ബംഗളുരു-വിവാഹ മോചന കേസില്‍ ഭാര്യയുടെ കാമുകനെന്ന് ആരോപിക്കപ്പെടുന്നയാളുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ കൈമാറുന്നത് സ്വകാര്യതാ ലംഘനമാണെന്ന് കര്‍ണാടക ഹൈക്കോടതി. ഭാര്യയുടെ വിവാഹേതര ബന്ധം തെളിയിക്കുന്നതിന് കാമുകന്റെ ഫോണ്‍ വിവരങ്ങള്‍ നല്‍കണമെന്ന കുടുംബ കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
വിവാഹ മോചന കേസില്‍ മൂന്നാമതൊരാളുടെ കോള്‍ വിശദാംശങ്ങളും മൊബൈല്‍ ലൊക്കേഷന്‍ വിവരങ്ങളും സമര്‍പ്പിക്കാന്‍ മൊബൈല്‍ സേവന ദാതാവിന് കുടുംബ കോടതി നല്‍കിയ നിര്‍ദ്ദേശമാണ് ഹൈക്കോടതി റദ്ദാക്കിയത്. വൈവാഹിക തര്‍ക്കത്തില്‍ കാമുകനെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയുടെ മൊബൈല്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നത് സ്വകാര്യതാ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. ഭാര്യയുടെ കാമുകന്‍ എന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയുടെ ഹരജിയിലാണ് കോടതി ഉത്തരവ്.
കേസില്‍ നേരിട്ട് ബന്ധമില്ലാത്ത വ്യക്തിയെ വിവാഹേതര ബന്ധം ആരോപിക്കപ്പെടുന്നതു കൊണ്ടു മാത്രം കേസിന്റെ ഭാഗമാക്കാന്‍ സാധിക്കില്ല. സ്വന്തം സ്വകാര്യതയും കുടുംബത്തിന്റെയും വിവാഹ ബന്ധത്തിന്റെയും മറ്റു ബന്ധങ്ങളുടെയും സ്വകാര്യത സംരക്ഷിക്കാന്‍ ഒരാള്‍ക്ക് അവകാശമുണ്ട്. സിവില്‍ കേസുമായി ബന്ധമില്ലാത്ത ഒരു വ്യക്തിയുടെ മൊബൈല്‍ വിവരങ്ങള്‍ കൈമാറുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
39 കാരനായ ഭര്‍ത്താവിന്റെ ക്രൂരമായ പെരുമാറ്റത്തിന്റെ പേരില്‍ 37 കാരി 2018ല്‍ സമ!ര്‍പ്പിച്ച വിവാഹ മോചന കേസിലാണ് കാമുകന്റെ ഫോണ്‍ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് ബംഗളുരുവിലെ കുടുംബ കോടതി മൊബൈല്‍ സേവന ദാതാവിനോട് നിര്‍ദ്ദേശിച്ചത്. ഭാര്യക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടെന്നും അത് തെളിയിക്കുന്നതിനായി ഫോണ്‍ വിവരങ്ങള്‍ നല്‍കണമെന്നുമായിരുന്നു ഭര്‍ത്താവിന്റെ ആവശ്യം.
2019 ഫെബ്രുവരി 28നാണ് ഭാര്യയുടെ കാമുകന്റെ ഫോണ്‍ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കുടുംബ കോടതി നി!ര്‍ദ്ദേശിച്ചത്. ഇതിനു പിന്നാലെ കാമുകനെന്ന് ആരോപിക്കപ്പെടുന്നയാള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.