പാലക്കാട്- തനിച്ച് താമസിക്കുകയായിരുന്ന വൃദ്ധയെ കൊലപ്പെടുത്തി സ്വര്‍ണ്ണമാല കവര്‍ന്ന കേസില്‍ കമിതാക്കള്‍ അറസ്റ്റില്‍. കൊടുമ്പ് തിരുവാലത്തൂര്‍ ആറ്റിങ്ങല്‍ പത്മാവതി(74)യുടെ മരണവുമായി ബന്ധപ്പെട്ട് കിണാശ്ശേരി തോട്ടുപാലം ബഷീര്‍(40), തത്തമംഗലം തുമ്പിച്ചിറ കൊല്ലംകുളമ്പ് സത്യഭാമ(33) എന്നിവരെയാണ് ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകം നടന്ന ദിവസം പത്മാവതിയുടെ മകന്റെ വീട്ടില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് ഇരുവരും. മോഷണശ്രമത്തെ എതിര്‍ത്തപ്പോഴാണ് കൊലപാതകം നടന്നതെന്ന് ഇവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് മകന്റെ വീടിനോട് ചേര്‍ന്നുള്ള പഴയ തറവാട്ടുവീട്ടില്‍ വൃദ്ധയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശരീരത്തിലുണ്ടായിരുന്ന മൂന്നു പവന്റെ മാല നഷ്ടപ്പെട്ടിരുന്നു. മോഷണശ്രമത്തിനിടയിലാണ് കൊലപാതകം നടന്നത് എന്ന നിഗമനത്തോടെയാണ് പോലീസ് അന്വേഷണം തുടങ്ങിയത്. വീടുപണിക്കെത്തിയ തൊഴിലാളികളെ കേന്ദ്രീകരിച്ചായിരുന്നു തുടക്കം. സംഭവദിവസം ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് ബഷീര്‍ പണി അവസാനിപ്പിച്ച് പോയെന്ന് കൂടെയുണ്ടായിരുന്നവര്‍ മൊഴി നല്‍കിയതോടെ അയാള്‍ സംശയത്തിന്റെ നിഴലിലായി. പോലീസ് അന്വേഷിച്ചെത്തിയപ്പോള്‍ ആള്‍ ഒളിവില്‍ പോയതായി കണ്ടെത്തി. തുടര്‍ന്നാണ് കൂടെ ജോലിക്കെത്തിയിരുന്ന സത്യഭാമയെ ചോദ്യം ചെയ്തത്. ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന യുവതിക്ക് ബഷീറുമായി ബന്ധമുണ്ടായിരുന്നു. കോയമ്പത്തൂരിലേക്ക് രക്ഷപ്പെട്ട ബഷീറിനെ അവിടെയെത്തിയാണ് അറസ്റ്റ് ചെയ്തത്.
സംഭവദിവസം ഭക്ഷണസമയത്ത് തറവാട്ടു വീടിനു പിറകില്‍ വിശ്രമിക്കുമ്പോഴാണ് ഇരുവരും ചേര്‍ന്ന് മോഷണത്തിന് ശ്രമിച്ചത്. മറ്റു പണിക്കാരുടെ ശ്രദ്ധയില്‍പ്പെടാതെ രണ്ടു പേരും മേല്‍ക്കൂരയിലൂടെ ഇറങ്ങി കിടപ്പുമുറിയിലായിരുന്ന പത്മാവതിയുടെ അടുത്തെത്തുകയായിരുന്നു. മാല പൊട്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ വൃദ്ധ ബഹളം വെച്ചു. തുടര്‍ന്ന് കൈവശമുണ്ടായിരുന്ന തോര്‍ത്തുമുണ്ട് കഴുത്തില്‍ മുറുക്കി രണ്ടുപേരും ചേര്‍ന്ന് കൊലപാതകം നടത്തി. ഒന്നും അഅറിയാത്തപോലെ വീടിന്റെ പിറകുവശത്തെ വാതില്‍ തുറന്ന് ഇരുവരും പുറത്തെത്തി പണി പുനരാരംഭിച്ചു. തൃശൂരില്‍ പോകേണ്ടതുണ്ട് എന്നു പറഞ്ഞ് ബഷീര്‍ മൂന്നു മണിയോടെ സ്ഥലം വിട്ടു. ജോലിസമയം കഴിഞ്ഞാണ് സത്യഭാമ മടങ്ങിയത്. ചിറ്റൂരിലെ ഒരു ജ്വല്ലറിയിലെത്തി മാല വിറ്റ ബഷീര്‍ പുതിയ ഒരു മൊബൈല്‍ ഫോണ്‍ വാങ്ങിച്ചു. ഉണ്ടായിരുന്ന ബാധ്യതകള്‍ വീട്ടിയതിനു ശേഷം മിച്ചം വന്ന അമ്പതിനായിരം രൂപ സത്യഭാമയുടെ വീട്ടിലെത്തി അവരെ ഏല്‍പ്പിച്ചു. മരണവുമായി ബന്ധപ്പെട്ട് തെരയുന്നുണ്ട് എന്ന് സത്യഭാമ അററിയിച്ചപ്പോള്‍ ബഷീര്‍ കുറച്ച് പണം വാങ്ങി തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ടു. ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ ആസൂത്രണത്തിന്റെ ഭാഗമായാണ് മാലമോഷണം നടത്തിയത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ചിറ്റൂരിലെ ജ്വല്ലറിയിലെത്തി മാല വാങ്ങുമെന്ന് ഉറപ്പു വരുത്തിയതിനു ശേഷമാണ് അതിന് തുനിഞ്ഞത്. ആര്‍ഭാടജീവിതം നയിക്കാനാണ് ഇരുവരും പണം ചെലവഴിച്ചിരുന്നത് എന്ന് പോലീസ് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)