Sorry, you need to enable JavaScript to visit this website.

ലോകത്തെ ഏറ്റവും മികച്ച ആപ്പുകളിൽ ഒന്നായി റിയാഫൈ ടെക്‌നോളജീസ്

പോയ വർഷത്തെ ലോകത്തെ ഏറ്റവും മികച്ച ഗൂഗിൾ പ്ലേസ്റ്റോർ ആപ്പുകളിൽ ഒന്നായി കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പായ റിയാഫൈ ടെക്‌നോളജിയുടെ ഡാൻസ് വർക്കൗട്ട് ഫോർ വെയിറ്റ് ലോസ് ആപ് തെരഞ്ഞെടുത്തു. ഗൂഗിളിന്റെ ബെസ്റ്റ് ഓഫ് ഫൺ വിഭാഗത്തിലാണ് പുരസ്‌കാരം. ബംഗളൂരുവിൽ നടന്ന ഗൂഗിൾ ഡെവലപ്പർ ഉച്ചകോടിയിൽ പ്രഖ്യാപിച്ച പുരസ്‌കാരം കേരള സ്റ്റാർട്ടപ് മിഷൻ സംഘടിപ്പിച്ച ഹഡിൽ കേരളയിൽ വെച്ച് തമിഴ്‌നാട് ഐടി വകുപ്പ് മന്ത്രി ടി മനോ തങ്കരാജ് റിയാഫൈക്ക് സമ്മാനിച്ചു. ഗൂഗിൾ പ്ലേ സ്റ്റോർ വഴിയുള്ള മൊബൈൽ ആപ്പുകളിൽ വിവിധ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് പുരസ്‌കാര നിർണയം നടത്തുന്നത്. കേരള സ്റ്റാർട്ടപ് മിഷനിൽ ഇൻകുബേറ്റ് ചെയ്ത കമ്പനിയാണ് റിയാഫൈ ടെക്‌നോളജീസ്.
സമൂഹത്തിൽ മുമ്പെങ്ങുമില്ലാത്ത വിധം ആരോഗ്യത്തിനും വ്യായാമത്തിനും പ്രാധാന്യം കൈവന്ന കാലത്താണ് ഈ മേഖലയിലെ സാധ്യതകൾ പൂർണമായും ഉപയോഗപ്പെടുത്താനും അതു വഴി സമൂഹത്തിന് മികച്ച സേവനം നൽകാനും ഇത്തരമൊരു ആപ് റിയാഫൈ നിർമിച്ചതെന്ന് സിഇഒ ജോൺ മാത്യു പറഞ്ഞു. ദിവസേന ചെയ്യുന്ന വ്യായാമത്തിൽ വിനോദപരമായ ചേരുവകൾ ചേർക്കുകയാണ് ഈ വർക്കൗട്ട് ആപ് ചെയ്യുന്നത്. 11 ഭാഷകളിലായി 176 രാജ്യങ്ങളിൽ ഈ ആപ് ലഭിക്കുന്നു. കോവിഡ് മഹാമാരിക്കാലത്ത് ജിംനേഷ്യങ്ങളോ മറ്റു പൊതു വ്യായാമ സംവിധാനങ്ങളോ ഉപയോഗിക്കാൻ സാധിക്കാതിരുന്ന കാലത്ത് ഈ ആപ് ഏറെ ഗുണം ചെയ്‌തെന്ന് ജോൺ ചൂണ്ടിക്കാട്ടി.
നൃത്തം ചെയ്യിച്ചുകൊണ്ട് ആരോഗ്യമുള്ള തലമുറയെ സൃഷ്ടിക്കുകയെന്നതാണ് റിയാഫൈയുടെ ഈ ആപ്പിന്റെ മുദ്രാവാക്യം. അടുത്ത ഒരു വർഷത്തിനുള്ളിൽ പത്തു ലക്ഷം പേരിലേക്ക് ഈ ആപ് എത്തിക്കുകയെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 2013 ൽ ആറ് സുഹൃത്തുക്കൾ ചേർന്നു സ്ഥാപിച്ച റിയാഫൈ എട്ട് വർഷത്തിനുള്ളിൽ നിരവധി നൂതന ഉൽപന്നങ്ങളിലൂടെ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയ സംരംഭമാണ്. 

പടം
തമിഴ്‌നാട് ഐ.ടി വകുപ്പ് മന്ത്രി ടി മനോ തങ്കരാജിൽനിന്ന് റിയാഫൈ പ്രതിനിധികൾ ബെസ്റ്റ് ഓഫ് ഫൺ പുരസ്‌കാരം ഏറ്റുവാങ്ങുന്നു. 

Latest News