ഫിഫ ലോകകപ്പ് പരിസമാപ്തിയിലേക്ക് നീങ്ങുമ്പോള്‍ ശകുനത്തില്‍ വിശ്വസിക്കുന്നവര്‍ താരമാക്കി മാറ്റിയ ഒമാനി ഹാസ്യതാരം മജോംബയെന്ന മുഹമ്മദ് അല്‍ഹര്‍ബിയുടെ ചിരി ബാക്കിയാണ്. ജഴ്‌സിയണഞ്ഞും പതാകയേന്തിയും ടീമുകളെ തോല്‍പിച്ചുവെന്നാണ് ഒരു കൂട്ടമാളുകള്‍ സോഷ്യല്‍മീഡിയയില്‍ ഇയാള്‍ക്ക് നല്‍കിയ അമാനുഷികത.
എന്നാല്‍ ലോകകപ്പ് സെമിഫൈനലിനു മുമ്പ് ഇയാള്‍ അര്‍ജന്റീനയുടെ ജഴ്‌സിയും മത്സരത്തിനുശേഷം ക്രൊയേഷ്യയുടെ ജഴ്‌സിയും അണിഞ്ഞുനില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. ചിലരെങ്കിലും ഇതേ തുടര്‍ന്ന് സംശയത്തിലായി. രണ്ട് ടീമുകളുടേയും ജഴ്‌സികള്‍ ധരിച്ച് ഫോട്ടോയെടുത്ത ശേഷം നാടകം കളിക്കുകയാണോ എന്നാണ് അവരുടെ ചോദ്യം. എന്തായാലും തമാശ സീരിയലുകളില്‍ അഭിനയിക്കുന്ന മജോംബയുടെ പൊട്ടിച്ചിരി ഉയര്‍ന്നുകേള്‍ക്കാനുണ്ട്.
മുങ്ങാനിരുന്ന കപ്പലിന്റെ എന്‍ജിന്‍ ശരിയാക്കാന്‍ പാതിരാത്രി ഒരു വടിയുമായി എത്തിയ മടവൂര്‍ ഔലിയയുടെ കഥകള്‍ക്കും വലിയ പ്രചാരമാണ് കിട്ടുന്നത്. ഇത്തരത്തില്‍ കെട്ടുകഥകളും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കുന്നവരെ ഒരു കപ്പലിലാക്കി മുക്കണമെന്നും അപ്പോള്‍ സി.എം വടിയുമായി എത്തുമോ എന്നു കാണാമല്ലോയെന്നും മറുചോദ്യം.
ദൈവത്തേയും മതത്തേയും പ്രവാചകനേയും പരിഹസിച്ചുകൊണ്ട് സംവാദത്തില്‍ പങ്കെടുത്ത യുക്തിവാദിയെ സംയമനത്തോടെ നേരിട്ട ശഐബ് ഹൈതമി ഉസ്താദ് സോഷ്യല്‍ മീഡിയയില്‍ താരമായി. മതത്തെ കുറിച്ച് അന്ധവിശ്വാസ, കെട്ടുകഥകളുമായി രംഗത്തിറങ്ങുന്ന പണ്ഡിതന്മാരും അനുയായികളും ഇദ്ദേഹത്തെ മാതൃകയാക്കണമെന്ന് ഉപദേശം. തിരൂരിലായിരുന്നു മതം വേണോ മനുഷ്യന് എന്ന സംവാദം.
മതത്തിനെതിരെ അപവാദങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്ന യുക്തിവാദി നേതാവ് ആരിഫ് ഹുസൈന് ലഭിച്ച കൈയടികള്‍ക്കിടയില്‍ അവരെ പരലോക വിശ്വാസത്തിലേക്ക് ക്ഷണിച്ച ഹൈതമി ഉസ്താദ് വലിയ കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്.
പാര്‍ലമെന്റിലെ ഫോട്ടോകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സമീപത്തുതന്നെ എപ്പോഴും മന്ത്രി വി.മുരളീധരനെ കാണുന്നതില്‍ സംഘ്പരിവര്‍ ബുദ്ധജീവി ടി.ജി. മോഹന്‍ദാസിന്റെ അസൂയ ട്രോളുകള്‍ക്ക് വിഷയമായി. മോഡിയുടെ പിറകിലല്ല, ഒപ്പം തന്നെയാണെന്നാണ് മന്ത്രി അസൂയക്കാരന് നല്‍കിയ മറുപടി. ആര്‍.എസ്.എസ് അടവുകള്‍ പഠിച്ച താന്‍ മോഡിയുടെ അംഗരക്ഷകനാണെന്നും വേണമെങ്കില്‍ മുരളീധരനു പറയാം.
മെസ്സിയോട് സംസാരിക്കാന്‍ സ്പാനിഷ് പഠിച്ചുവെന്നു പറയുന്ന മലയാളി വിദ്യാര്‍ഥിനി ജുഷ്‌ന വിദ്യാര്‍ഥികള്‍ക്ക് വലിയ മോട്ടിവേഷനായി. ഖത്തറില്‍ ലോകകപ്പിനിടെ അര്‍ജന്റീന ടിവിക്കു നല്‍കിയ അഭിമുഖത്തില്‍ മലയാളികളുടെ മെസ്സി ഭ്രമം സ്പാനിഷ് ഭാഷയില്‍ വിശദീകരിച്ചുകൊണ്ടാണ് മാധ്യമ പ്രവര്‍ത്തകന്‍ സി.കെ.എ.ജബ്ബാറിന്റെ മകളും സ്‌പോര്‍ട്‌സ് ജേണലിസം പി.ജി വിദ്യാര്‍ഥിനിയുമായ ജുഷ്‌ന താരമായത്.
കണ്ണൂരില്‍ മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയുടെ മരണവും അത് കാമ്പസിനും നാടിനുമുണ്ടാക്കിയ നൊമ്പരത്തിനുമപ്പുറം മരിച്ച മിഫ്‌സലുറഹ്മാന്റെ പിതാവ് ഫസലുറഹ്്മാന്‍ കാണിച്ച സംയമനവും ആശ്വസിപ്പിക്കാനെത്തിയവരോടും അനുശോചന യോഗത്തിലും അദ്ദേഹം നടത്തിയ സംസാരവും സോഷ്യല്‍ മീഡിയ ഏറ്റുപിടിച്ചു.
കഴിവില്ലാത്തവരെന്ന് ആക്ഷേപിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയടക്കമുള്ളവരെ പപ്പുവെന്ന് വിളിക്കാറുള്ള ബി.ജെ.പി മന്ത്രിമാരോട് ഇപ്പോള്‍ ആരാണ് പപ്പുവെന്ന് ചോദിച്ചുകൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര ലോക്‌സഭയില്‍ നടത്തിയ പ്രസംഗം വൈറലായി. രാജ്യത്തിന്റെ സമ്പദ്ഘടന നേരിടുന്ന പരിതാപകരമായ അവസ്ഥയും ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് വിദേശ രാജ്യങ്ങളില്‍ ബിസിനസ് അവസരങ്ങള്‍ തേടുന്നവരുടെ വര്‍ധനയുമാണ് അവര്‍ ചൂണ്ടിക്കാണിച്ചത്.