ശനിയാഴ്ച വിവാഹിതയാകുന്ന മേഗന്‍ മാര്‍ക്കിളിന്റെ അര്‍ദ്ധസഹോദരിയും ആശുപത്രിയിലായി. മുട്ട് പൊട്ടിയാണ് സമാന്ത ആശുപത്രിയില്‍ എത്തിയത്. ഫ്‌ളോറിഡയിലൂടെ സഞ്ചരിക്കവെ പാപ്പരാസികളെ നേരിട്ടാണ് അപകടം ഉണ്ടായതെന്നാണ് ഇവരുടെ കാമുകന്‍ വ്യക്തമാക്കുന്നത്. ഒരു ഫോട്ടോഗ്രാഫര്‍ തങ്ങളുടെ വാഹനത്തിന് മുന്നിലേക്ക് ചാടി ഫോട്ടോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ വാഹനം വെട്ടിച്ച് കോണ്‍ക്രീറ്റ് കെട്ടിലേക്ക് ഇടിച്ച് കയറിയതോടെയാണ് അപകടമെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. ഫോട്ടോഗ്രാഫര്‍മാരില്‍ നിന്നും രക്ഷപ്പെടാന്‍ താന്‍ ആരെന്ന് വെളിപ്പെടുത്താതെയാണ് ആശുപത്രിയില്‍ എത്തിയതെന്നാണ് സമാന്ത പറയുന്നത്.
അതിനിടെ, പിതാവ് തോമസ് മാര്‍ക്കിളിന്റെ ഹൃദയശസ്ത്രക്രിയ പൂര്‍ത്തിയായി. സര്‍ജറി പൂര്‍ത്തിയായെന്നും താന്‍ തിരിച്ചുവരവിന്റെ പാതയിലാണെന്നും 73കാരനായ മാര്‍ക്കിള്‍ വ്യക്തമാക്കി. കാര്യങ്ങള്‍ ശരിയാകാന്‍ കുറച്ച് കാലമെടുക്കും, ഏതാനും ദിവസം കൂടി ആശുപത്രിയില്‍ കഴിയും. കൂടുതല്‍ സന്തോഷിക്കാന്‍ കഴിയാത്ത അവസ്ഥയാണ്‌മെഗാന്റെ പിതാവ് പറയുന്നു. സര്‍ജറി നടക്കുന്നതിനാല്‍ രാജകീയ വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് മേഗന്റെ പിതാവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മകളുടെ വിവാഹദിനത്തിലും തോമസ് മാര്‍ക്കിള്‍ ആശുപത്രിയിലായിരിക്കും. തോമസ് മാര്‍ക്കിളിന്റെ രക്തധമനികളില്‍ മൂന്ന് സ്‌റ്റെന്‍ഡുകള്‍ ഇട്ടതായാണ് വിവരം. എന്തായാലും ലണ്ടനില്‍ വിവാഹയാത്രയുടെ റിഹേഴ്‌സല്‍ നടക്കുകയാണ്. നാളെ ഉച്ചയ്ക്ക് 12 മണിയ്ക്ക് വിന്‍ഡ്‌സര്‍ കാസിലിലെ സെന്റ് ജോര്‍ജ്ജ് ചാപ്പലിലാണ് വിവാഹ ചടങ്ങ്. 12 മണിക്ക് ആരംഭിക്കുന്ന സര്‍വ്വീസ് 1 മണിക്ക് അവസാനിക്കുമെന്ന് കെന്‍സിംഗ്ടണ്‍ കൊട്ടാരം വ്യക്തമാക്കി. വിവാഹ ചടങ്ങിന് ശേഷം നവദമ്പതികള്‍ വിന്‍ഡ്‌സറില്‍ കുതിരവണ്ടിയില്‍ നഗര പ്രദക്ഷിണം നടത്തും.