Sorry, you need to enable JavaScript to visit this website.

പുതിയ സാങ്കേതിക വിദ്യ; സ്‌ട്രോക്ക് ചികിത്സയിൽ വലിയ മുന്നേറ്റം

നിർമിത ബുദ്ധി (ആർടിഫിഷ്യൽ ഇന്റലിജൻസ്) സാങ്കേതികവിദ്യ യു.കെയിൽ സ്‌ട്രോക്ക് രോഗികളുടെ ചികിത്സയിൽ വലിയ നേട്ടം കൈവരിക്കാൻ സഹായിച്ചതായി പഠനം. പുതിയ സാങ്കേതിക വിദ്യയിലൂടെയുള്ള ചികിത്സയിൽ രോഗമുക്തി നേടുന്നവരുടെ എണ്ണം മൂന്നിരട്ടിയായി വർധിപ്പിച്ചതായാണ് ഗവേഷണം പറയുന്നത്. ദൈനംദിന കർമങ്ങൾ നിർവഹിക്കുന്ന രീതിയിലേക്ക് മടങ്ങാൻ ചികിത്സയിലൂടെ സാധ്യമാകുന്നു.
111,000ലധികം സ്‌ട്രോക്ക് രോഗികളിൽ നടത്തിയ ആദ്യഘട്ട വിശകലനത്തിൽ സാങ്കേതികവിദ്യയുടെ ഉപയോഗം ഉൾപ്പെടെയുള്ള പരിചരണം ഡോക്ടറെ കാണുന്നതിനും ചികിത്സിക്കുന്നതിനും ഇടയിലുള്ള സമയം 60 മിനിറ്റിലധികം കുറച്ചതായും കണ്ടെത്തി. ഇത് മെച്ചപ്പെട്ട ഫലങ്ങളിലേക്ക് നയിച്ചു.
ദൈനംദിന പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ കഴിയുന്നവരുടെ അനുപാതം 16ൽനിന്ന് 48 ശതമാനമായി വർദ്ധിച്ചതായി ബ്രൈനോമിക്‌സ് ഇ-സ്‌ട്രോക്ക് ഇമേജിംഗ് പ്ലാറ്റ്‌ഫോമിന്റെ വിശകലനം കണ്ടെത്തി.
യു.കെയിലെ മെഡ്‌ടെക് സൊല്യൂഷൻ സ്ഥാപനമായ ബ്രൈനോമിക്‌സ് വികസിപ്പിച്ചെടുത്ത ഈ സാങ്കേതികവിദ്യ സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന നാഷണൽ ഹെൽത്ത് സർവീസിലെ (എൻഎച്ച്എസ്) 11 സ്‌ട്രോക്ക് ട്രീറ്റ്‌മെന്റ് നെറ്റ്‌വർക്കുകളിൽ പക്ഷാഘാതം കണ്ടെത്തുന്നതിനും മികച്ച ചികിത്സ നിർണയിക്കുന്നതിനും ഉപയോഗിക്കുന്നു.
മസ്തിഷ്‌ക സ്‌കാനുകളുടെ വ്യാഖ്യാനത്തിൽ ഡോക്ടർമാരെ സഹായിക്കുന്നതിനു പുറമെ, ലോകമെമ്പാടുമുള്ള സ്‌പെഷ്യലിസ്റ്റുകളുമായി ചിത്രങ്ങൾ പങ്കിടാനും നിർദേശങ്ങൾ തേടാനും ഇത് അനുവദിക്കുന്നു. നിർമിത ബുദ്ധി ഉപയോഗിക്കുന്നത് കാരണം   വേഗത്തിലും കൂടുതൽ കൃത്യമായും രോഗനിർണയം നടത്താൻ കഴിയുന്നു. അതോടൊപ്പം രോഗികൾക്ക് തക്കസമയത്ത് ആവശ്യമായ ചികിത്സ ലഭിക്കുമെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു- യുകെ ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ പറഞ്ഞു.
വൈദ്യശാസ്ത്രത്തിലും ചികിത്സയിലും സമയം ഏറ്റവും നിർണായകമാണ്. ജീവൻ രക്ഷിക്കുന്ന കാര്യത്തിൽ മിനിറ്റുകൾ ലാഭിക്കാൻ നിർമിത ബുദ്ധിവഴി സാധിക്കുന്നു. ഇതിന്റെ അവിശ്വസനീയ ഉദാഹരണമാണ് ബ്രൈനോമിക്‌സ്. 
ടെക്‌നോളജിയുടെ ഫലമായി തനിക്ക് ലഭിച്ച വേഗത്തിലുള്ള രോഗനിർണയത്തിനും ചികിത്സക്കും നന്ദി പറയുകയാണ് കരോൾ വിൽസൺ എന്ന രോഗി. അതേ ദിവസം തന്നെ  ഇരുന്നുകൊണ്ട് കുടുംബത്തിന് സന്ദേശമയക്കാൻ സാധിച്ചുവെന്ന് അവർ പറഞ്ഞു.
പക്ഷാഘാതം വന്ന് രണ്ട് ദിവസത്തിന് ശേഷം നടക്കാൻ കഴിഞ്ഞുവെന്നും അവർ കൂട്ടിച്ചേർത്തു.ഓരോ വർഷവും യുകെയിൽ 85,000ത്തിലധികം ആളുകൾക്ക് പക്ഷാഘാതം സംഭവിക്കുന്നതായാണ് കണക്ക്. ജീവിതം മാറ്റിമറിക്കുന്ന പരിചരണം നൽകുന്നതിൽ വിദഗ്ധരായ സ്റ്റാഫിനെ പിന്തുണയ്ക്കാൻ നിർമിത ബുദ്ധിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് ഈ ചികിത്സയെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് ട്രാൻസ്‌ഫോർമേഷൻ ഡയറക്ടർ ഡോ. ടിമോത്തി ഫെറിസ് പറഞ്ഞു. 
സ്‌ട്രോക്ക് പോലുള്ള ലക്ഷണങ്ങളുള്ള ആളുകളുടെ പ്രാഥമിക ആശുപത്രി വിലയിരുത്തൽ സമയത്ത് ലാഭിക്കുന്ന ഓരോ മിനിറ്റും ഒരു രോഗിക്ക് നല്ല ആരോഗ്യത്തോടെ ആശുപത്രി വിടാനുള്ള സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
2010ലാണ്  ബ്രൈനോമിക്‌സ് ആരംഭിച്ചത്. അതിന്റെ ഇ സ്‌ട്രോക്ക് പ്ലാറ്റ്‌ഫോം ഇപ്പോൾ 30ലധികം രാജ്യങ്ങളിലായി 330ലധികം ആശുപത്രികളിൽ ഉപയോഗിക്കുന്നു.

Latest News