Sorry, you need to enable JavaScript to visit this website.

പുരുഷന്മാര്‍ ബാക്കിയില്ലേ; തെരഞ്ഞെടുപ്പില്‍ മുസ്ലിം സ്ത്രീകളെ മത്സരിപ്പിക്കരുത്

അഹമ്മദാബാദ്- തെരഞ്ഞുടുപ്പില്‍ മുസ്ലിം സ്ത്രീകളെ സ്ഥാനാര്‍ത്ഥികളാക്കുന്നത് ഇസ്ലാമിനെതിരാണെന്നും മതത്തെ ദുര്‍ബലപ്പെടുത്തുകയാണെന്നും അഹമ്മദാബാദ് ജുമാ മസ്ജിദിലെ മുഖ്യ  ഇമാം ശബീര്‍ അഹമ്മദ് സിദ്ദിഖി. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിന് ഒരു ദിവസം മുമ്പാണ്  അഭിപ്രായ പ്രകടനം.
ഇസ്ലാമിനെ പറ്റി പറഞ്ഞാല്‍ ഈ മതത്തില്‍ നിസ്‌കാരത്തേക്കാള്‍ പ്രാധാന്യമുള്ള മൊറ്റൊന്നുമില്ല. ഇവിടെ ഏതെങ്കിലും സ്ത്രീകള്‍ നിസ്‌കാരത്തിനു വരുന്നത് കണ്ടിട്ടുണ്ടോ. ഇസ്ലാമിലെ സ്ത്രീകള്‍ എല്ലാവരുടെയും മുന്നില്‍ വരുന്നത് ശരിയാണെങ്കില്‍ അവരെ നിസ്‌കാരത്തിനു വരുന്നതില്‍നിന്നും തടയില്ലായിരുന്നുവെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
ഇസ്ലാമില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സ്ഥാനമുള്ളതിനാലാണ് അവരെ നിസ്‌കരിക്കാന്‍ പള്ളികളില്‍ വരേണ്ടതില്ലെന്ന് പറയുന്നത്.  ഇതേ കാരണത്താലാണ് മുസ്ലിം സ്ത്രീകള്‍ക്ക് തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കുന്നവരും ഇസ്ലാമിനെതിരാണെന്ന് പറയുന്നത്- അദ്ദേഹം പറഞ്ഞു.  

പുരുഷന്മാരില്ലാത്തതു കൊണ്ടാണോ സ്ത്രീകളെ തെരഞ്ഞുടപ്പില്‍ കൊണ്ടു വരുന്നത്. നിങ്ങളുടെ സ്ത്രീകളെ നിങ്ങള്‍ എംഎല്‍എമാരും കൗണ്‍സിലര്‍മാരും ആക്കിയാല്‍ ഹിജാബിനെ പ്രതിരോധിക്കാന്‍ കഴിയില്ല- കര്‍ണാടകയിലെ വിവാദത്തെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും വീടുവീടാന്തരം കയറി കാണണം. അതിനാല്‍, ഞാന്‍ അതിനെ ശക്തമായി എതിര്‍ക്കുന്നു. പുരുഷന്മാര്‍ക്ക് തന്നെ തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കാന്‍ കഴിയും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

.

 

Latest News