ദോഹ- ഖത്തറില്‍ ലോകകപ്പിനെത്തിയ വിദേശികളുടെ പ്രധാന സന്ദര്‍ശന കേന്ദ്രമായി പള്ളികള്‍ മാറുന്നു. ഇസ്ലാമിനെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കാന്‍ പള്ളികളിലെ സന്ദര്‍ശനം സഹായകമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍.ഫുട്‌ബോള്‍ ലോകകപ്പ് അരങ്ങേറുന്ന ആദ്യത്തെ മുസ്ലിം രാഷ്ട്രമായ ഖത്തറില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ധാരാളം പള്ളികളുണ്ട്.
ബാങ്ക് വിളി കേട്ടാണ് കനേഡിയന്‍ ദമ്പതികളായ ഡോറിനലും ക്ലാര പോപ്പയും ദോഹയിലെ കത്താറ കള്‍ച്ചറല്‍ ഡിസ്ട്രിക്റ്റിലെ ഒട്ടോമന്‍ മാതൃകയിലുള്ള പള്ളിയിലെത്തിയത്.
ചുവരുകളില്‍ നീല, പര്‍പ്പിള്‍ ടൈലുകളുടെ മൊസൈക്കുള്ള ഈ പള്ളി ദോഹയിലെ നീല മസ്ജിദ് എന്നാണറിയപ്പെടുന്നത്. ഒരു ഗൈഡിന്റെ സഹായത്തോടെ പള്ളിയുടെ അകം ചുറ്റിക്കണ്ട ദമ്പതികള്‍ ആദ്യമായാണ് ഇസ്‌ലാമിനെ പരിചയപ്പെടുന്നത്. മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്താത്തതിനാല്‍ ഇസ്ലാമിനെ കുറിച്ചും മുസ്ലിംകളെ കുറിച്ചും മുന്‍വിധികളുണ്ടെന്ന് 54 കാരനും അക്കൗണ്ടന്റുമായ ഡോറിനല്‍ പോപ്പ പറഞ്ഞു. ഇനി അവയില്‍ ചിലത് മാറിയേക്കാമെന്ന് 52 കാരിയായ അദ്ദേഹത്തിന്റെ ഭാര്യ കൂട്ടിച്ചേര്‍ത്തു.
ബ്ലൂ മോസ്‌കിന്റെ മേല്‍നോട്ടം വഹിക്കുന്ന ഖത്തര്‍ ഗസ്റ്റ് സെന്റര്‍ ലോകമെമ്പാടുമുള്ള ഡസന്‍ കണക്കിന് മുസ്‌ലിം മതപ്രഭാഷകരെ ടൂര്‍ണമെന്റ് വേളയില്‍ ഖത്തറിലെത്തിച്ചിരുന്നു.
പള്ളിക്ക് പുറത്ത് ഈത്തപ്പഴത്തിനും ഖഹ് വക്കും പുറമെ ഇസ്‌ലാമിനെയും പ്രവാചകനെയും വിശദീകരിക്കുന്ന വിവിധ ഭാഷകളിലുള്ള ലഘുലേഖകളുണ്ട്.
പാശ്ചാത്യ രാജ്യങ്ങളില്‍ പലരും തീവ്രവാദവുമായി ബന്ധപ്പെടുത്തുന്ന മതത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റാനുമുള്ള അവസരമാണ് ലോകകപ്പെന്ന് സിറിയന്‍ സന്നദ്ധപ്രവര്‍ത്തകന്‍ സിയാദ് ഫത്തേഹ് പറഞ്ഞു.
ധാര്‍മ്മികത, കുടുംബബന്ധത്തിന്റെ പ്രാധാന്യം, അയല്‍ക്കാരോടും അമുസ്‌ലിംകളോടുമുള്ള ബഹുമാനം എന്നിവയെക്കുറിച്ചാണ് ആളുകളോട് വിശദീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പള്ളിക്ക് സമീപം സ്ത്രീകള്‍ക്കായുള്ള ഡെസ്‌കില്‍ ഖത്തറിനെ കുറിച്ച് എന്നോട് ചോദിക്കൂ എന്ന ബോര്‍ഡാണ് സ്ഥാപിച്ചിരിക്കുന്നത്.
പര്‍ദ, ബഹുഭാര്യത്വം, ഇസ്‌ലാമില്‍ സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെടുന്നുണ്ടോ എന്നിവയെക്കുറിച്ചാണ് സ്ത്രീകള്‍ കൂടുതലായും ചോദിക്കുന്നതെന്ന്
ഫലസ്തീന്‍ സന്നദ്ധപ്രവര്‍ത്തകയയാ സുമയ്യ പറഞ്ഞു.
സന്ദര്‍ശകര്‍ക്ക് ഇസ്ലാമിന്റെ അഞ്ച് മിനിറ്റ് വെര്‍ച്വല്‍ റിയാലിറ്റി ടൂര്‍ കാണാനും സൗകര്യമുണ്ട്.