ജിദ്ദ- ആര്‍പ്പുവിളികള്‍ക്കിടയില്‍ റെഡ് സീ മാളിലെ തിയേറ്ററില്‍ പ്രവേശിച്ച ജാക്കി ചാന്‍ സദസ്സിനെ അക്ഷരാര്‍ഥത്തില്‍ കൈയിലെടുത്തു. റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായുള്ള അഭിമുഖത്തിലാണ് സംസാരത്തിനൊപ്പം അംഗചലനങ്ങളിലും വേറിട്ട വിരുന്നൊരുക്കി ആരാധാകരെ ആവേശം കൊള്ളിച്ചത്. ജാക്കി ചാന്‍ സിനിമകളെ ഇഷ്ടപ്പെടുന്നവര്‍ നേരത്തെ തന്നെ ഹാളില്‍ ഇടം പിടിച്ചിരുന്നു. ലവ് യു ജാക്കി വിളികളോടെ അവര്‍ അദ്ദേഹത്തെ സ്വീകരിച്ചു.
സിനിമക്കു പുറത്ത് വേറെ എന്തൊക്കെയാണ് ഇഷ് ടങ്ങളെന്ന മോഡറേറ്റര്‍ റായ അബീ റാഷിദിന്റെ ചോദ്യത്തിനു പലതുമെന്ന് മറുപടി നല്‍കിയപ്പോള്‍ ജാക്കി ചാന്‍ പാടുമെന്നായിരുന്നു സദസ്സില്‍നിന്നുയര്‍ന്ന മറുപടി. ഉടന്‍ തന്നെ അദ്ദേഹം ഏതാനും വരികള്‍ മനോഹരമായി പാടി. അഭിനയ ജീവിതം ആരംഭിച്ചതു മുതല്‍ അര നൂറ്റാണ്ടിലേറെ പിന്നിട്ടിരിക്കെ ഹോളുവുഡിലടക്കമുണ്ടായ രസകരമായ അനുഭവങ്ങള്‍ അദ്ദേഹം പങ്കുവെച്ചപ്പോള്‍ സദസ്സിന് അതു നന്നേ ബോധിച്ചു.
സദസ്സ് ഇടക്കിടെ ഇഷ്ടം പ്രകടിപ്പിച്ചപ്പോള്‍ ശുക്രന്‍ പറഞ്ഞും ഹായ് പറഞ്ഞും ജാക്കി ചാനും അത് ആസ്വദിച്ചു.