Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തുറന്ന സ്ഥലം കക്കൂസാക്കുന്നവര്‍ക്ക് അന്നം മുടക്കി കിരണ്‍ ബേദി 

പുതുച്ചേരി- തുറന്ന സ്ഥലത്ത് വിസര്‍ജനം തുടരുന്ന ഗ്രാമങ്ങളിലുള്ളവര്‍ക്ക് സൗജന്യ അരി നല്‍കരുതെന്ന് കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലെ ലെഫ്. ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ ഉത്തരവ്. ഗ്രാമങ്ങളെ മാലിന്യമുക്തമാക്കുന്നതിന് ഗവര്‍ണര്‍ കണ്ടെത്തിയ വഴി പക്ഷേ, രാഷ്ട്രീയ പാര്‍ട്ടികളുടേയും ഉദ്യോഗസ്ഥരുടേയും ഭാഗത്തുനിന്ന് വന്‍ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയിരിക്കയാണ്. തീര്‍ത്തും അംസംബന്ധമായ ഉത്തരവിനെ ഗവര്‍ണറുടെ ഏകാധിപത്യ പ്രവണതയായാണ് പാര്‍ട്ടികള്‍ വിലയിരുത്തുന്നത്.
പുതച്ചേരിയിലെ മണ്ണാഡിപേട്ട് ഗ്രാമത്തില്‍ രാജ് നിവാസ് എന്ന പേരിലുള്ള ഗ്രാമീണ മാനേജ്‌മെന്റ് സംഘം 115 തവണ സന്ദര്‍ശിച്ച ശേഷമാണ് റേഷന്‍ തടയുകയെന്ന തീരുമാനം കൈക്കൊണ്ടതെന്ന് ഗവര്‍ണര്‍ കിരണ്‍ ബേദി ട്വറ്ററില്‍ അവകാശപ്പെട്ടു. കേന്ദ്ര ഭരണപ്രദേശത്തെ പാതി ജനങ്ങള്‍ക്കും ഇപ്പോള്‍ സൗജന്യ അരി ലഭിക്കുന്നുണ്ടെന്ന് അവര്‍ വിശദീകരിച്ചു. ശുചിത്വഗ്രാമമാണെന്ന് അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുവരെ ഗ്രാമങ്ങലിലുള്ളവര്‍ക്ക് സൗജന്യ അരി നല്‍കേണ്ടതില്ലന്നാണ് ഉത്തരവ്. 
പ്രദേശത്തെ എം.എല്‍.എയും സിവില്‍ സപ്ലൈസ് കമ്മീഷനിലെ കമ്മ്യൂണ്‍ കമ്മീഷണറും ചേര്‍ന്നാണ് ഗ്രാമത്തില്‍ തുറന്ന സ്ഥലം കക്കുസാക്കുന്നില്ല, മാലിന്യങ്ങള്‍ അലക്ഷ്യമായി തള്ളുന്നില്ല, പ്ലാസ്റ്റിക് മാലിന്യമില്ല തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന സംയുക്ത സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. ഗ്രാമീണര്‍ക്ക് നല്‍കാതെ തടഞ്ഞുവെക്കുന്ന അരി സുരക്ഷിതമായി സൂക്ഷിക്കുമെന്നും ഗ്രാമത്തില്‍ നിബന്ധന പൂര്‍ത്തിയാകുന്നതോടെ വിതരണം ചെയ്യുമെന്നും ഗവര്‍ണര്‍ വിശദീകരിക്കുന്നു. 
എം.എല്‍.എമാരേയും വകുപ്പ് സെക്രട്ടറിമാരേയും കേന്ദ്ര സര്‍ക്കാരിനേയും അഭിസംബോധന ചെയ്തുകൊണ്ടുള്ളതാണ് കിരണ്‍ ബേദിയുടെ ഇതുസംബന്ധിച്ച പ്രസ്താവന. ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് നാലാഴ്ചക്കകം നേടിയിരിക്കണമന്ന് ഗ്രാമങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്ന ഗവര്‍ണര്‍ അതിനുശേഷവും വേണ്ടിവന്നാല്‍ സൗജന്യ റേഷന്‍ പിടിച്ചുവെക്കുമെന്ന് അറിയിച്ചു.
ഇല്ലാത്ത അധികാരങ്ങള്‍ കൈക്കലാക്കാനാണ് ഗവര്‍ണറുടെ ശ്രമമെന്നും ഇത്തരം ഉത്തരവുകള്‍ നല്‍കാന്‍ മുഖ്യമന്ത്രിക്ക് പോലും അധികാരമില്ലെന്നും റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എം.ജി. ദേവസഹായം അഭിപ്രായപ്പെട്ടു. ഇത് തികച്ചും അസംബന്ധമണ്. പൗരനെന്ന നിലയില്‍ ഭക്ഷണത്തിനര്‍ഹനാണ്. അതു പാരമ്പരാഗതമായി തുടരുന്ന അകാശമാണ്-അദ്ദേഹം പറഞ്ഞു. ഭരണഘടനയിലെ 21 ാം വകുപ്പ് നല്‍കുന്ന ജിവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നതാണ് ഗവര്‍ണറുടെ ഉത്തരവെന്ന് ദേവസഹായത്തിനു പുറമെ, മറ്റു ഉദ്യോഗസ്ഥരും പാര്‍ട്ടി നേതാക്കളും ചൂണ്ടിക്കാണിക്കുന്നു. പൊതുജനാരോഗ്യം ഉറപ്പുവരുത്തുക സര്‍ക്കാരിന്റെ പ്രാഥമിക കര്‍ത്തവ്യമാണെന്നും ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും പോഷകാഹാരം ഉറപ്പാക്കുന്നതിനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്ന ഭരണഘടനയുടെ 47 ാം വകുപ്പും വിവാദ ഉത്തരവിലൂടെ ഗവര്‍ണര്‍ ലംഘിച്ചിരിക്കയാണ്. 
ഗ്രാമങ്ങളിലെ ശുചിത്വ നിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമം വിജയിക്കാത്തതിലുള്ള രോഷവും ദുഃഖവുമാണ് വിവാദ ഉത്തരവിനു പിന്നിലെന്ന് ഗവര്‍ണറുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വിശദീകരിക്കുന്നു. 
പ്രദേശിക ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ സമയപരിധി നിശ്ചയിച്ച് പുതുച്ചേരിയിലെ ഗ്രാമങ്ങളെ ശുചിത്വത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നില്ലെന്ന് ഗവര്‍ണര്‍ ആരോപിക്കുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി താന്‍ നടത്തുന്ന ശ്രമങ്ങളെല്ലാം വൃഥാവിലായെന്നും അവര്‍ പറഞ്ഞു. ഈ രീതിയില്‍ മുന്നോട്ടുപോകാന്‍ അനുവദിച്ചകൂടാ. ബന്ധപ്പെട്ട പ്രദേശങ്ങള്‍ ശുചീകരിക്കാന്‍ എല്ലാ മണ്ഡലങ്ങളിലും നാലാഴ്ച സമയം നല്‍കിയിരിക്കയാണ്. സൗജന്യ അരി ലഭിക്കാന്‍ ഇതേ മാര്‍ഗമുള്ളൂ. മേയ് 31-നാണ് നോട്ടീസ് കാലാവധി അവസാനിക്കുന്നത്- കിരണ്‍ ബേദി കൂട്ടിച്ചേര്‍ത്തു.
 

Latest News