അഹമ്മദാബാദ്- ജെറ്റ് എയര്‍വേയ്‌സിന്റെ മുംബൈ- ദല്‍ഹി വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിടാന്‍ ഇടയാക്കിയ ഭീകരാക്രമണ ഭീഷണിയുടെ ഉറവിടം കണ്ടെത്തി. ബിസിനസ് ക്ലാസില്‍ യാത്ര ചെയ്തിരുന്ന സല്ലാ ബിര്‍ജു (38) ആണ് വിമാനത്തിലെ ടോയ്‌ലെറ്റില്‍ ഭീഷണിക്കത്ത് വെച്ചതെന്ന് കണ്ടെത്തി. ചോദ്യം ചെയ്യലില്‍ ഇയാള്‍ ഇക്കാര്യം സമ്മതിച്ചു. സ്ഥിരമായി ജെറ്റ് എയര്‍വേസ് യാത്രക്കാരനാണ് ഇയാളെന്ന് സിവില്‍ വ്യോമയാന മന്ത്രി അശോക് ഗജപതി രാജു പറഞ്ഞു. ക്രിമിനല്‍ നടപടിക്കു പുറമെ, ഇയാളെ നോ ഫ്‌ളൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രി ജെറ്റ് എയര്‍വേസിനു നിര്‍ദേശം നല്‍കി. ശല്യക്കാരായ യാത്രക്കാര്‍ക്ക് രണ്ട് മാസം മുതല്‍ രണ്ട് വര്‍ഷം വരെ യാത്ര നിഷേധിക്കാമെന്ന ചട്ടം സെപ്റ്റംബറില്‍ ഏര്‍പ്പെടുത്തിയ ശേഷം ആദ്യമായി പട്ടികയില്‍ ഉള്‍പ്പെടുന്നയാളായിരിക്കും ഇത്.
ജെറ്റ് എയര്‍വേയ്‌സിലെ ജീവനക്കാരിയുമായി നേരത്തെ പ്രണയത്തിലായിരുന്ന ഇയാള്‍ ഭീഷണിക്കത്ത് എഴുതിവെച്ചതിന്റെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമായിട്ടില്ല. ജറ്റ് എയര്‍വേസുമായി ഇയാള്‍ക്കുള്ള വിദ്വേഷമായി സംഭവത്തെ വിലയിരുത്തുന്നുണ്ട്. കഴിഞ്ഞ ജൂലൈയില്‍ ഭക്ഷണത്തില്‍നിന്ന് പാറ്റയെ കിട്ടിയെന്നു പറഞ്ഞ് ഇയാള്‍ വിമാനത്തില്‍ പ്രശ്‌നമുണ്ടാക്കിയിരുന്നു. അന്ന് പാറ്റയെ ഇയാള്‍തന്നെയാണ് ഭക്ഷണത്തില്‍ കൊണ്ടുവന്നിട്ടതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഗുജറാത്തിലെ അംറേലി സ്വദേശിയായ സല്ലാ ബിര്‍ജു ഇപ്പോള്‍ മുംബൈ ആസ്ഥാനമായുള്ള ആഭരണ വ്യാപാരിയാണ്.
എയര്‍ഹോസ്റ്റസ് ഭീഷണിക്കത്ത് കണ്ടെത്തുന്നതിനു മുമ്പ് ഇയാള്‍ മാത്രമാണ് ടോയ്‌ലെറ്റില്‍ പോയിരുന്നത്. ഇതാണ് പ്രതിയെ കണ്ടെത്താന്‍ സഹായകമായത്.
മുംബൈയില്‍നിന്നു പുലര്‍ച്ചെ 2.55ന് പറന്നുയര്‍ന്ന വിമാനത്തില്‍നിന്നാണ് ഭീഷണിക്കത്ത് ലഭിച്ചത്. വിമാനം ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും ലഗേജ് റൂമില്‍ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ടെന്നുമാണ് കത്തില്‍ ഉണ്ടായിരുന്നത്.
വിമാനം നേരെ പാക്കധിനിവേശ കശ്മീരിലേക്ക് വിടണം. 12 ഹൈജാക്കര്‍മാരാണ് വിമാനത്തിലുള്ളത്. ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചാല്‍ യാത്രക്കാര്‍ കൊല്ലപ്പെടുന്നതിന്റെ ശബ്ദം നിങ്ങള്‍ക്കു കേള്‍ക്കാനാകും. ഇതൊരു തമാശയായി എടുക്കരുത്. കാര്‍ഗോ ഏരിയയില്‍ സ്‌ഫോടക വസ്തുക്കളുണ്ട്. നിങ്ങള്‍ ദല്‍ഹിയില്‍ ഇറങ്ങിയാല്‍ വിമാനം പൊട്ടിത്തെറിക്കുമെന്നും കത്തില്‍ പറഞ്ഞിരുന്നു. ഉര്‍ദുവിലും ഇംഗ്ലീഷിലുമാണ് കത്ത്.
കത്ത് ലഭിച്ചയുടന്‍ പൈലറ്റുമാര്‍ വിവരം അധികൃതരെ അറിയിച്ചതിനെ തുടര്‍ന്നാണ് വിമാനം അഹമ്മദാബാദില്‍ ഇറക്കിയത്. വിമാനത്തില്‍ വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായിരുന്നില്ല. സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദില്‍ ഇറക്കിയെന്നു മാത്രമാണ് ആദ്യം അധികൃതര്‍ അറിയിച്ചിരുന്നത്.