ലഖ്‌നൗ- മുട്ടിമുട്ടി നിര്‍മിച്ച രണ്ട് ക്ലോസറ്റുകള്‍ വൈറലായതിനു പിന്നാലെ ഉത്തര്‍പ്രദേശില്‍നിന്ന് സമാന ചിത്രങ്ങള്‍ വീണ്ടും. ബസ്തിയിലെ ഗൗര ധുന്‍ധ ഗ്രാമത്തില്‍ ഒറ്റ ശുചിമുറിയില്‍ രണ്ട് ക്ലോസറ്റുകള്‍ സ്ഥാപിച്ചതിന്റെ ചിത്രങ്ങളാണ് അടുത്തിടെ വൈറലായിരുന്നത്.
ബസ്തിയില്‍ തന്നെ മറയില്ലാതെ അടുത്തടുത്തായി നിര്‍മിച്ചിരിക്കുന്ന നാല് കക്കൂസുകളുടെ ചിത്രങ്ങളാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ സ്ഥാനം പിടിച്ചത്.
സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ബസ്തി ജില്ലാ കേന്ദ്രത്തില്‍നിന്ന് 40 കിലോമീറ്റര്‍ അകലെ തെഹ്‌സില്‍ റുധൗലി പ്രദേശത്തെ ധന്‍സ ഗ്രാമത്തിലെ ശൗചാലയ സമുച്ചയത്തില്‍ നിന്നുള്ളതാണ് ചിത്രങ്ങള്‍. കക്കൂസിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പഞ്ചായത്ത് രാജ് വകുപ്പ് ഉദ്യോഗസ്ഥര്‍ വിഷയം ഒതുക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുണ്ട്.
റുധൗലി ബ്ലോക്കിലെ ധന്‍സ ഗ്രാമത്തില്‍ നിര്‍മിച്ച പൊതുശൗചാലയത്തിന്റെ കാര്യത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല. ജില്ലാ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ ഇക്കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം നടപടിയെടുക്കും. പദ്ധതി പ്രകാരം നാല് പൊതു ശൗചാലയങ്ങള്‍ നിര്‍മ്മിക്കാം, എന്നാല്‍ ഇവിടെ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല. ഈ കക്കൂസുകള്‍ നിര്‍മ്മിച്ചവര്‍ക്കെതിരെ നടപടിയെടുക്കും- വികസന വകുപ്പ് ചീഫ് ഓഫീസര്‍ രാജേഷ് പ്രജാപതി അറിയിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)