനയിലൂടെ വീണ്ടും ഉപയോക്താക്കളെ പിഴിയുന്നത് ന്യായീകരിക്കാൻ കഴിയില്ലെന്ന് ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു.
ആഗോള തലത്തിൽ ഭക്ഷ്യവസ്തുക്കളുടെ വില കുറയുമെന്ന പ്രതീക്ഷകൾക്കിടെയാണ് സൗദിയിൽ പാലുൽപന്നങ്ങളുടെ വില ഉയരുന്നത്. കഴിഞ്ഞ വർഷാവസാനം ലോകത്ത് ധാന്യങ്ങളുടെ വില എട്ടു ശതമാനത്തോളം കുറഞ്ഞിരുന്നു. കേന്ദ്ര ബാങ്കുകൾ ആവർത്തിച്ച് പലിശ നിരക്കുകൾ ഉയർത്തിയതും ആഗോള സാമ്പത്തിക മാന്ദ്യവും ഭക്ഷ്യവസ്തുക്കളുടെ വില വർധനക്ക് തടയിടുമെന്നാണ് കരുതുന്നത്. പലിശ നിരക്കുകൾ ഉയർത്തിയതും സാമ്പത്തിക മാന്ദ്യവും ലോകത്ത് ഭക്ഷ്യവസ്തുക്കൾക്കുള്ള ആവശ്യം കുറക്കുകയും ഭക്ഷ്യവസ്തുക്കൾ ഇറക്കുമതി ചെയ്യാനുള്ള ചില രാജ്യങ്ങളുടെ ശേഷി ദുർബലമാക്കുകയും ചെയ്യും. അന്തിമമായി ആഗോള തലത്തിൽ ഭക്ഷ്യവസ്തുക്കളുടെ വില കുറയാൻ ഇവയെല്ലാം ഇടയാക്കുമെന്നാണ് കരുതുന്നത്.