Sorry, you need to enable JavaScript to visit this website.

ലഹരി മാഫിയക്കെതിരെ ശക്തമായ കഥയുമായി 'ഇന്റര്‍വെല്‍'

കൊച്ചി- വിദ്യാര്‍ഥികളെ ഉപയോഗിച്ച് വിദ്യാലയങ്ങളില്‍ ലഹരി വില്‍പ്പന നടത്തി ഭാവി തലമുറയെ നശിപ്പിക്കുന്ന ലഹരി മാഫിയക്കെതിരെ ശക്തമായ കഥയുമായി ഇന്റര്‍വെല്‍ പ്രദര്‍ശനത്തിനെത്തുന്നു. ഗോള്‍ഡന്‍ മീഡിയ പ്രസന്റ്‌സിന്റെ ബാനറില്‍ ആരോഗ്യ വകുപ്പില്‍ നിന്നും വിരമിച്ച അന്‍സില്‍ ബാബുവാണ് സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം നിര്‍മ്മിച്ചത്. നിരവധി പരസ്യചിത്രങ്ങളിലൂടെയും സിനിമയിലൂടെയും ശ്രദ്ധേയനായ പി മുസ്തഫയാണ് ചിത്രത്തിന്റെ സംവിധായകന്‍.

നന്‍മയുടെ പര്യായമായ വിളക്കോട്ടൂരിലെ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അസംബ്ലിക്കിടയില്‍ ഒന്‍പതാം ക്ലാസുകാരിയായ അനാമിക കുഴഞ്ഞു വീഴുന്നതിലൂടെയാണ് ഇന്റര്‍വെല്‍ ആരംഭിക്കുന്നത്. കേരളത്തിലെ ഓരോ സ്‌കൂളുകളിലും പിടിമുറുക്കി കൊണ്ടിരിക്കുന്ന ലഹരി മാഫിയയുടെ ഓരോ കണ്ണികളും സ്റ്റുഡന്റ് പൊലീസ് ക്യാഡറ്റുകളിലൂടെ മുറിച്ചു മാറ്റാന്‍ കഴിയുമെന്ന സന്ദേശം കൂടി ചിത്രം സമൂഹത്തിനു മുന്നില്‍ പറഞ്ഞു വയ്ക്കുന്നു.

കുട്ടികളോടൊപ്പം രക്ഷിതാക്കളും കണ്ടിരിക്കേണ്ട ചിത്രത്തിന്റെ കഥ മോഹന്‍ ദാസ് വേങ്ങേരിയുടേതാണ്. തിരക്കഥ സംഭാഷണം ഡുഡു ഭരത്, ഷനീദ് ഭഗവതിക്കാവില്‍ എന്നിവര്‍ ചേര്‍ന്നാണ് രചിച്ചത്. വിളക്കോട്ടൂര്‍ സ്‌കൂളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത് നീന്തല്‍ താരം അബിന്‍ കെ ബാബു, ചൈതന്യ കൃഷ്ണ, ട്രിനീഷ്യ ഈഡില്‍, അനഘ അമല്‍ ജിത്തു, ജിബിന്‍ ജോണി, ഷിബു നിര്‍മ്മാല്യം, ഷര്‍ലറ്റ് മണി, അജിത നമ്പ്യാര്‍, അഡ്വ. മിനി, മോഹന്‍ദാസ് വേങ്ങേരി, നയന, മായ, രഞ്ജുഷ എന്നിവരാണ്.
 
ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ജയശ്രീ, മിനി ദിനേശ്, ക്യാമറ: ഉണ്ണി നീലഗിരി, എഡിറ്റിംഗ്: അബി, മേക്കപ്പ്: പ്രബീഷ് വേങ്ങേരി, കോസ്റ്റ്യൂംസ്: രഘുനാഥ് മനയില്‍, ആര്‍ട്ട്: മുരളി ബേപ്പൂര്‍, ഗാനരചന, സംഗീതം: അബ്ദുല്‍ നാസര്‍, ആലാപനം: ജില്‍ന ഷിബിന്‍, അബ്ദുല്‍ നാസര്‍, ബി. ജി. എം: സാജന്‍ കെ റാം, സൗണ്ട് എഫക്ട്‌സ്: റഷീദ് നാസ്, അസോസിയേറ്റ് ഡയരക്ടേഴ്‌സ്: ബിജു കൃഷ്ണ, ബിഞ്ചു ജോസഫ്, അസോസിയേറ്റ് ക്യാമറ: അഖിലേഷ് ചന്ദ്രന്‍, ഡി. ഐ: ഹരി ജി നായര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: പ്രശാന്ത് കക്കോടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പി. കെ. മോഹനന്‍, സ്റ്റില്‍സ്: സുജിത്ത് കാരാട്, ഡിസൈന്‍: ഉണ്ണി ഉഗ്രപുരം, പി. ആര്‍. ഒ: നാസര്‍.

Latest News